'സോദരത്വേന നിന്നിട്ട് ഒന്നും കിട്ടിയില്ല'; വർഗീയവാദിയാക്കിയാലും നിലപാടിൽ മാറ്റമില്ല -വെള്ളാപ്പള്ളി
text_fieldsതൃശൂർ: വർഗീയവാദിയാക്കിയാലും തന്റെ നിലപാടിൽ നിന്ന് പിന്മാറില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സോദരത്വേന നിന്നിട്ട് ഒന്നും കിട്ടിയില്ലെന്നും ആരും സോദര എന്ന് വിളിച്ച് വന്നിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മറ്റ് സോദരർ ഒരുമിച്ച് സംഘടിക്കുകയും ശക്തരാവുകയും ചെയ്തു. അവർ വോട്ട് ബാങ്കാകുകയും രാഷ്ട്രീയ അധികാരങ്ങൾ വെട്ടിപിടിക്കുകയും ചെയ്തു. സാമൂഹികനീതിക്കായി ഒന്നിച്ച് നിന്നേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് നാല് നിയോജകമണ്ഡലങ്ങളിൽ ഭൂരിപക്ഷമുണ്ടായിട്ടും കിളിപ്പള്ളിക്കൂടം പോലും ലഭിച്ചില്ല. മുസ്‍ലിം ലീഗിലെ ചിലർ നടത്തുന്ന അനീതിയാണ് ചൂണ്ടിക്കാട്ടിയത്. മുസ്‍ലിം സമുദായത്തെ കുറ്റപ്പെടുത്തിയോ അവർക്കുള്ള അവകാശങ്ങൾ നിഷേധിക്കുന്ന രീതിയിലോ അനാവശ്യമൊന്നും പറഞ്ഞില്ല. ചില സത്യങ്ങൾ പറയുമ്പോൾ ചില സമുദായകാർക്ക് ഇഷ്ടമാവുന്നില്ല.
നീതിയെ കുറിച്ച് സംസാരിക്കുമ്പോൾ വർഗീയവാദിയാകും. 24 മണിക്കൂർ ജാതിയും മതവും പറയുന്നവർ അപ്പോൾ മിതവാദിയാകും. അർഹമായത് തരാത്തത് പറയുമ്പോൾ വർഗീയവാദിയാക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി മൂന്ന് പതിറ്റാണ്ട് പ്രവർത്തിച്ചതിന് തൃശൂർ യൂണിയൻ സംഘടിപ്പിച്ച ആദരസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

