വൃക്ക രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ആശുപത്രി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ഭർത്താവ് ജീവനൊടുക്കി
text_fieldsതിരുവനന്തപുരം: വൃക്ക രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയശേഷം ആശുപത്രി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി വയോധികൻ ജീവനൊടുക്കി. കരകുളം ഹൈസ്കൂൾ ജങ്ഷൻ അനുഗ്രഹയിൽ കെ. ജയന്തി(63)യെ ആണ് ഭർത്താവ് ഭാസുരാംഗൻ ആശാരി (72) കൊലപ്പെടുത്തിയത്.
തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിൽ ഡയാലിസിസിനെത്തിയതായിരുന്നു. ഇതിനിടെ ജയന്തിയെ വയർ കഴുത്തിൽചുറ്റി കൊലപ്പെടുത്തിയശേഷം ഭാസുരാംഗൻ ആശാരി അഞ്ചാമത്തെ നിലയിൽനിന്ന് ചാടുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഭാസുരാംഗൻ ചാടി ആത്മഹത്യക്ക് ശ്രമിച്ച വിവരം അറിയിക്കാൻ മുറിയിലെത്തിയ നഴ്സുമാരാണ് ജയന്തിയെ കഴുത്തിൽ വയർ കുരുക്കിയിട്ട നിലയിൽ കണ്ടത്. വൃക്കകൾ തകരാറിലായതിനെ തുടർന്ന് ഒരു വർഷമായി എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജയന്തി. രോഗം മൂർച്ഛിച്ചതോടെ ഈ മാസം ഒന്നിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചിന് ഒരു ശസ്ത്രക്രിയക്ക് വിധേയയായി. അഞ്ച് ലക്ഷം രൂപ ചെലവിൽ വീണ്ടും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ജയന്തിയുടെ രോഗവുമായി ബന്ധപ്പെട്ടുള്ള മനോവിഷമവും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ് മോര്‍ട്ടം ചെയ്തശേഷം വ്യാഴാഴ്ച വൈകീട്ടോടെ മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തുടർന്ന് നാട്ടിലെത്തിച്ച് സംസ്കരിച്ചു. മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. മക്കൾ: രഞ്ജിത്, ജെ. രചന (എച്ച്.ഡി.എഫ്.സി ബാങ്ക് വഴുതക്കാട്). മരുമകൻ: ബി. നവീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

