‘ഹൈജീൻ കിറ്റ്’ നൽകാൻ അടിവസ്ത്ര അളവ് ചോദിച്ച് സർക്കുലർ; വിവാദമായപ്പോൾ തിരുത്തി
text_fieldsകണ്ണൂർ: പട്ടികവർഗ വിദ്യാർഥിനികൾക്ക് ഹൈജീൻ കിറ്റ് നൽകുന്നതിന് അടിവസ്ത്രത്തിന്റെ അളവ് ആവശ്യപ്പെട്ട് സർക്കുലർ. വ്യാപക വിമർശനത്തിനൊടുവിൽ തിരുത്തൽ. വിദ്യാർഥിനികൾക്ക് ഹൈജീൻ കിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ല പഞ്ചായത്ത് ഹയർ സെക്കൻഡറി മേഖല ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ കത്താണ് വിവാദമായത്. അടിവസ്ത്രത്തിന്റെ അളവ് എന്നത് ഒഴിവാക്കി കുട്ടികളുടെ എണ്ണം എന്നാണ് പുതിയ സർക്കുലറിലുള്ളത്.
ഹൈജീൻ കിറ്റ് നൽകുന്നതിന് 11, 12 ക്ലാസുകളിലെ പട്ടികവർഗ വിദ്യാർഥിനികളുടെ അടിവസ്ത്രത്തിന്റെ അളവ്, ക്ലാസ് തിരിച്ചുള്ള എണ്ണം എന്നിവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിലോ ജില്ല പഞ്ചായത്ത് ഓഫിസിലോ ലഭ്യമാക്കുന്നതിന് സ്കൂൾ ഹെഡ്മാസ്റ്റർ-പ്രിൻസിപ്പൽ എന്നിവർക്ക് നിർദേശം നൽകണമെന്ന് അഭ്യർഥിച്ചാണ് ജില്ല പഞ്ചായത്ത് ഡി.ഡി.ഇക്കും ആർ.ഡി.ഡിക്കും കത്ത് നൽകിയത്.
കത്തിന്റെ പകർപ്പ് നിമിഷങ്ങൾക്കകം ഹെഡ്മാസ്റ്റർ-പ്രിൻസിപ്പൽമാരുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിച്ചു. ജാതീയമായി അധിക്ഷേപിക്കുന്ന പരാമർശമാണിതെന്ന നിലക്കും വിമർശനം ഉയർന്നു. ഇതോടെ പട്ടികവർഗ പ്രോജക്ട് ഓഫിസറിൽനിന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് വിശദീകരണവും തേടി. മൂന്നുദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദേശം. എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥിനികൾക്ക് സോപ്, നാപ്കിൻ, അണുനാശിനി, അടിവസ്ത്രം എന്നിവയടങ്ങുന്ന 500 രൂപ വരുന്ന കിറ്റ് നൽകുന്നതാണ് ഹൈജീൻ കിറ്റ് പദ്ധതി. കണ്ണൂർ ജില്ല പഞ്ചായത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിക്ക് അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയത്. സദുദ്ദേശ്യത്തോടെയാണ് സർക്കുലർ തയാറാക്കിയതെന്നും ഭാഷാപരമായ പിഴവാണിതെന്നും അത് തിരുത്തിയിട്ടുണ്ടെന്നും ജില്ല പഞ്ചായത്ത് അധികൃതർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

