519 ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷ വകുപ്പ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിത്തുടങ്ങി. ആകെ 673 സ്ഥാപനങ്ങളെയാണ് ഹൈജീന്‍ സര്‍ട്ടിഫിക്കറ്റിനായി തെരഞ്ഞടുത്തത്. ഇതുവരെ 519 ഹോട്ടലുകൾക്ക് സര്‍ട്ടിഫിക്കറ്റ് നല്കി. തിരുവനന്തപുരം -അഞ്ച്, കൊല്ലം -36, പത്തനംതിട്ട -19, ആലപ്പുഴ -31, കോട്ടയം -44, ഇടുക്കി -20, എറണാകുളം -57, തൃശൂര്‍ -59, പാലക്കാട് -60, മലപ്പുറം -66, കോഴിക്കോട് -39, വയനാട് -12, കണ്ണൂര്‍ -46, കാസർകോട് -25 എന്നിങ്ങനെയാണ് സര്‍ട്ടിഫിക്കറ്റ് നൽകിയത്. ബാക്കിയുള്ളവ പരിശോധനകളുടെ വിവിധ ഘട്ടങ്ങളിലാണ്.
സര്‍ട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കും. വകുപ്പ് പുതുതായി സജ്ജമാക്കുന്ന ആപ്പിലൂടെയും വിവരങ്ങൾ അറിയാം. പ്രദേശത്തെ ഏറ്റവും വൃത്തിയുള്ള സ്ഥാപനങ്ങളേതെന്ന് ഇതിലൂടെ കണ്ടെത്താം.
പരിശോധനകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ശേഷം ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള റേറ്റിങ്ങാണ് നല്‍കുന്നത്. കടകള്‍ വലുതോ ചെറുതോ എന്നതല്ല സുരക്ഷിതമായ ഭക്ഷണവും വൃത്തിയുള്ള സാഹചര്യവുമാണ് പ്രധാനമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വൃത്തിയോടൊപ്പം 40ഓളം ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് റേറ്റിങ്. ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുള്ള സ്ഥാപനങ്ങള്‍ ഗ്രീന്‍ കാറ്റഗറിയിലും ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങുള്ളവ ബ്ലൂ കാറ്റഗറിയിലും ത്രീ സ്റ്റാര്‍ റേറ്റിങ്ങുള്ളവ യെല്ലോ കാറ്റഗറിയിലുമാണ് വരുക. ത്രീ സ്റ്റാറിന് താഴെയുള്ളവക്ക് റേറ്റിങ് നല്‍കില്ല.
രണ്ടു വര്‍ഷത്തേക്കാണ് സ്റ്റാര്‍ റേറ്റിങ് നല്‍കുന്നത്. കാലാവധിക്ക് ശേഷം മാനദണ്ഡങ്ങള്‍ പാലിച്ച് റേറ്റിങ് നിലനിര്‍ത്തണം. റേറ്റിങ് ലഭ്യമായ സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കണം. ഈ സ്ഥാപനങ്ങളെ ഭക്ഷ്യസുരക്ഷ വകുപ്പ് നിരീക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

