വെള്ളപ്പൊക്കത്തിൽ കുലുങ്ങാത്ത അതിരപ്പിള്ളിയിലെ കാവൽമാടത്തിന്‍റെ രഹസ്യം
text_fieldsഅതിരപ്പിള്ളിയിൽ വെള്ളച്ചാട്ടത്തിന് മുകളിൽ കുടിൽ നിർമ്മിക്കുന്നു (ഫയൽ ചിത്രം)
അതിരപ്പിള്ളി: വെള്ളപ്പൊക്കത്തിൽ ചാലക്കുടിപ്പുഴയോരത്തെ കെട്ടിടങ്ങൾ വീഴുമ്പോഴും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലെ കാവൽമാടം ദിവസങ്ങളായി സോഷ്യൽ മീഡിയയിലടക്കം ചർച്ചാ വിഷയമാണ്. കഴിഞ്ഞ ദിവസത്തെ അതിശക്തമായ കുത്തൊഴുക്കിലും ഒഴുകിപ്പോകാതെ നിന്നതാണ് ചർച്ച ചെയ്യപ്പെട്ടത്.
വെള്ളച്ചാട്ടത്തിന്‍റെ അപകടത്തിലേക്ക് വിനോദ സഞ്ചാരികൾ എത്താതെ നോക്കാനുള്ള കാവൽക്കാരുടെ ഡ്യൂട്ടി കേന്ദ്രമാണ് ആ കുടിൽ. വനസംരക്ഷണ സമിതി പ്രവർത്തകർ അതിനുള്ളിലിരുന്ന് സഞ്ചാരികൾ വെള്ളത്തിലേക്കിറങ്ങാതെ മുന്നറിയിപ്പ് നൽകും. അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെയാണ് ഇങ്ങനെയൊരു കുടിൽ നിർമ്മിച്ചത്. എന്നാൽ ആദ്യം അതിന് അത്ര ഉറപ്പുണ്ടായിരുന്നില്ല.
ഒരിക്കൽ കമലഹാസന്‍റെ സിനിമാ ഷൂട്ടിങ്ങിനായി പൊളിച്ചു നീക്കിയിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ കാണുന്ന നിലയിൽ ബലപ്പെടുത്തി നിർമ്മിച്ചത്. പാറയിൽ ജാക്കി ഹാമർ ഉപയോഗിച്ച് ആഴത്തിലുള്ള കുഴികൾ ഉണ്ടാക്കി. ശേഷം ലോറിയുടെ ആക്സിൽ മുന കൂർപ്പിച്ച് അടിച്ച് താഴ്ത്തിയിരിക്കുകയാണ്. ആറ് കുഴികളിലാണ് തൂണുകൾ ഉറപ്പിച്ചിട്ടുള്ളത്. തുടർന്ന് ഇരുമ്പു പൈപ്പുകൾ വെൽഡ് ചെയ്താണ് കാലുകൾ നിർമ്മിച്ചത്. തുടർന്ന് കുടിൽ സ്ഥാപിക്കുകയായിരുന്നു.
അതുകൊണ്ട് തന്നെയാണ് കാറ്റിനോടും ഒഴുക്കിനോടും മല്ലടിച്ച് കുലുക്കമില്ലാതെ നിൽക്കുന്നത്. വെള്ളച്ചാട്ടത്തിന് മുകളിൽ പുഴയ്ക്ക് നടുവിലെ കുടിൽ സഞ്ചാരികൾക്ക് കൗതുകമായി തുടരും.