Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പൊലീസ് സ്റ്റേഷനിലെ...

'പൊലീസ് സ്റ്റേഷനിലെ കക്കൂസിൽ തൂങ്ങിമരിക്കാൻ താൽപര്യമില്ല'; ആറന്മുള പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ ആഞ്ഞടിച്ച് പൊലീസുകാരന്‍റെ കുറിപ്പ്

text_fields
bookmark_border
kerala police 897
cancel
camera_alt

Representational Image

കോഴഞ്ചേരി: ആറന്മുള പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറുടെ കുറിപ്പ്. അനധികൃതമായി ജോലിക്ക് ഹാജരാകുന്നില്ലെന്ന് ആരോപിച്ച് ആറന്മുള എസ്.എച്ച്.ഒ സി.കെ. മനോജ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായ ഉമേഷ് വള്ളിക്കുന്നിലിന് കൊടുത്ത മെമ്മോയ്ക്കുള്ള മറുപടിയിലാണ് ആരോപണങ്ങള്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്. നിയമപ്രകാരം അവധിക്ക് അപേക്ഷ താന്‍ കൊടുത്തിരുന്നുവെന്നും അതൊന്നും ഗൗനിക്കാതെ ആബ്‌സന്റ് മാര്‍ക്ക് ചെയ്ത ശേഷം തനിക്ക് മെമ്മോ തരികയാണ് എസ്.എച്ച്.ഒ ചെയ്തതെന്നും അഞ്ചു പേജുള്ള മറുപടിയില്‍ പറയുന്നു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയെ അടക്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് പൊലീസുകാരന്റെ മറുപടി. നേരത്തേ, ജയില്‍ മോചിതനായ ഗ്രോ വാസുവിനെ അനുകൂലിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ ഉമേഷിന് പത്തനംതിട്ട ഡിവൈ.എസ്.പി രണ്ടു തവണ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. രണ്ടു തവണയും ഉമേഷ് കൊടുത്ത മറുപടിയില്‍ ആറന്മുള പൊലീസിനെയും പത്തനംതിട്ട ഡിവൈ.എസ്.പിയെയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടായിരുന്നു.

തനിക്ക് മെമ്മോ തന്ന എസ്.എച്ച്.ഒയുടെ നടപടി തെറ്റാണെന്ന് തെളിവുകള്‍ നിരത്തി മറുപടി നല്‍കുന്ന ഉമേഷ് രൂക്ഷമായ എതിര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നുമുണ്ട്. സിക് ലീവിനുള്ള അപേക്ഷയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയെങ്കിലും അതൊന്നും സ്വീകരിക്കാതെ തന്നെ കുറ്റക്കാരനാക്കാനുള്ള ഫ്രോഡ് കളിയാണ് എസ്.എച്ച്.ഒ നടത്തിയതെന്ന് ഉമേഷ് മറുപടിയില്‍ പറയുന്നു. അസുഖ വിവരം പറയാന്‍ എസ്.എച്ച്.ഒയെ പല തവണ വിളിച്ചിട്ടും എടുത്തില്ല. സ്‌റ്റേഷനിലെ ജി.ഡി ചാര്‍ജിനെ വിളിച്ച് പറഞ്ഞു. പക്ഷേ, അത് ജി.ഡിയില്‍ എഴുതാന്‍ എസ്.എച്ച്.ഒ അനുവദിച്ചില്ല. തന്നെ ആബ്‌സെന്റ് ആക്കാനുള്ള നാലാംകിട ഫ്രോഡ് കളിയാണ് കളിക്കുന്നത്. തനിക്ക് അവധി തരാതിരിക്കാന്‍ വേണ്ടി പ്രതികാര ബുദ്ധിയോടെ എസ്.എച്ച്.ഒ പ്രവര്‍ത്തിച്ചു. പൊലീസ് സേനയിലെ ഉത്തരവാദിത്തപ്പെട്ട ഇന്‍സ്‌പെക്ടര്‍ എന്ന നിലയില്‍ താങ്കള്‍ നടത്തിയത് അധികാര ദുര്‍വിനിയോഗവും അച്ചടക്ക ലംഘനവും കൃത്യവിലോപവുമാണ്. ഇതു കാരണം തനിക്കുണ്ടായ ബുദ്ധിമുട്ടിന് തെറ്റുതിരുത്തി ക്ഷമാപണം നടത്തുകയാണ് അന്തസുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ചെയ്യാനുള്ളതെന്നും മറുപടിയില്‍ പറയുന്നു.

മറുപടിയിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:

