ഗർഭിണി തീകൊളുത്തി മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
text_fieldsഷാരോൺ
ആമ്പല്ലൂർ (തൃശൂർ): വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നന്തിപുലം മാട്ടുമല സ്വദേശി മാക്കോത്ത് വീട്ടിൽ ഷാരോണിനെയാണ് റൂറൽ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മനക്കലക്കടവ് വെളിയത്തുപറമ്പിൽ ഹരിദാസന്റെ മകൾ അർച്ചനയെയാണ് (20) ഭർത്താവിന്റെ വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടത്. ബുധനാഴ്ച വൈകീട്ട് നാലിന് ഇവരുടെ വീടിനു പിറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. അർച്ചന അഞ്ചുമാസം ഗർഭിണിയായിരുന്നു. ആറു മാസം മുമ്പാണ് ഷാരോണും അർച്ചനയും പ്രണയിച്ച് വിവാഹിതരായത്. അർച്ചനയുടെ അച്ഛൻ ഹരിദാസന്റെ പരാതിയിൽ വരന്തരപ്പിള്ളി പൊലീസ് ഗാർഹികപീഡനത്തിനും സ്ത്രീധന മരണത്തിനും കേസെടുത്തിരുന്നു. മകളുടെ കുട്ടിയെ അംഗൻവാടിയിൽനിന്ന് കൊണ്ടുവരാൻ പോയ ഷാരോണിന്റെ അമ്മ തിരിച്ചെത്തിയപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്. വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനും ഫോറൻസിക് പരിശോധനക്കും ശേഷമായിരുന്നു അറസ്റ്റ്. കഴിഞ്ഞ ദിവസം ഷാരോണിനെ കസ്റ്റഡിയിലെടുത്തിരുന്നു.
ഷാരോൺ വരന്തരപ്പിള്ളി, പുതുക്കാട് പൊലീസ് സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗിച്ച കേസിലും മദ്യ ലഹരിയിൽ അപകടകരമായവിധം വാഹനമോടിച്ച കേസും ഉൾപ്പെടെ മൂന്ന് ക്രിമിനൽക്കേസിലെ പ്രതിയാണ്. കോടതി ഷാരോണിനെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

