‘ഞാൻ ഇപ്പോഴും രമ്യ ഹരിദാസിന്റെ സ്റ്റാഫ്’; രേഖ കിട്ടാൻ കാത്തിരിക്കുന്നുവെന്ന് പാളയം പ്രദീപ്
text_fieldsതിരുവനന്തപുരം: താൻ ഇപ്പോഴും രമ്യ ഹരിദാസ് എം.എൽ.എയുടെ സ്റ്റാഫ് ആണെന്ന് ചിറയിൻകീഴിലെ തമ്മിലടി വിവാദത്തിൽ കോൺഗ്രസ് സസ്പെൻഡ് ചെയ്ത പാളയം പ്രദീപ്. എം.പി ആയിരിക്കെ സ്റ്റാഫ് ആയിരുന്നു, ഇപ്പോഴും സ്റ്റാഫ് ആണ്. സ്റ്റാഫ് ആണെന്നുള്ള രേഖ ലഭിക്കാൻ കാത്തിരിക്കുകയാണെന്നും അത് കിട്ടിയാൽ കാണിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചിറയൻകീഴ് വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ വെച്ചു, ഉചിതമായ തീരുമാനം എടുത്തു. എം.എൽ.എക്ക് എതിരായ അന്വേഷണം നടത്താൻ പാർട്ടിക്ക് തീരുമാനം എടുക്കാം. ആദ്യം എന്റെ രാഷ്ട്രീയ പാരമ്പര്യം എന്താണെന്നുള്ളത് എല്ലാവരും മനസ്സിലാക്കുക. ഞാൻ യൂത്ത് കോൺഗ്രസ് പാർലമെന്റ് പ്രസിഡന്റായിരുന്നു, രണ്ടു പ്രാവശ്യം പഞ്ചായത്ത് മെമ്പറായിരുന്നു, കെപിസിസി മെമ്പറിയിരുന്നു, രമ്യഹരിദാസ് ആലത്തൂർ പാർലമെന്റിൽ മത്സരിക്കാൻ വരുന്ന സമയത്ത് ഞാൻ യൂത്ത് കൗൺസിന്റെ പാർലമെന്റ് മണ്ഡലം പ്രസിഡന്റ് ആയിരുന്നു. അന്ന് മുതൽ അവരെ എല്ലാ കാര്യങ്ങളിലും സഹായിക്കുകയും അവരുടെ കൂടെ എല്ലാ കാര്യങ്ങളിലും ഉണ്ടാവുകയും ചെയ്തരുന്നു.
രമ്യ ഹരിദാസിന്റെ സ്റ്റാഫ് ആണോ അല്ലയോ എന്നത് തെളിയിക്കാനുള്ള രേഖ കൈയിൽ കിട്ടുന്നവരെ കാത്തിരിക്കുക. എം.പി ആയിരിക്കെ സ്റ്റാഫ് ആയിരിക്കുമ്പോൾ ശമ്പളം വന്ന രേഖ തരും. എം.എൽ.എയുടെ സ്റ്റാഫ് ആണെന്നതിന്റെ രേഖയുണ്ട്. അതും തരും.
യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ചെറിയൊരു തെറ്റിധാരണ ഉള്ളത് ഞങ്ങൾ പരിഹരിച്ചു. അവരെ ഒഴിവാക്കുന്നു എന്ന് ആ നേതൃത്വം തെറ്റിദ്ധരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ മീറ്റിങ്ങിൽ പങ്കെടുത്തു എന്നത് തെറ്റിദ്ധാരണയാണ്. നിലവിൽ ആ ബ്ലോക്കിലെ ഒരു വാർഡിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. പെരുമാറ്റ ചട്ടം നിലനിൽക്കുന്ന സമയത്ത് ഒരിക്കലും ഒരാൾ അവിടെ യോഗം വിളിക്കില്ല. അത് ഔദ്യോഗിക മീറ്റിങ് ആയിരുന്നില്ല. അടുത്ത പ്രോഗ്രാമിന് സമയമായി എന്ന് പറയാൻ ഒരു മിനിറ്റാണ് ഞാൻ അവിടെ പോയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിപിഎമമിന്റെ ആളാണ്. വൈസ് പ്രസിഡന്റ് കോൺഗ്രസിന്റെയാണ്. ബ്ലോക്കിന്റെ ഔദ്യോഗിക യോഗം അവിടെ നടന്നിട്ടുണ്ടോ എന്ന് അവരെ വിളിച്ച് നിങ്ങൾക്ക് ചോദിക്കാം -പാളയം പ്രദീപ് പറഞ്ഞു.
അതിനിടെ മുൻകാല പ്രാബല്യത്തോടെ പാളയം പ്രദീപിനെ തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ കത്ത് നൽകി. കഴിഞ്ഞ മേയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്നാണ് കത്തിലുള്ള ആവശ്യം. അന്ന് മുതൽ പ്രദീപ് തനിക്കൊപ്പമുണ്ടെന്നാണ് ഇതിനുള്ള വിശദീകരണമായി എം.എൽ.എ ചൂണ്ടിക്കാണിക്കുന്നത്. കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത എതിർപ്പുകളെയും സംഘടനാ നിലപാടുകളെയും പൂർണ്ണമായും തള്ളിക്കൊണ്ടാണ് എംഎൽഎയുടെ ഈ നീക്കം.
തുടക്കത്തിൽ സ്പീക്കറുടെ ഓഫീസിലാണ് രമ്യ ഹരിദാസ് ഇതിനായുള്ള കത്ത് നൽകിയത്. എന്നാൽ അപേക്ഷ നൽകേണ്ടത് നിയമസഭാ സെക്രട്ടറിക്കാണെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കിയതിനെത്തുടർന്നാണ് അവർ സെക്രട്ടറിയുടെ ഓഫീസിനെ സമീപിച്ചത്. പാർട്ടിയുടെ ഔദ്യോഗിക നിർദ്ദേശങ്ങളെ വകവെയ്ക്കാതെ പാളയം പ്രദീപിനെ വീണ്ടും ഔദ്യോഗിക പദവിയിൽ നിയമിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസ് നേതൃത്വത്തിലും പ്രവർത്തകർക്കിടയിലും വലിയ ചർച്ചകൾക്കും കടുത്ത അമർഷത്തിനും ഇടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

