എനിക്ക് നാട്ടിൽ ബിസിനസുണ്ട്, ദുബൈയിൽ ജോലിയുമുണ്ട്; എല്ലാം നിയമവിധേയം -പി.കെ. ഫിറോസ്
text_fieldsകോഴിക്കോട്: തനിക്ക് ദുബൈയിൽ ജോലിയുണ്ടെന്നും നാട്ടിൽ കൊപ്പത്തും കോഴിക്കോടുമുള്ള ബിസിനസിൽ പങ്കാളിയാണെന്നും ഇതല്ലാതെ വേറെയും ബിസിനസുണ്ടെന്നും എല്ലാം നിയമവിധേയമായാണ് നടത്തുന്നതെന്നും യൂത്ത്ലീഗ് ജന. സെക്രട്ടറി പി.കെ. ഫിറോസ്. തന്‍റെ ബിസിനസിൽ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങളുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്നും കെ.ടി. ജലീലിന്‍റെ ആരോപണങ്ങൾക്ക് മറുപടിയായി ഫിറോസ് പറഞ്ഞു.
ദുബൈയിലെ കമ്പനിയിൽ സെയിൽസ് മാനേജറായി ജോലിചെയ്യുന്നുണ്ട്. അവിടുത്തെ ഡ്രൈവിങ് ലൈസൻസുമുണ്ട്. ബിസിനസ് ആവശ്യാർഥം യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിസയുമുണ്ട്. നിയമവിധേയമായി ബിസിനസ് ചെയ്യുന്നതിന് പാർട്ടിയുടെ അനുമതി വാങ്ങേണ്ട കാര്യമില്ല. താൻ മന്ത്രിയായിരിക്കെ നടത്തിയ അഴിമതിയുടെ വിവരങ്ങൾ പുറത്തുവരുന്നതിലെ വെപ്രാളമാണ് കെ.ടി. ജലീൽ കാണിക്കുന്നതെന്നും ഫിറോസ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
നാട്ടിൽ മുഴുസയമ രാഷ്ട്രീയ പ്രവർത്തകൻ എങ്ങനെയാണ് ദുബൈയിൽ ജോലി ചെയ്യുകയെന്ന ചോദ്യത്തിന് അതൊക്കെ സാധ്യമാണെന്ന് ഫിറോസ് മറുപടി നൽകി. കെ.ടി. ജലീൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ മലയാള സർവകലാശാല ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയിൽ അദ്ദേഹം നേരിട്ട് പങ്കാളിയായിട്ടുണ്ട്. വയനാട്ടിൽ ദുരിതബാധിതർക്ക് മുസ്ലിം ലീഗ് പണിയുന്ന വീടുകളുടെ ഭൂമിയുമായി ബന്ധപ്പെട്ട് കെ.ടി. ജലീൽ അനാവശ്യ വിവാദമുയർത്തിയപ്പോഴാണ് താൻ ഭൂമി ഇടപാടിലെ അഴിമിതിയിൽ ജലീലിന്‍റെ പങ്ക് അന്വേഷിക്കാനിറങ്ങിയത്. ഇതറിഞ്ഞപ്പോഴുള്ള വെപ്രാളമാണ് ജലീലിനുള്ളത്. അഴിമതി സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ ഉടനെ പുറത്തുവിടുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
തെളിവുകൾ സഹിതം ഇത് പുറത്തുവിട്ടാൽ ജലീലിന് തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരും. വിഷയം വഴിതിരിച്ചു വിടാമെന്ന് കരുതേണ്ടതെന്നും ഫിറോസ് പറഞ്ഞു. ദുബൈയിലെ തന്‍റെ ബിസിനസ് സംരംഭം റിവേഴ്സ് ഹവാലക്കായാണെന്ന ആരോപണത്തിനെതിരെ ജലീലിനെതിരെ നിയമ നടപടി ആലോചിക്കുന്നുണ്ട്. കൊപ്പത്ത് തന്‍റെ പങ്കാളിത്തത്തോടെ നടത്തുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അവിടുത്തെ സി.പി.എം നേതക്കളെയടക്കം താൻ തന്നെയാണ് ക്ഷണിച്ചത്. ഇതിലൊന്നും രഹസ്യ ഇടപാടുകളില്ല. യൂത്ത് ലീഗിന്‍റെ അക്കൗണ്ട് ജന. സെക്രട്ടറിയുടെ പേരിൽ മാത്രമല്ലെന്നും ജോയിന്‍റ് അക്കൗണ്ടാണെന്നും അറിയാത്തയാളല്ല മുമ്പ് ജന. സെക്രട്ടറിയായിരുന്ന കെ.ടി. ജലീൽ. ജലീലിന് സ്വാധീനമുള്ള പാർട്ടി ഭരിക്കുമ്പോൾ ഒരു പരാതി കൊടുത്താൽ ഇതെല്ലാം അന്വേഷിക്കാവുന്നതല്ലേയുള്ളൂ. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും ഫിറോസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

