ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ സുൽത്താനയുടെ ഭർത്താവ് അറസ്റ്റിൽ
text_fieldsസുൽത്താൻ അക്ബർ അലി, തസ്ലീമ സുൽത്താന
ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പേർ പിടിയിലായ കേസിലെ മുഖ്യപ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെന്നൈ എണ്ണൂർ സത്യവാണി മുത്ത് നഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43) ആണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി തസ്ലീമ സുൽത്താനയുടെ ഭർത്താവാണ് അറസ്റ്റിലായ സുൽത്താൻ അക്ബർ അലി. ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമീഷണർ അശോക് കുമാറും പാർട്ടിയും ചേർന്ന് ചെന്നൈ എണ്ണൂരിലുള്ള വാടക വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മൊബൈൽ കടകൾക്ക് സെക്കൻഡ് ഹാൻഡ് മൊബൈലും മറ്റ് ഉപകരണങ്ങളും സപ്ലൈ ചെയ്യുന്ന ജോലി ചെയ്യുന്ന ഇയാൾ ഇതിന്റെ ഭാഗമായി സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പോകുകയും ഇവയുടെ മറവിൽ ഹൈബ്രിഡ് കഞ്ചാവ് കടത്തിക്കൊണ്ട് വരികയുമാണ് ചെയ്തിരുന്നത്. തെളിവിൻ്റെ ഭാഗമായി ഇയാളുടെ പാസ്പോര്‍ട്ടും കസ്റ്റഡിയിൽ എടുത്തു. എക്സൈസ് സംഘം കഴിഞ്ഞ മൂന്ന് ദിവസമായി ചെന്നൈയിൽ തങ്ങി അന്വേഷണം നടത്തിവരികയായിരുന്നു.
ഏപ്രിൽ രണ്ടിനാണ് ആലപ്പുഴയിൽ ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേരെ പിടികൂടിയത്. തസ്ലീമ സുൽത്താനയെ കൂടാതെ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഫിറോസിനെയും അറസ്റ്റ് ചെയ്തിരുന്നു. തസ്ലിമ സുൽത്താനക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. തന്റെ കയ്യിൽ നിന്ന് നേരിട്ട് ലഹരി വസ്തുക്കൾ വാങ്ങുന്ന സിനിമാ താരങ്ങളുടെ വിവരങ്ങൾ തസ്ലിമ എക്സൈസിനോട് വെളിപ്പെടുത്തിയതായാണ് വിവരം.
കെണിയൊരുക്കി മൂന്ന് മാസം കാത്തിരുന്നാണ് ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യ കണ്ണിയായ തസ്ലീമ സുൽത്താനയെ എക്സൈസ് ആലപ്പുഴയിൽ എത്തിച്ചത്. ഓമനപ്പുഴ തീരദേശ റോഡിൽ വച്ച് ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പടെ തസ്ലീമയെയും കൂട്ടാളിയായ ഫിറോസിനെയും എക്സൈസ് പിടികൂടുകയായിരുന്നു. സിനിമ മേഖലയിലെ പ്രമുഖരുടെ നമ്പറുകളും വാട്സാപ്പ് ചാറ്റുകളും തസ്ലീമയുടെ ഫോണിൽ കണ്ടെത്തി. ഏതാനും സിനിമകളിലും തസ്ലീമ മുഖം കാണിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയാണെങ്കിലും ചെന്നൈയും കൊച്ചിയുമാണ് താവളം. ആലപ്പുഴ ടൂറിസം മേഖലയിൽ വിതരണം ചെയ്യുന്നതിനാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

