ശാസ്താംകോട്ടയിൽ യുവതി മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ
text_fieldsശാസ്താംകോട്ട: മൈനാഗപ്പള്ളി മണ്ണൂർക്കാവിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി ദിയ ഭവനിൽ രാജീവിന്റെ ഭാര്യ ശ്യാമ (26) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജീവിനെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 9 ഓടെയാണ് വീടിനുള്ളിൽ തറയിൽ കിടക്കുന്ന നിലയിൽ ശ്യാമയെ കാണപ്പെട്ടത്. ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വാഹനം പിടിച്ച് തരണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് വീടിന് സമീപം ഉത്സവം നടക്കുന്ന മണ്ണൂർക്കാവ് ക്ഷേത്ര പരിസരത്തെത്തി നാട്ടുകാരെ സമീപിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ നാട്ടുകാരും ബന്ധുക്കളും ദുരുഹത ആരോപിച്ച് രംഗത്തെത്തിയതോടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതോടെ പോലീസ് കസ്റ്റഡിയിലായിരുന്ന രാജീവിന്റെ അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്തുകയായിരുന്നു.
ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഭര്‍ത്താവ് രാജീവ് മൊഴി നൽകി. കൊലക്ക് പിന്നിലെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്നും പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് അറിയിച്ചു. ശ്യാമയുടെ മൃതദ്ദേഹം രാത്രി എട്ടോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. മക്കൾ: ദീയരാജ്, ദക്ഷ രാജ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

