വന്യജീവി ആക്രമണം ഇനിയുണ്ടാകില്ലെന്ന് ഉറപ്പുണ്ടെങ്കിൽ രാജിവെക്കാമെന്ന് മന്ത്രി ശശീന്ദ്രൻ; ‘ഭരണപക്ഷത്തു നിന്നുള്ള വിമർശനത്തിൽ പരിഭവമുണ്ട്’
text_fieldsകണ്ണൂർ: ഇനിയൊരു വന്യജീവി ആക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പുണ്ടെങ്കിൽ വനം മന്ത്രി സ്ഥാനം രാജിവെക്കാൻ തയാറാണെന്ന് എ.കെ. ശശീന്ദ്രൻ. ഭരണപക്ഷത്തു നിന്നുതന്നെ വകുപ്പിനെതിരെ വിമർശനമുണ്ടാകുന്നതിൽ പരിഭവമുണ്ട്. മന്ത്രിയെ കുറ്റപ്പെടുത്തുമ്പോൾ അത് മന്ത്രിയിൽ മാത്രം ഒതുങ്ങുമെന്ന് പ്രായോഗിക രാഷ്ട്രീയ പരിജ്ഞാനം ഇല്ലാത്തവരല്ലല്ലോ വിമർശിക്കുന്നതെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.
കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യത്തിനിടെ നിലമ്പൂർ സൗത്ത് ഡി.എഫ്.ഒയെ സ്ഥലം മാറ്റിയ നടപടി ഉദ്യോഗസ്ഥരുടെ വീഴ്ച ഉൾപ്പെടെ കണ്ടെത്തിയതിനെ തുടർന്നാണ്. നേരത്തേ ഇവരെ ഹെഡ് ക്വാർട്ടറിലേക്ക് മാറ്റണമെന്ന് അഭിപ്രായമുണ്ടായിരുന്നു. രാഷ്ട്രീയ പാർട്ടികളും എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റുമാരും അടക്കം ഉദ്യോഗസ്ഥരെ പരുഷമായ ഭാഷയിൽ വിമർശിച്ചവരുടെ ഭാഗത്തു നിന്നുതന്നെയാണോ സ്ഥലംമാറ്റിയ നടപടി മോശമായിപ്പോയെന്ന നിലപാടുണ്ടായതെന്ന് അന്വേഷിക്കുന്നത് നല്ലതാവും.
മലയോര മേഖലയിലെ പ്രവർത്തനങ്ങളിലെ പരസ്പര വിരുദ്ധമായ നിലപാടുകളെക്കുറിച്ച് പഠിക്കണം. കോന്നിയിൽ മനുഷ്യജീവൻ നഷ്ടമായെന്ന് പറഞ്ഞാണ് പ്രതിഷേധം. അവിടെ ഈയടുത്ത കാലത്തൊന്നും വന്യജീവി ആക്രമണം മൂലം മനുഷ്യജീവൻ നഷ്ടമായിട്ടില്ല. അവിടെ ഒരു ആന ചരിഞ്ഞ കാരണം അന്വേഷിക്കുന്ന നടപടിയാണ് ഉണ്ടായത്. അതെങ്ങനെ ജനവിരുദ്ധമാവും. എല്ലാ വകുപ്പുകളിലും ഉദ്യോഗസ്ഥർ പത്തരമാറ്റുള്ളവരല്ല. വനംവകുപ്പിലും മടിയന്മാരും മിടുക്കന്മാരുമുണ്ട്.
കോന്നിയിൽ ബഹുജന പ്രക്ഷോഭമുണ്ടായപ്പോൾ അതിനൊപ്പം നിൽക്കാൻ കെ.യു. ജനീഷ് കുമാർ എം.എൽ.എ ബാധ്യസ്ഥനാവുകയായിരുന്നു. ഉദ്യോഗസ്ഥർക്ക് നിഷ്പക്ഷമായി പ്രവർത്തിക്കാൻ സ്വാതന്ത്ര്യം നൽകണം. എന്നാൽ, പാളിച്ചവരുമ്പോൾ ശ്രദ്ധിക്കുകയും വേണം. എം.എൽ.എയുടെ പെരുമാറ്റം സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരും കേസുകൊടുത്തിട്ടുണ്ട്.
പൊലീസ് ശരിയായ വിധത്തിൽ അന്വേഷണം നടത്തി വീഴ്ച മനസ്സിലായാൽ വനംവകുപ്പ് നടപടിയെടുക്കും. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം വകുപ്പ് അന്വേഷിക്കുന്നുണ്ടെന്നും എ.കെ. ശശീന്ദ്രൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

