ജമാഅത്തെ ഇസ്‍ലാമി ആസ്ഥാനത്ത് പിണറായിയും കോടിയേരിയും എത്ര തവണ പോയെന്ന് കൃത്യമായി എനിക്കറിയാം -പി.എം.എ. സലാം; ‘ഐ.എൻ.എല്ലിൽ ആയിരുന്നപ്പോൾ ഞാനും കൂടെ പോയിട്ടുണ്ട്’
text_fieldsമലപ്പുറം: ജമാഅത്തെ ഇസ്‍ലാമിയുടെ ആസ്ഥാനമന്ദിരമായ കോഴിക്കോട്ടെ ഹിറ സെന്ററിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എത്ര തവണ പോയിട്ടുണ്ടെന്ന് കൃത്യമായി തനിക്കറിയാമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ഐ.എൻ.എല്ലിന്റെ ഭാഗമായിരുന്ന കാലത്ത് ചില സന്ദർഭങ്ങളിൽ താനും കൂടെ പോയിട്ടുണ്ട്. അതുകൊണ്ടാണ് കൃത്യമായി പറയുന്നത്. എൽ.ഡി.എഫിന് ഏത് തീയതി മുതലാണ് വെൽഫെയർ പാർട്ടി ഫാഷിസ്റ്റ് പാർട്ടിയായതെന്നും പി.എം.എ. സലാം ചോദിച്ചു.
വെൽഫെയർ പാർട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ കാലമായി ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഫാഷിസ്റ്റ് ഭരണകൂടത്തെ എതിർക്കാൻ ഇൻഡ്യ മുന്നണിയോടൊപ്പം നിൽക്കുന്ന പാർട്ടിയാണ് അത്. 30 കൊല്ലം അവർ എൽ.ഡി.എഫിന് നിരുപാധിക പിന്തുണ കൊടുത്തിരുന്നു. താനടക്കം എൽ.ഡി.എഫിന്റെ സ്ഥാനാർഥിയായിരിക്കുമ്പോൾ അവർ എൽ.ഡി.എഫിനൊപ്പമായിരുന്നു. യു.ഡി.എഫിന് ഒപ്പം നിൽക്കണമെന്ന് വെൽഫെയർ പാർട്ടി തീരുമാനിച്ചു, അവർ സഹായം ചെയ്യാമെന്ന് പറഞ്ഞു. ചില മേഖലകളിൽ അവർക്ക് സഹായം ചെയ്യാൻ തങ്ങൾക്കും മടിയില്ല.
പ്രാദേശികമായ നീക്കുപോക്കുകളും ധാരണകളും കഴിഞ്ഞ കാലങ്ങളിലെന്നപോലെ ഇത്തവണയും അവരുമായി ഉണ്ടാകും. സി.പി.എം ഇപ്പോൾ പലയിടത്തും എസ്.ഡി.പി.ഐയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. പലയിടങ്ങളിലും അവരുമായി ചർച്ച നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതിന് വ്യക്തമായ തെളിവ് തങ്ങൾക്ക് കിട്ടിയിട്ടുണ്ട്. എസ്.ഡി.പി.ഐയുമായി മുസ്‌ലിം ലീഗിനോ യു.ഡി.എഫിനോ ഒരു ബന്ധവും ഉണ്ടാവില്ലെന്നും പി.എം.എ. സലാം സ്വകാര്യ ചാനലിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

