തുടർപഠനം അവതാളത്തിലാകും; പക്ഷേ, മിണ്ടാതിരിക്കാനാവില്ല –ഡോ. നജ്മ സലീം
text_fieldsകൊച്ചി: ''ഉന്നത വിദ്യാഭ്യാസത്തിന് ഇനി സർക്കാർ മെഡിക്കൽ കോളജുകളിൽ അഡ്മിഷന് പ്രയാസം നേരിടേണ്ടിവരുമെന്ന് അറിയാം. തുടർപഠനം അവതാളത്തിലാകും. കഴിഞ്ഞ നവംബറിൽ പി.ജിക്ക് ചേർന്നതാണ്. ഏപ്രിൽ മുതലാണ് ശരിക്കും പഠിച്ചുതുടങ്ങിയത്. ഇപ്പോൾ പരീക്ഷയാണ്. മൂന്നുമാസം കഴിഞ്ഞാണ് ഫലംവരുക. സ്വാർഥയായി അഭിനയിക്കാൻ പറ്റാത്തതുകൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചത്'' -കളമശ്ശേരി മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ ജൂനിയർ റെസിഡൻറ് ഡോക്ടർ നജ്മ സലീം പറയുന്നു.
കോവിഡ് ബാധിതർ ചികിത്സപ്പിഴവുമൂലം മരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയശേഷം നജ്മ എന്തുകാര്യത്തിന് വിളിച്ചാലും മെഡിക്കൽ കോളജിലെ സീനിയർ ഡോക്ടർമാർ ഫോൺ എടുക്കുന്നില്ല. തിങ്കളാഴ്ച ഡ്യൂട്ടി കഴിഞ്ഞിറങ്ങിയശേഷം ഇവരുടെ തുറന്നുപറച്ചിൽ വൻ വിവാദം ഉയർത്തി. ഇനി വ്യാഴാഴ്ച ഡ്യൂട്ടിക്ക് കയറണമോ വേണ്ടയോ എന്നുപോലും ആരും അറിയിച്ചിട്ടില്ല.
''മറ്റ് ഡോക്ടർമാരുെട പിന്തുണയില്ലാതെ കളമശ്ശേരിയിൽ തുടരാൻ പറ്റില്ല. സീനിയർ ഡോക്ടർമാരുടെ നിർദേശങ്ങൾ അനുസരിക്കുകയാണ് ഞങ്ങളുടെ ജോലി. അവരെ വിളിച്ചിട്ട് ഫോൺപോലും അറ്റൻഡ് ചെയ്യുന്നില്ല. ഡ്യൂട്ടിക്ക് കയറാനുള്ള ധൈര്യംതന്നെ കുറവാണ്. അനുവദിച്ചാൽ ഡ്യൂട്ടിക്ക് കയറാമെന്നാണ് തീരുമാനം. കൂടെയാരെയെങ്കിലും നിർത്തേണ്ടിവരും, ഒരു തുണക്ക്'' -നജ്മ വിവരിച്ചു.
2013ൽ കളമശ്ശേരി മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് പ്രവേശനം നേടിയതാണ് നജ്മ. കരുനാഗപ്പള്ളി തഴവ പാപ്പാൻകുളങ്ങര അബ്ദുൽസലീമിെൻറയും നിസയുടെയും മകളാണ്. കുടുംബത്തിൽനിന്ന് ആദ്യമായി മെഡിസിന് പഠിക്കുന്നയാൾ.വർഷങ്ങൾകൊണ്ട് തനിക്ക് മെഡിക്കൽ കോളജ് വളരെ പരിചിതമാണെന്ന് നജ്മ പറയുന്നു.
ഇങ്ങനെയുള്ള അനാസ്ഥ തുടക്കംമുതൽ ഇവിടെ കാണുന്നുണ്ട്. അത് അന്നും അലോസരപ്പെടുത്തിയെങ്കിലും തുറന്നുപറയാൻ കഴിഞ്ഞില്ല. ഇപ്പോൾ ഹൈബി ഈഡൻ എം.പിയുടെ ലെറ്റർ കണ്ടതോടെ പറയാൻ പറ്റാതിരുന്ന കാര്യങ്ങൾ പുറത്തുവരുമല്ലോ എന്ന് ആശ്വസിച്ചു. എന്നാൽ, അധികാരികൾ ആ കത്ത് അവഗണിക്കാൻ ശ്രമിച്ചതോടെയാണ് എല്ലാം പുറത്തുപറയാൻ തീരുമാനിച്ചത്.
''മാധ്യമങ്ങൾ സമീപിച്ചാൽ ഉള്ള കാര്യങ്ങെളാക്കെ പറയുമെന്ന് പിതാവിനെ ആദ്യംതന്നെ അറിയിച്ചിരുന്നു. ജോലി പോകുമെന്നും പറഞ്ഞു. അത് കുഴപ്പമില്ല, മനസ്സിന് സമാധാനം കിട്ടുന്നത് ചെയ്യാനാണ് പിതാവ് സൂചിപ്പിച്ചത്. നേരിൽ ഭീഷണിയൊന്നും ഇതുവരെയില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥൻ വിളിച്ച് കുടുംബ പശ്ചാത്തലം അന്വേഷിച്ചിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിക്കായും ഇതുവരെ പ്രവർത്തിച്ചിട്ടില്ല. ജൂനിയർ ഡോക്ടർമാരിൽ കുറേപ്പേർ പിന്തുണക്കുന്നുണ്ട്. എന്നാൽ, ആർക്കും പരസ്യമായി പ്രതികരിക്കാൻ പറ്റുന്നില്ല'' -നജ്മ കൂട്ടിച്ചേർത്തു.
ജീവന് ഭീഷണിയുണ്ടെന്ന് നജ്മയുടെ പരാതി
കളമശ്ശേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിതർ മരിച്ചതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയതിെൻറ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നതായും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ജൂനിയർ ഡോക്ടർ നജ്മ സലീം പൊലീസിൽ പരാതി നൽകി.
കളമശ്ശേരി സി.ഐ.ടി.യുവിെൻറ പേരിലുള്ള ഗവ. നഴ്സസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും ഒരു വ്യക്തിയും ചേർന്ന് തങ്ങൾക്ക് സ്വാധീനമുള്ള പത്രത്തിൽ വസ്തുതാവിരുദ്ധ വാർത്ത നൽകി മോശമായി ചിത്രീകരിക്കുകയാണെന്ന് കളമശ്ശേരി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
താൻ കെ.എസ്.യു നേതാവാണെന്ന് പറഞ്ഞാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. ജീവന് ഭീഷണി ഉണ്ടെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.