കൊച്ചിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പൊലീസിൽ കീഴടങ്ങി
text_fieldsപള്ളുരുത്തി: ഭാര്യയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പള്ളുരുത്തി കടേ ഭാഗം എച്ച്.എം.സി റോഡിൽ വട്ടക്കാട്ട് വീട്ടിൽ സാഗരൻ (65) ആണ് ഭാര്യ മനോരമ (58) യെ കേബിൾ ടി.വിയുടെ വയർ ഉപയോഗിച്ച് കഴുത ്ത് മുറുക്കി കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. അടുക്കളയിലാണ് മനോരമയുടെ മൃതദേഹം കണ്ടത്. സാഗരനും ഭാര്യയും തമ്മിലുള്ള വഴക്കിനിടെ മനോരമ കാലുതെറ്റി തറയിൽ തലയടിച്ചു വീണു. തലയിൽ നിന്ന് രക്തം ഒഴുകുന്നതു കണ്ട സാഗരൻ ടി.വിയുടെ സെറ്റ്ടോപ് ബോക്സിലെ കേബിൾ വയർ വലിച്ചെടുത്ത് കഴുത്തിൽ വരിഞ്ഞുമുറുക്കി. ഭാര്യ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം ഇയാൾ വീട് പൂട്ടി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. സാഗരൻ നിത്യവും ഭാര്യയുമായി കലഹമുണ്ടാക്കുമായിരുന്നെന്ന് പരിസരവാസികൾ പറയുന്നു. വഴക്ക് പതിവായതിനാൽ സമീപവവാസികൾ വ്യാഴാഴ്ചത്തെ ബഹളവും ഗൗനിച്ചില്ല.
രണ്ടു വർഷം മുമ്പ് സാഗരെൻറ മകൾ ചിന്നു ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് ഇയാൾ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പള്ളുരുത്തി സി.ഐ ജോയി മാത്യു പറഞ്ഞു. ഇവരുടെ മകൻ സഞ്ജയ് മറ്റൊരു വീട്ടിലാണ് താമസം.
