കൊച്ചി: താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് ജിഷ കൊലപാതക കേസിലെ പ്രതി അമീറുല്‍ ഇസ്ലാം. ജിഷയെ കൊന്നത് ആരാണെന്ന് അറിയില്ലെന്നും കോടതിയില്‍ കൊണ്ടുവരുമ്പോൾ മാധ്യമങ്ങളോട് പറഞ്ഞു.
ജിഷ വധക്കേസിൽ അമീറുൽ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഇയാളുടെ ശിക്ഷ എന്താണെന്ന് ഇന്നറിയാം. ശിക്ഷാവിധിക്ക് വേണ്ടി കോടതിയിലേക്ക് കൊണ്ടുവരുമ്പോഴാണ് അമീറുലിന്റെ പ്രതികരണം. പ്രതിക്ക് പറയാനുള്ളതുകൂടി കേട്ടശേഷമായിരിക്കും ഇന്ന് ശിക്ഷ വിധിക്കുക.
കൊലപാതകം അടക്കം അഞ്ചു വകുപ്പുകളി3ലാണ് അമീറുൽ ഇസ്ലാമിനെ കുറ്റക്കാരനായി കണ്ടെത്തിയിട്ടുള്ളത്. വധശിക്ഷക്കായി, അപൂർവങ്ങളിൽ അപൂർവ കേസായി പരിഗണിക്കാൻ സുപ്രീം കോടതിയിലെയും ഹൈകോടതികളിലെയും വിധി ന്യായങ്ങൾ പ്രോസിക്യൂഷൻ ഉയർത്തിക്കാട്ടും. കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കരുതെന്നും പ്രതിയുടെ പ്രായം കൂടി കണക്കിലെടുത്ത് കരുണ കാണിക്കണമെന്നുമാവും പ്രതിഭാഗം വാദം.
302 ാം വകുപ്പ് പ്രകാരം കൊലപാതക കുറ്റത്തിനും 376 (എ) പ്രകാരം ആയുധമുപയോഗിച്ച് രഹസ്യഭാഗങ്ങളിൽ മുറിവേൽപിച്ച് പീഡിപ്പിച്ചതിനും പരമാവധി വധശിക്ഷ വരെ ലഭിക്കാം. 376ാം വകുപ്പ് പ്രകാരം പീഡനത്തിനും 449 ാം വകുപ്പ് പ്രകാരം വീട്ടിൽ അതിക്രമിച്ച് കടന്നതിനും ലഭിക്കാവുന്ന കൂടിയ ശിക്ഷ ജീവപര്യന്തം തടവാണ്. പ്രതിക്കെതിരെ തെളിഞ്ഞ മറ്റൊരു കുറ്റം ഒരു വർഷം തടവ് ലഭിക്കാവുന്ന 342ാം വകുപ്പ് പ്രകാരമുള്ള അന്യായമായി തടഞ്ഞുവെക്കലാണ്.