ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
text_fieldsആലപ്പുഴ: രണ്ടുകോടി വിലമതിക്കുന്ന മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവ് കടത്തിയ കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചേർത്തല കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. എക്സൈസിന്റെ ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥ് ഭാസിയെ അന്വേഷണ സംഘം സാക്ഷിയാക്കിയിരുന്നു.
കേസിലെ ഒന്നാം പ്രതിയായ തസ്ലീമയും ശ്രീനാഥ് ഭാസിയുമായി നടത്തിയ വാട്സ്ആപ് ചാറ്റുകൾ കണ്ടെത്തിയിരുന്നു. അതിൽ കുഷ് വേണോ എന്ന തസ്ലീമയുടെ ചോദ്യത്തിന് വെയിറ്റ് എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി. കുഷ് എന്നും ഗ്രീൻ എന്നും കഞ്ചാവിന്റെ കോഡ് നാമമാണ്. ഇരുവരും തമ്മിൽ പരിചയമുണ്ടെങ്കിലും ലഹരി ഇടപാട് നടന്നതായി സ്ഥിരീകരിച്ചിട്ടില്ല.
മോഡലായ സൗമ്യ ആദ്യഘട്ട ചോദ്യം ചെയ്യലിൽ പറഞ്ഞ കാര്യങ്ങൾ എക്സൈസ് വിശ്വാസത്തിലെടുത്തട്ടില്ല. 2000-3000 രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഗൂഗിൾപേ വഴി ഇവർ തസ്ലീമയുമായി നടത്തിയിട്ടുണ്ട്. ഇതിന്റെ ദൂരുഹത മാറ്റാൻ കൂടുതൽ തെളിവുകൾ ശേഖരിക്കണം. ഇത് പൂർത്തിയായാൽ മോഡലിനെ വീണ്ടും ചോദ്യം ചെയ്യും. കൂടുതൽ തെളിവ് ലഭിച്ചാൽ ഈ കേസിൽ മോഡലിനെകൂടി പ്രതിചേർക്കാനുള്ള സാധ്യതയുണ്ട്.
സിനിമ മേഖലയിലടക്കം പ്രമുഖരായ അഞ്ചുപേരെയാണ് അന്വേഷണസംഘം ഇതുവരെ ചോദ്യംചെയ്തത്. നടന്മാരായ ഷൈൻടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ, റിയാലിറ്റി ഷോ താരം ജിന്റോ, സിനിമ അണിയറ പ്രവർത്തകൻ ജോഷി എന്നിവരെയാണ് ചോദ്യംചെയ്തത്. ഇവരിൽനിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ പലരെയും ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി എക്സൈസ് ചോദ്യംചെയ്യൽ തുടരുകയാണ്.
പ്രതികൾക്കെതിരെ പരമാവധി തെളിവുകൾ ശേഖരിച്ച് ഒരുമാസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. തസ്ലീമക്ക് കഞ്ചാവ് കടത്തിനൊപ്പം മറ്റ് ചില ഇടപാടുകൾ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

