തിരുവനനന്തപുരം: സ്വന്തം കുഞ്ഞിനെ തിരികെ കിട്ടാൻ സെക്രട്ടേറിയേറ്റ് പടിക്കൽ നിരാഹാരമിരാക്കാൻ ഒരുങ്ങുന്ന അനുപമ എസ്. ചന്ദ്രനെ നേരിട്ട് വിളിച്ച് മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിനെ തിരികെ കിട്ടാൻ നടപടിയെടുക്കുമെന്നും, വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി. അഞ്ച് മിനിട്ടോളം മന്ത്രി അനുപമയോട് സംസാരിച്ചു.
താനും ഒരമ്മയാണ്. കാര്യങ്ങള്‍ തനിക്ക് മനസിലാകുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. അനുപമ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രി വിളിച്ചത്. ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമാരംഭിക്കുമെന്നാണ് അനുപമ പറഞ്ഞത്.
അനുപമയുടെ കുഞ്ഞിന്റെ വിഷയത്തിൽ വകുപ്പ് തല അന്വേഷണം ആരംഭിച്ചതായി ആരോഗ്യ - വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. അമ്മക്ക് കുഞ്ഞിനെ നൽകുകയാണ് അഭികാമ്യമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് അനുപമയുടെ തീരുമാനം. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ച് വരെയാണ് സമരം. ഭർത്താവ് അജിത്തിനൊപ്പമാണ് യുവതി നിരാഹാരമിരിക്കുക. പൊലീസിലും വനിതാ കമ്മിഷനിലും വിശ്വാസമില്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല സമരമെന്നും അനുപമ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്‍റെ പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്.എഫ്.ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രില്‍ 19 ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യ പരാതി നല്‍കി. തുടർന്ന് ഡി.ജി.പി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സി.പി.എം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് അനുപമ മാധ്യമങ്ങളെ സമീപിച്ചത്.
നിലവില്‍ പേരൂര്‍ക്കട പൊലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണെന്നും അന്വേഷണ മേല്‍നോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അനുപമ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിലില്‍ ശിശുക്ഷേമസമിതിയില്‍ അവിടെ ലഭിച്ച കുഞ്ഞുങ്ങളുടെ വിവരം തേടി അനുപമയും അജിത്തും എത്തിയിരുന്നു. വിവരങ്ങള്‍ കോടതിയിലേ നല്‍കൂ എന്നാണ് സമിതി അന്ന് ഇവരോട് പറഞ്ഞത്. സമിതിയിലെ ഉന്നതരായ പലര്‍ക്കും കുഞ്ഞിനെ ഇവിടെ ഏല്‍പ്പിച്ച വിവരം അറിയാമായിരുന്നെന്നും ഒത്തുകളിയുണ്ടെന്നുമാണ് അനുപമയുടെ ആരോപണം.