അധികാരവും അവിഹിത സ്വാധീനങ്ങളും ദുരുപയോഗപ്പെടുത്തി കീഴുദ്യോഗസ്ഥരെ മനുഷ്യത്വരഹിതമായ രീതിയില്‍ പീഡിപ്പിക്കുകയും മാനസിക സംഘര്‍ഷത്തിലാക്കുകയും ചെയ്യുന്ന അങ്ങയുടെ ശീലം അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുന്നതിനും ഈ അവസരം വിനിയോഗിക്കട്ടെ. കോടതിയുടെ വാറണ്ട് പ്രകാരം അഖില്‍ എന്ന പൊലീസുകാരന്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടു വന്ന മയക്കുമരുന്ന് കേസിലെ വാറണ്ട് പ്രതിയെ സ്‌റ്റേഷനില്‍ നിന്ന് അങ്ങ് വിട്ടയച്ച വിവരം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടും അങ്ങയെ സംരക്ഷിച്ചു നിര്‍ത്തുകയാണ് പത്തനംതിട്ട ജില്ല പൊലീസ് മേധാവി അടക്കമുള്ള നമ്മുടെ മേലുദ്യോഗസ്ഥര്‍. അങ്ങാകട്ടെ പ്രതിയെ രക്ഷപ്പെടുത്തിയ കേസില്‍ 'എനിക്ക് പണി കിട്ടിയാല്‍ ഇവിടെയുള്ള മൂന്നാല് പേരുടെയെങ്കിലും പണിയും പോകുമെന്ന്' ഭീഷണിപ്പെടുത്തി സ്‌റ്റേഷനില്‍ വാഴുന്നു. ശബരിമല ഡ്യൂട്ടിയിലുള്ള മുബാറക്കിനെയും ആറര മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് പോയ ഹരിയെയും കിരണിനെയുമൊക്കെ അങ്ങയുടെ ഷട്ടില്‍ കളി കഴിഞ്ഞു വന്ന് രാത്രി എട്ടിന് ആബ്‌സന്റ് എഴുതി രസിക്കുന്നു. കേസെഴുതുന്നവനോട് ജില്ല സെക്രട്ടറിക്ക് ഇഷ്ടപ്പെടില്ലെന്ന് പറഞ്ഞ് കയര്‍ക്കുന്നു. അന്തസുള്ള പൊലീസുകാരന്റെ വായില്‍ നിന്ന് ചുട്ടമറുപടി കിട്ടുമ്പോള്‍ അതിന്റെ കലിപ്പ് പാവപ്പെട്ട പൊലീസുകാരനെ തെറിവിളിച്ച് തീര്‍ക്കുന്നു. 12 മണിക്കൂര്‍ ജിഡി ഡ്യൂട്ടി 30 മണിക്കൂറാക്കി രസിക്കുന്നു. പ്രമുഖ സിനിമാതാരത്തിന്റെ ഉദ്ഘാടന പരിപാടിക്ക് പൊലീസുകാരെ വിറ്റ് കാശാക്കുന്നു. കോടീശ്വരനായ സുഹൃത്ത് അങ്ങയുടെ തണലില്‍ സ്‌റ്റേഷനില്‍ പൊലീസുകാരന്റെ മേശപ്പുറത്ത് കയറിയിരുന്ന് ഉത്തരവുകളിടുന്നു. ശിങ്കിടിയെ വകവയ്ക്കാത്തവരെ അങ്ങ് നെട്ടോട്ടമോടിക്കുന്നു. അങ്ങയുടെ സ്‌റ്റേഷനിലെ പൊലീസുകാര്‍ ഗതികെട്ട് വോളണ്ടറി റിട്ടയര്‍മെന്റിന് അപേക്ഷ കൊടുക്കുന്നു. കാണാതായ പൊലീസുകാരനെ ആത്മഹത്യാ മുനമ്പില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ കണ്ടെടുത്തത് കൊണ്ട് മാത്രം അയാള്‍ ജീവിച്ചിരിക്കുന്നു. ആത്മഹത്യ ചെയ്യാതിരിക്കാന്‍ വേണ്ടി മാത്രം പൊലീസുകാര്‍ അവധിയില്‍ പോകുന്നു.

ഇനി, ഇത്രയൊക്കെ പറഞ്ഞതിന്റെ പേരില്‍ എനിക്കെതിരേ നടപടിയെടുക്കാന്‍, ഈ അവധി അപേക്ഷ പൂഴ്ത്തുന്ന കൂതറ പരിപാടിയല്ലാതെ എന്തെല്ലാം വഴിയുണ്ട് സാറേ... മെഡിക്കല്‍ രേഖകളുടെയും ചികില്‍സയുടെയും നിജസ്ഥിതി അന്വേഷിച്ചു നോക്കു. അതല്ലെങ്കില്‍ ഈ അവധിക്കാലത്ത് ഞാന്‍ എന്തു ചെയ്യുകയായിരുന്നു എന്നൊന്ന് അന്വേഷിച്ച് നോക്കൂ. കല്യാണം നടത്തലും കോഴിക്കോട്ടെ നാടകങ്ങളുടെ പിന്നാലെ നടക്കലും സെക്കന്‍ഡ് ഇന്നിങ്‌സ് സിനിമയിലെ അഭിനയവും പത്താം ക്ലാസിലെ മക്കളെ പഠിപ്പിക്കലും ഷഹബാസ് അമന്റെയും ഇംതിയാസ് ബീഗത്തിന്റെയും ആതിരയുടെയും പാട്ടുകേള്‍ക്കലും ഒക്കെയായി ഹാപ്പിയായിരുന്നു സാറേ. നമ്മുടെ ക്യാമ്പ് ഹൗസ് കോമഡികളുടെ ഒരു തിരക്കഥയും എഴുതിയിട്ടുണ്ട്. നല്ല രസാണ് സാറേ. അവസാനം സ്‌കൂള്‍ കുട്ടികള്‍ക്ക് ഒരു പുസ്തകമിറക്കാനും കൂടെ കൂടിക്കൊടുത്തു. ചത്ത പൂച്ചകള്‍ വഴക്കിടുമോ എന്നാണതിന്റെ പേര്. മക്കള് കിടിലന്‍ എഴുത്താണ് സാറേ! ഇതിനൊക്കെ പകരം പത്തു പൈസയുടെ വെളിവില്ലാത്ത ഒരു മേലാപ്പീസറുടെ തെറിയും കേട്ട് സ്‌റ്റേഷനിലെ കക്കൂസില്‍ തൂങ്ങിമരിക്കാന്‍ താല്‍പര്യമില്ല എന്ന് വിനയപൂര്‍വം ബോധിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceUmesh VallikkunnuPolice
News Summary - I don't want to hang myself in a police station toilet Police officers reply to SHO
Next Story