ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസ്: അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കും
text_fieldsഎറണാകുളം: പെരുമ്പാവൂരിൽനിന്നും 16 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. പ്രതികളായ ആയുഷിന്റെയും അനികയുടേയും കൂട്ടാളികൾ തമിഴ്‌നാട് കേന്ദ്രീകരിച്ച് ലഹരികച്ചവടം നടത്തുന്നതായി കണ്ടെത്തി. ഇതിനുപിന്നാലെയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കൂടുതൽ പേർ പിടിയിലാകുമെന്നുമാണ് ലഭിക്കുന്ന വിവരം. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ടയാണ് പെരുമ്പാവൂരിലേത്.
എറണാകുളം റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) സംഘമാണ് പരിശോധന നടത്തിയത്. ആയുഷ് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നുവെന്ന് ഡാൻസാഫിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂർ മാറമ്പള്ളിയിൽവെച്ച് ആയുഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ തടഞ്ഞ് പൊലീസ് പരിശോധന നടത്തിയത്. സ്‌കൂട്ടറിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഒന്നേകാൽ കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്.
പിന്നാലെ ആയുഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പെരുമ്പാവൂരിൽ ഇയാൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് ഫ്ലാറ്റിലെത്തി നടത്തിയ പരിശോധനയിലാണ് 16 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തത്. ആറുദിവസമേ ആയിട്ടുള്ളൂ ആയുഷ് ഫ്ലാറ്റിൽ താമസം തുടങ്ങിയിട്ട് എന്നാണ് പൊലീസ് പറയുന്നത്. ഒരു തരത്തിലുള്ള രേഖകളും നൽകാതെയാണ് ഇയാൾ അവിടെ താമസിച്ചിരുന്നത്. ഫ്ലാറ്റ് കേന്ദ്രീകരിച്ച് ആയുഷ് ലഹരിവിൽപന നടത്തിവരികയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ആയുഷ്, പൊലീസ് പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ ഒരു പൊലീസ് ഉദ്യോഗസ്ഥൻ താമസിക്കുന്ന ഫ്ലാറ്റിൽ തന്നെയാണ് ഇയാളും താമസിക്കുന്നത്. ഇതേ കെട്ടിടത്തിൽ പത്താം നിലയിലാണ് പെരുമ്പാവൂർ എ.എസ്.പിയും താമസിക്കുന്നത്. ഒടുവിൽ പൊലീസിനെ വെട്ടിക്കാനുള്ള ശ്രമം പാളുകയായിരുന്നു. ആറാം നിലയിലുള്ള ആയുഷിന്റെ ഫ്ലാറ്റിൽ നിന്ന് 15 കിലോയിലേറെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. സംസ്ഥാന വ്യാപകമായി വേരുകളുള്ള ലഹരി റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത് അങ്കമാലി, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ്. ബാങ്കോക്കിൽ ചൈനീസ് ലഹരി റാക്കറ്റിന്റെ മുഖ്യകണ്ണികളായി പ്രവർത്തിക്കുന്നത് മലയാളികളാണെന്നുമാണ് പുറത്തുവരുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

