‘ഇവർ കാട്ടിക്കൂട്ടിയ പലതും എന്‍റെ കൈയിലുണ്ട്, വ്യക്തിഹത്യ തുടർന്നാൽ അത് പുറത്ത് വിടും’; ഭീഷണിയുമായി പി.വി. അൻവർ
text_fieldsനിലമ്പൂർ: ഭരണ പ്രതിപക്ഷ നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി പി.വി. അൻവർ. തനിക്കെതിരെ വ്യക്തിഹത്യ തുടർന്നാൽ നേതാക്കൾ കാട്ടി കൂട്ടിയ പലതിന്‍റേയും തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടി.വി വെച്ച് കാണിക്കുമെന്നും അൻവർ മുന്നറിയിപ്പ് നൽകി.
‘ഇങ്ങനെ പോയാൽ എനിക്ക് പ്രതിരോധിക്കേണ്ടിവരും. തെളിവടിസ്ഥാനത്തിലാകും അവർക്കെതിരെയുള്ള കാര്യങ്ങൾ പുറത്തുവിടുക. ഇവർക്കൊന്നും പിടിച്ചുനിൽക്കാനാകില്ല. ഈ പറയുന്ന വി.ഡി. സതീശനായാലും ഇതിന്‍റെ പിന്നിൽ പ്രവർത്തിക്കുന്ന മുഹമ്മദ് റിയാസായാലും ആര്യാടൻ ഷൗക്കത്തായാലും തലയിൽ മുണ്ടിട്ട് നിലമ്പൂരിൽനിന്ന് ഓടിയൊളിക്കേണ്ട ഗതികേടിലേക്ക് പോകും. ഒരു മുന്നറിയിപ്പായാണ് ഇത് പറയുന്നത്. വ്യക്തിഹത്യ നടത്തുന്നത് മുഹമ്മദ് റിയാസിന്‍റെയും ആര്യാടൻ ഷൗക്കത്തിന്‍റെയും നേതൃത്വത്തിലാണ്. ഒരു പരിധി കഴിഞ്ഞാൽ എനിക്കതിനെ പ്രതിരോധിക്കേണ്ടി വരും’ -അൻവർ പറഞ്ഞു.
നവകേരള സദസ്സിന്‍റെ പേരിൽ കോൺട്രാക്‌ടർമാരിൽനിന്ന് റിയാസ് ബലമായി പൈസ പിരിച്ചതിന്റെ തെളിവുകൾ കൈവശം ഉണ്ട്. താൻ വ്യക്തിഹത്യ നടത്താനല്ല തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഈ രീതിയിലാണ് പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ ആ രീതിയിൽ തന്നെ തിരിച്ചടിക്കുമെന്നും അൻവർ മുന്നറിയിപ്പ് നൽകി.
അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനറായ പി.വി. അന്‍വര്‍ മത്സരിക്കുക ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’യുടെ ബാനറിൽ. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം.
മൂന്നാം മുന്നണി രൂപവത്കരണത്തിന്‍റെ ഭാഗമായാണ് നീക്കം. ആം ആദ്മി പാർട്ടി മുന്നണിയെ പിന്തുണച്ചേക്കും.
തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെയുള്ള വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് മുന്നണി രൂപവത്കരണം. നിരവധി ചെറിയ സംഘടനകള്‍ കൂടി മുന്നണിയുടെ ഭാഗമായേക്കും.
തൃണമൂൽ കോൺഗ്രസ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ പാർട്ടി ചിഹ്നത്തിന്‍റെ കാര്യത്തിൽ ചില പ്രശ്നങ്ങളുണ്ടെന്ന് അൻവർ പറഞ്ഞു. പാർട്ടി ചിഹ്നം ആവശ്യപ്പെടും, ലഭിച്ചില്ലെങ്കിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും. നിരവധി ചെറിയ സംഘടനകൾ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അൻവർ പറഞ്ഞു.
നേരത്തെ, താൻ ചതിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് ഇടയാക്കിയത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടി നൽകുമെന്ന് അൻവർ പറഞ്ഞിരുന്നു.
വഞ്ചകൻ എന്ന വിളിക്ക് കൃത്യമായ മറുപടി നൽകും. നിലമ്പൂരിലേത് ശക്തമായ മത്സരമാണെന്നും ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നും അൻവർ പറഞ്ഞു. അൻവറിന്റെ കരുത്ത് ജനങ്ങളാണ്. ഇരു മുന്നണികളെയും പരാജയപ്പെടുത്തും. ഭൂരിപക്ഷം പ്രവചിക്കാൻ ഇല്ല. തന്റെ മത്സരം ആരെയാണ് ബാധിക്കുക എന്ന് പറയാനാകില്ല. മത്സരം ജനങ്ങൾക്ക് ഗുണം ചെയ്യും. പിണറായിയും വി.ഡി സതീശനും, ഒരുഭാഗത്തും ജനങ്ങൾ ഒരു ഭാഗത്തും നിൽക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇരുമുന്നണിയിലെയും വോട്ടർമാർ തനിക്ക് ഒപ്പം നിൽക്കുമെന്നും പി.വി അൻവർ പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. അൻവറിനു പുറമെ, എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജ്, ബി.ജെ.പി സ്ഥാനാർഥി മോഹൻജോർജ് എന്നിവർ പത്രിക സമർപ്പിക്കും. യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

