കോടതി ഇടപെടലിൽ ആശ്വാസവുമായി ഐ.സി. ബാലകൃഷ്ണൻ
text_fieldsസുൽത്താൻ ബത്തേരി: ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കേസിലെ ഒന്നാം പ്രതി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്ക് ആശ്വാസമായി കോടതി ഇടപെടൽ. ജനുവരി 15വരെ അറസ്റ്റ്ചെയ്യാൻ പാടില്ലെന്നാണ് കോടതി വാക്കാൽ പൊലീസിന് നൽകിയ നിർദേശം. ജാമ്യാപേക്ഷയിൽ 15ന് കോടതി വിശദ വാദം കേൾക്കും. അന്ന് കേസ് ഡയറി ഹാജരാക്കണമെന്നും പൊലീസിന് നിർദേശമുണ്ട്. എന്നാൽ, എം.എൽ.എക്കെതിരെ ചുമത്തിയ ആത്മഹത്യാ പ്രേരണകുറ്റം ജാമ്യം കിട്ടാത്ത വകുപ്പാണ്. ഇതിനാൽ 15ന് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാൽ എം.എൽ.എ അറസ്റ്റിലാകാനും സാധ്യതയുണ്ട്.
കോടതി അറസ്റ്റ് തടഞ്ഞതോടെ കല്യാണം കൂടാൻ താൻ കർണാടകയിലാണെന്ന് പറഞ്ഞുള്ള വിഡിയോ എം.എൽ.എ പുറത്തുവിട്ടു. വ്യാഴാഴ്ച ഉച്ച മുതൽ എം.എൽ.എയെക്കുറിച്ച് വിവരമില്ലായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ആയി. തുടർന്ന് അദ്ദേഹം ഒളിവിൽ പോയതായി മാധ്യമങ്ങളിൽ വാർത്ത പരന്നു. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ പ്രതികരണം സംബന്ധിച്ച വിഡിയോ പുറത്തുവന്നത്. താൻ ഒളിവിൽ പോയിട്ടില്ല.
കർണാടകയിൽ സുഹൃത്തിന്റെ മകളുടെ കല്യാണം കൂടാൻ വന്നതാണ്. ശനിയാഴ്ചയോടെ വയനാട്ടിൽ തിരിച്ചെത്തുമെന്നും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ വിഡിയോയിൽ പറഞ്ഞു. ജനസമ്മതിയിൽ വിറളി പിടിച്ച സി.പി.എം തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാംപ്രതി ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ എന്നിവരും ജില്ലക്ക് പുറത്താണ്. ഇവരുടെ ഫോണുകളും രണ്ടുദിവസമായി സ്വിച്ച് ഓഫ് ആണ്.
എം.എൽ.എക്കെതിരെ ലോകായുക്തക്ക് പരാതി;ശിപാർശക്കത്ത് പുറത്ത്
സുൽത്താൻ ബത്തേരി: അർബൻ ബാങ്ക് സ്വീപ്പർ തസ്തികക്ക് ഐ.സി. ബാലകൃഷ്ണൻ ശിപാർശ ചെയ്ത കത്ത് പുറത്തുവന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് എതിരെ ലോകായുക്ത, നിയമസഭ സ്പീക്കർ, വിജിലൻസ് എന്നിവർക്ക് പരാതി നൽകി സി.പി.എം നേതാവ് സുരേഷ് താളൂർ. എം.എൽ.എ പദവി ദുരുപയോഗം ചെയ്ത് മറ്റൊരു കോൺഗ്രസ് നേതാവിന്റെ മകളെ നിയമിക്കണമെന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്. 20ൽ അധികം ഉദ്യോഗാർഥികൾ പങ്കെടുത്ത കൂടിക്കാഴ്ചയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ശിപാർശ ചെയ്ത ഉദ്യോഗാർഥിയെ ബാങ്ക് ഭരണസമിതി നിയമിച്ചിരുന്നു. എല്ലാ പൗരന്മാരെയും തുല്യതയോടെ കാണേണ്ട നിയമസഭാംഗം, നിയമസഭാംഗം എന്ന പദവി സ്ഥാപിത താൽപര്യത്തിന് വേണ്ടി ദുരുപയോഗം ചെയ്തുവെന്ന് ബോധ്യമായിരിക്കുകയാണെന്നും നടപടിയെടുക്കണമെന്നുമാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.