മകളെ പീഡിപ്പിച്ചെന്ന് യുവതിക്കെതിരെ ഭർത്താവിന്റെ പരാതി; ആശ്ചര്യം പ്രകടിപ്പിച്ച് ഹൈകോടതി
text_fieldsRepresentational Image
കൊച്ചി: ഒന്നര വയസ്സുള്ള സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഭാര്യക്കെതിരെ പോക്സോ നിയമപ്രകാരം നൽകിയ പരാതി തെറ്റെന്ന് തെളിഞ്ഞാൽ ഭർത്താവിനെതിരെ നടപടി വേണമെന്ന് നിർദേശിച്ച് ഹൈകോടതി. കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് നൽകിയ പരാതിയിന്മേൽ കേസെടുത്ത പൊലീസിന്‍റെ നടപടിയിലും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ആശ്ചര്യം പ്രകടിപ്പിച്ചു. വൈവാഹിക തർക്കം നാടിന് നാണക്കേടുണ്ടാക്കുന്ന തരത്തിലായെന്നും കോടതി നിരീക്ഷിച്ചു.
ഇപ്പോഴും മുലകുടി മാറാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഭർത്താവ് നൽകിയ പരാതിയിൽ തൃശൂർ കൊടുങ്ങല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ യുവതിക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. ഹരജിക്കാരിയും ഭർത്താവും തമ്മിൽ വൈവാഹിക തർക്കത്തിന് പുറമെ കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച കേസും നിലവിലുണ്ട്. ഇതിനിടയിലാണ് കുട്ടിക്കുനേരെ യുവതിയിൽനിന്ന് ലൈംഗികാതിക്രമം ഉണ്ടായെന്ന് ഭർത്താവ് പരാതി നൽകിയത്.
കുട്ടിയെ അമ്മ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് മറ്റൊരു സ്ത്രീ പറഞ്ഞുവെന്നതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരാതി. പോക്സോ വകുപ്പ് ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തതും ഈ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ്. കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് സബ് ഇൻസ്പെക്ടർ തന്നെ കോടതിയിൽ പറഞ്ഞിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരന്‍റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ വിശ്വസിച്ചിട്ടില്ലെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്.
സ്ത്രീകൾ പുരുഷന്മാർക്കെതിരെ നൽകുന്ന പരാതി മാത്രമല്ല, പുരുഷന്മാർ സ്ത്രീകൾക്കെതിരെ നൽകുന്ന പരാതിയും എപ്പോഴും ശരിയാകണമെന്നില്ല. അതിനാൽ, പരാതിയിൽ ഏകപക്ഷീയ അന്വേഷണം പാടില്ല. കുട്ടിയെ ഭർത്താവ് ബലമായി കൊണ്ടുപോയെന്ന് ഹരജിക്കാരി പരാതി നൽകിയിരുന്നു. ഇതിൽ പൊലീസ് നടപടിയെടുത്തില്ല. ഇതിനുശേഷമാണ് ഭർത്താവിന്‍റെ പരാതിയുണ്ടായത്. അതിൽ കേസ് രജിസ്റ്റർ ചെയ്തു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കോടതി ഹരജിക്കാരിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ട് അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടണമെന്ന് കോടതി ഉത്തരവിട്ടു. തുടർന്നാണ് പരാതി വ്യാജമാണെങ്കിൽ ഭർത്താവിനെതിരെ നടപടിക്കും നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

