ഭാര്യയെ കാണാതായ വിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി; മൂന്നാംദിനം ഭാര്യയെ കണ്ടെത്തി
text_fieldsആലപ്പുഴ: ഭാര്യയെ കാണാതായി രണ്ടു മാസങ്ങളായിട്ടും വിവരമൊന്നും ലഭിക്കാത്ത വിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി. കായംകുളം കണ്ണമ്പള്ളിഭാഗം വിഷ്ണു ഭവനത്തില്‍ വിനോദ് (49) ആണ് വെള്ളിയാഴ്ച മരിച്ചത്. പൊലീസില്‍ പരാതി നല്‍കിയിട്ടും വിവരമൊന്നും ലഭിക്കാത്തതിനാലാണ് വിനോദ് ജീവനൊടുക്കിയത്. മൂന്നുദിവസം കഴിഞ്ഞ് ഭാര്യയെ കണ്ടെത്തുകയും ചെയ്തു.
കണ്ണൂരില്‍ ഹോംനഴ്സായി ജോലി ചെയ്തിരുന്ന ഭാര്യ രഞ്ജിനി(45)യെ ചൊവ്വാഴ്ചയാണ് കായംകുളം പൊലീസ് കണ്ടെത്തിയത്. ജൂണ്‍ 11നാണഅ രഞ്ജിനിയെ കാണാതായത്. രാവിലെ 10.30ഓടെ ബാങ്കിലേക്കെന്നു പറഞ്ഞാണ് രഞ്ജിനി വീട്ടില്‍നിന്ന് ഇറങ്ങിയത്. ഇവര്‍ സെക്രട്ടറിയായ കുടുംബശ്രീ യൂണിറ്റ്, കനറാ ബാങ്കില്‍നിന്ന് ഒന്നേകാല്‍ ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. അതിന്റെ തിരിച്ചടവിനായി പോകുന്നെന്നാണ് പറഞ്ഞത്. എന്നാല്‍, തിരിച്ചെത്താഞ്ഞതിനാല്‍ ഭര്‍ത്താവ് പൊലീസില്‍ പരാതിനല്‍കി.
സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവര്‍ ബാങ്കില്‍ പോയിട്ടില്ലെന്ന് വ്യക്തമായി. ഓട്ടോറിക്ഷയില്‍ കായംകുളത്തു വന്നശേഷം റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്കു പോകുന്ന ദ്യശ്യങ്ങള്‍ കിട്ടിയിരുന്നു. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. രഞ്ജിനിക്കായുള്ള അന്വേഷണങ്ങളെല്ലാം വഴിമുട്ടിയപ്പോൾ വിനോദ് കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നു.
ഫോണ്‍ വീട്ടിൽ വെച്ചാണ് ഇവർ ഇറങ്ങിയത്. അതിനാല്‍ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനായില്ല. കുടുംബശ്രീയിൽ നിന്ന് എടുത്ത ലോണടക്കംമൂന്നു ലക്ഷത്തോളം രൂപയുടെ ബാധ്യത ഉണ്ടായിരുന്നെന്നു വീട്ടുകാർ പറയുന്നു.
തിരിച്ചെത്തണമെന്നും സാമ്പത്തിക ബാധ്യതകൾ എങ്ങനെയെങ്കിലും തീർക്കാമെന്നും ഭാര്യയോട് കരഞ്ഞു പറയുന്ന വിഡിയോ ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതിനാൽ രഞ്ജിനി ഇതൊന്നും അറിഞ്ഞിരുന്നില്ല.
പോസ്റ്റ് മോർട്ടത്തിനു ശേഷം വിനോദിന്റെ സംസ്കാരം നടത്തി. മക്കൾ: വിഷ്ണു, ദേവിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

