ഭർതൃവീട്ടുകാർ വീട് പൂട്ടിപ്പോയ സംഭവം: യുവതിക്ക് താൽക്കാലിക അഭയമൊരുക്കി
text_fieldsകൊച്ചി: ഭർതൃവീട്ടുകാർ ഉപേക്ഷിച്ച് വീട് പൂട്ടിപ്പോയതോടെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടെന്ന ആരോപണവുമായി രംഗത്തെത്തിയ യുവതിക്ക് കാക്കനാട് സഖി വൺ സ്റ്റോപ് ഷെൽട്ടറിൽ താൽക്കാലിക അഭയമൊരുക്കി. ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി സബ് ജഡ്ജി പി.എം. സുരേഷ്, വനിത കമീഷൻ അംഗം അഡ്വ. ഷിജി ശിവജി, വനിത സംരക്ഷണ ഓഫിസർ എം.എസ്. ദീപ എന്നിവർ സംഭവത്തിൽ ഇടപെട്ടതോടെയാണ് നടപടി.
സബ് ജഡ്ജി സ്ഥലത്തെത്തി പെണ്‍കുട്ടിക്ക് നിയമപരമായ എല്ലാ സംരക്ഷണവും ഒരുക്കുമെന്ന് അറിയിച്ചു. വീട് തുറന്ന് അകത്തുകയറ്റാനുള്ള ഉത്തരവ് കോടതിയില്‍നിന്ന് വാങ്ങിയ ശേഷം യുവതിയെ ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. കെല്‍സ മെംബര്‍ സെക്രട്ടറിയും ജില്ല ജഡ്ജിയുമായ കെ.ടി. നിസാറിെൻറ നിർദേശപ്രകാരമാണ് സംഭവത്തില്‍ ഇടപെട്ടതെന്നും സബ് ജഡ്ജി പി.എം. സുരേഷ് അറിയിച്ചു. കലൂര്‍ ബാങ്ക് റോഡിലുള്ള ഭര്‍ത്താവ് ഓസ്വിന് വില്യം കൊറയയുടെ വീട്ടില്‍നിന്നുമാണ് യുവതിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയത്.
തുടര്‍നടപടിയുമായി മുന്നോട്ട് പോകുമെന്നും യുവതിക്ക് അതുവരെ സംരക്ഷണം നല്‍കുമെന്നും സ്ഥലത്തെത്തിയ വനിത സംരക്ഷണ ഓഫിസര്‍ എം.എസ്. ദീപ അറിയിച്ചു. ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ പ്രൊട്ടക്ഷന്‍ ഉത്തരവ് നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പോരായ്മകള്‍ക്ക് പരിഹാരം കാണാന്‍ ചട്ടങ്ങളില്‍ ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ കമീഷന് തീരുമാനമെടുത്തിട്ടുണ്ടെന്ന് വനിത കമീഷന് അംഗം അഡ്വ. ഷിജി ശിവജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

