പ്രിന്റു മഹാദേവിന്റെ നിലപാടിനോട് യോജിപ്പില്ല; വ്യക്തിവൈരാഗ്യം സൂക്ഷിക്കുന്ന പാർട്ടിയല്ല ബി.ജെ.പി -രാജീവ് ചന്ദ്രശേഖർ
text_fieldsരാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ പ്രിന്റു മഹാദേവിന്റെ നിലപാടിനോട് യോജിപ്പില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വ്യക്തിവൈരാഗ്യം കാത്തുസൂക്ഷിക്കുന്ന പാർട്ടിയല്ല ബി.ജെ.പി. ആശയപരമായ ഭിന്നത മാത്രമാണ് മറ്റ് രാഷ്ട്രീയനേതാക്കളുമായി ഞങ്ങൾക്കുള്ളത്. പ്രിന്റുവിന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ തന്നെ ഇത് ശരിയായില്ലെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു. പാർട്ടി നിലപാട് പ്രിന്റുവിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
നേരത്തെ ബി.ഗോപാലകൃഷ്ണനെ പോലുള്ള ചില ബി.ജെ.പി നേതാക്കൾ പ്രിന്റുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പ്രിന്റുവിന്റേത് നാക്കുപിഴയാണെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം.
രാഹുൽ ഗാന്ധിയെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് കീഴടങ്ങി
തൃശൂർ: രാഹുൽ ഗാന്ധിയെ വെടിവെച്ചു കൊല്ലുമെന്ന് ചാനൽ ചർച്ചയിൽ ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവൻ കീഴടങ്ങി. പ്രവർത്തകർക്കൊപ്പം പേരാമംഗലം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. ജില്ലയിലെ ബി.ജെ.പി നേതാക്കളുടെ വീടുകളിൽ പൊലീസ് റെയ്ഡ് തുടരവെയാണ് പൊലീസ് സ്റ്റേഷനിൽ ഹാജരായത്.
താൻ ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന ആളല്ലെന്നും താനൊരു അധ്യാപകനാണെന്നും പ്രിന്‍റു മാധ്യമങ്ങളോട് പറഞ്ഞു. അതിനാൽ, സത്യം വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം കുന്നംകുളം മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രിന്റുവിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് പ്രിൻറു മഹാദേവിനെ ന്യായീകരിച്ചും പൊലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കിയും ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ രംഗത്തെത്തി. പ്രിൻറുവിന് സംഭവിച്ചത് നാക്കുപിഴയാണെന്നും അതിന്റെ പേരിൽ ബി.ജെ.പിയെ വേട്ടയാടാൻ ശ്രമിച്ചാൽ ഏതു പൊലീസുകാരനെയും ചാണകം മുക്കിയ ചൂൽ കൊണ്ട് അടിക്കുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
പ്രിൻറു മഹാദേവൻ പറഞ്ഞതിനോട് വ്യക്തിപരമായി യോജിക്കുന്നില്ല. എന്നാൽ, നാക്കുപിഴയുടെ പേരിൽ കേസെടുക്കാനാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്. കേന്ദ്ര സര്‍ക്കാരിനെതിരെ നേപ്പാള്‍ മോഡല്‍ കലാപം വരണമെന്നും മോദിയെയും കൂട്ടരെയും ഓടിക്കണമെന്നും പറഞ്ഞ അരുന്ധതി റോയിക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി തയാറാകുമോ? കോൺഗ്രസുകാർ ഈ വിഷയത്തിൽ വല്ലാതെ തിളക്കേണ്ടെന്നും പ്രവർത്തകരെ വേട്ടയാടിയാൽ ഒരു കോൺഗ്രസുകാരനെയും വീട്ടിലുറങ്ങാൻ സമ്മതിക്കില്ലെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

