'പൊലീസ് സ്റ്റേഷനിൽ പോകാമെന്ന് ഞാൻ പറഞ്ഞിരുന്നു, തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു' -ആരോപണവിധേയനായ കണ്ടക്ടർ
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിൽ യുവതി സഹയാത്രികന്റെ അതിക്രമത്തിനിരയായ സംഭവത്തിൽ തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയാറാണെന്ന് ആരോപണവിധേയനായ കണ്ടക്ടര്‍. സംഭവം അറിഞ്ഞയുടൻ പൊലീസ് സ്റ്റേഷനിൽ പോകാമെന്ന് താൻ പറഞ്ഞിരുന്നുവെന്നും കണ്ടക്ടർ ജാഫര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉത്തരവാദിത്തത്തില്‍നിന്ന് പിന്നോട്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച രാത്രിയാണ് എറണാകുളത്തിനും തൃശൂരിനും മധ്യേ യുവതിക്ക് നേരെ സഹയാത്രികന്‍ മോശമായി പെരുമാറിയത്. സംഭവത്തെക്കുറിച്ച് കണ്ടക്ടറോടും സഹയാത്രികരോടും പരാതിപ്പെട്ടെങ്കിലും ആരും ഇടപെട്ടില്ലെന്ന് യുവതി പറഞ്ഞു. കണ്ടക്ടറുടെയും സഹയാത്രികരുടെയും മൗനം, ബസിൽ നേരിട്ട അതിക്രമത്തെക്കാള്‍ മുറിവേൽപ്പിച്ചതായും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
യുവതി പറയുമ്പോൾ താൻ ചെറിയ മയക്കത്തിലായിരുന്നുവെന്നും പൊലീസ് സ്റ്റേഷനിൽ പോകാമെന്ന് താനാണ് പറഞ്ഞതെന്നും ജാഫർ പറഞ്ഞു. 'സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ഹൈവെ പൊലീസിനെ കണ്ടു. അവരോട് കാര്യങ്ങൾ പറഞ്ഞു. സർവിസ് മുടക്കേണ്ടെന്നും പരാതിയുണ്ടെങ്കിൽ കോഴിക്കോട് പൊലീസ് സ്റ്റേഷനിൽ നൽകാമെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. ആ സമയത്തൊന്നും വിഷയങ്ങൾ ഉണ്ടായിട്ടില്ല. ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നു' -കണ്ടക്ടർ പറഞ്ഞു.
അതേസമയം, സംഭവത്തിൽ ഇടപെടാത്ത ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചിരുന്നു. ആക്രമിക്കപ്പെട്ട യുവതിയുമായി മന്ത്രി ഫോണിൽ സംസാരിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ജീവനക്കാരുടെ ചുമതലയാണ്. ജീവനക്കാർക്ക് വീഴ്ചയുണ്ടായത് അംഗീകരിക്കുന്നു. എം.ഡിയോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇത്തരം സംഭവങ്ങൾ കെ.എസ്.ആർ.ടിസിയിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

