'പ്രതികളെ കൊന്നുകളയണമെന്നാണ് അന്ന് തോന്നിയത്, സമാധാനക്കേടിലായതിനാൽ പെൺകുട്ടിയെ വിളിച്ചിട്ടില്ല' - ലാൽ
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിവിധിക്കെതിരെ മേൽക്കോടതിയിലേക്ക് പോവുകയാണെങ്കിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയാൻ തയാറാണെന്ന് നടൻ ലാൽ. വിധി എന്തുകൊണ്ട് ഇങ്ങനെയായി എന്ന് അറിയില്ല. വിധി പകർപ്പ് പുറത്തുവരാതെ കൂടുതൽ പറയാൻ കഴിയില്ല.
വിധി ശരിയാണോ തെറ്റാണോ എന്ന് പറയാൻ താൻ ആളല്ല. കുറ്റക്കാരൻ അല്ല എന്നാണോ മതിയായ തെളിവ് ഇല്ല എന്നാണോ കോടതി പറഞ്ഞതെന്ന കാര്യം അറിയില്ല. താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്. അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്നും ലാൽ മാധ്യമങ്ങളോട് പറഞ്ഞു.
ഗൂഢാലോചന സംബന്ധിച്ച് പരിമിതമായ അറിവാണ് തനിക്ക് ഉള്ളത്. പൂർണമായി അറിയാത്ത ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പറയുന്നില്ല. പെൺകുട്ടി വീട്ടിൽ വന്നപ്പോൾ പി.ടി തോമസ് അല്ല, ലോക് നാഥ് ബെഹ്റയെ വിളിച്ചത് താനാണ്. അതിനുശേഷമാണ് പി.ടി തോമസ് വരുന്നത്. മാർട്ടിനെ സംശയം ഉണ്ടെന്ന് ആദ്യം പറഞ്ഞത് താനാണെന്നും ലാൽ പറഞ്ഞു.
അതിജീവിതയായ പെൺകുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് ആഗ്രഹിച്ചത്. കുറ്റക്കാരായ പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണം. നടിയെ ആക്രമിച്ചവർക്ക് പരമാവധി ശിക്ഷ ലഭിച്ചു. അതിൽ സന്തോഷമുണ്ടെന്നും ലാൽ പ്രതികരിച്ചു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ കുറ്റമുക്തനായ ദിലീപിനെ ന്യായീകരിച്ച് വെട്ടിലായ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് മലക്കംമറിഞ്ഞു. നേരത്തെ പോളിങ് ബൂത്തിൽനിന്ന് പറഞ്ഞതിന്റെ ചിലഭാഗങ്ങൾ മാത്രം സംപ്രേഷണം ചെയ്തത് കൊണ്ടാണ് ദിലീപിനെ ന്യായീകരിച്ചതായി എല്ലാവർക്കും തോന്നുവാൻ കാരണമെന്നാണ് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
‘അതിജീവിതക്ക് നീതി കിട്ടിയില്ല എന്ന് തന്നെയാണ് ഞാൻ പറഞ്ഞത്. നീതിന്യായ കോടതിയിൽനിന്ന് ഒരു വിധി ഉണ്ടാകുമ്പോൾ ആ കോടതിയെ തള്ളിപ്പറയുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് അതിജീവിതക്ക് നീതി കിട്ടിയില്ല എന്ന് ഞാൻ പറഞ്ഞത്.
നീതികിട്ടാനുള്ള പ്രവർത്തനങ്ങൾ നിശ്ചയമായും നടക്കണം. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്ക് ഗവൺമെന്റ് ഉരുണ്ടുകളിക്കേണ്ട ആവശ്യമില്ല. ഉരുണ്ടുകളിച്ച് എന്തെങ്കിലും പറഞ്ഞ് രക്ഷപ്പെടാൻ ഇവർ തയാറാക്കിയ കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കോൺഗ്രസും യു.ഡി.എഫും അതിജീവിതക്ക് ഒപ്പമാണെന്ന് കെ.പി.സി.സി പ്രസിഡന്റും യു.ഡി.എഫ്, കോൺഗ്രസ് നേതാക്കളും എല്ലാം വ്യക്തമാക്കിയതാണ്. എന്നോട് ചോദിച്ചപ്പോഴും ഞാൻ ഇതുതന്നെയാണ് പറഞ്ഞത്.
ലാവ്‍ലിൻ കേസ് എന്തുകൊണ്ടാണ് ഇങ്ങനെ നീണ്ടുനീണ്ടുപോകുന്നത്? 40ലേറെ തവണ ഇത് നീട്ടിവെച്ചു. അപ്പീൽ പോകുന്നതിലൂടെ സർക്കാർ കള്ളക്കളി നടത്തുകയാണ്. അപ്പീലിലൂടെ അതിജീവിതകൾക്ക് നീതി കിട്ടുന്നുണ്ടോ? ഇപ്പോൾ കുറേ ആളുകളെ ശിക്ഷിച്ചു, ദിലീപിനെ ഒഴിവാക്കി. അതേക്കുറിച്ചുള്ള അഭിപ്രായമാണ് ഞാൻ പറഞ്ഞത്.
അപ്പീൽ പോകുന്നത് ദിലീപിനെ ബുദ്ധിമുട്ടിക്കാനാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അത് വളച്ചൊടിച്ചതാണ്. ഞാൻപറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം നല്ല ബോധ്യമുള്ള കാര്യമാണ്. അതിജീവിതക്ക് ഒപ്പമാണ് എന്നത് ഞാൻ പറഞ്ഞിട്ടുണ്ട്. അപ്പീൽ പോകണോ വേണ്ടേ എന്നത് അടൂർ പ്രകാശോ യു.ഡി.എഫോ അല്ല തീരുമാനിക്കുന്നത്. അപ്പീൽ പോകുന്നവർ പോകട്ടെ. ദിലീപുമായി വ്യക്തിപരമായി ബന്ധമുണ്ട്. അങ്ങനെ എല്ലാവർക്കും പലരുമായി ബന്ധം കാണും’ -അടൂർ പ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

