യുവതിയും മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ; ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി
text_fieldsകോട്ടയം: ഏറ്റുമാനൂരില്‍ വീട്ടമ്മയും രണ്ട് പെൺമക്കളും മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസിനെ (44) ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ പാറോലിക്കല്‍ 101 കവലക്ക് സമീപം വടകരയില്‍ ഷൈനി കുര്യന് (41), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ച 5.20ന് കോട്ടയം-നിലമ്പൂര്‍ എക്സ്പ്രസ് ട്രെയിനിനുമുന്നിൽ ചാടി ഇവർ ജീവനൊടുക്കുകയായിരുന്നു.
നോബി ലൂക്കോസ്
നോബിയുമായുള്ള വിവാഹമോചനക്കേസ് ഏറ്റുമാനൂര്‍ കുടുംബകോടതിയില്‍ നിലനിൽക്കെയായിരുന്നു സംഭവം. ഗൾഫിൽ എണ്ണ ഖനനക്കമ്പനിയിൽ ജോലി ചെയ്തിരുന്ന നോബി സംഭവമറിഞ്ഞ് നാട്ടില്‍ എത്തുകയായിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത ഏറ്റുമാനൂർ പൊലീസ്, വിവിധ തലങ്ങളിൽനിന്ന് പരാതികൾ ഉയർന്നതോടെ നോട്ടീസ് നൽകി ചോദ്യംചെയ്യലിനായി ബുധനാഴ്ച ഉച്ചക്ക് നോബിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ചോദ്യം ചെയ്തതിനുശേഷം ബുധനാഴ്ച വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി.
ആത്മഹത്യക്ക് തലേന്ന് ഷൈനിക്ക് വാട്സ്ആപ്പിൽ സന്ദേശം അയച്ചതായി നോബി ചോദ്യംചെയ്യലിൽ സമ്മതിച്ചു. എന്നാൽ, പ്രകോപനപരമായതൊന്നും അതിലില്ലെന്നായിരുന്നു വാദം. പിന്നീട് ഇത് ഡീലിറ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു. ഇതോടെ സന്ദേശം കണ്ടെത്താനും വിശദപരിശോധനക്കുമായി ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്റ്റേഷനിൽ നോബിക്കെതിരെ ഷൈനി നൽകിയ ഗാർഹികപീഡനക്കേസും നിലനിൽക്കുന്നുണ്ട്.
സംഭവത്തിൽ ബുധനാഴ്ച രാവിലെ ൈഷനിയുടെ മാതാപിതാക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ശാരീരികവും മാനസികവുമായി മകളെ നോബി പീഡിപ്പിച്ചിരുന്നതായാണ് ഇവർ മൊഴി നൽകിയത്. ഒമ്പതുമാസമായി ഷൈനിയും പെണ്മക്കളും പാറോലിക്കലിലെ സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ബി.എസ്.സി നഴ്സിങ് ബിരുദധാരിയായിരുന്നെങ്കിലും ജോലി ലഭിക്കാതിരുന്നതും ഷൈനിയെ നിരാശയാക്കിയിരുന്നു.
മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലിയും അസ്വസ്ഥതകൾ ഉടലെടുത്തു. മൂവരുടെയും മൃതദേഹം കോട്ടയം തെള്ളകത്തെ പള്ളിയില്‍ സംസ്കരിക്കാനായിരുന്നു തീരുമാനമെങ്കിലും ഷൈനിയുടെ മൂത്തമകന് എഡ്വിന് നല്കിയ പരാതിയെത്തുടര്‍ന്ന് തൊടുപുഴയിലേക്ക് സംസ്കാരം മാറ്റുകയായിരുന്നു. തെള്ളകത്തെ ആശുപത്രിയില്‍നിന്ന് മൃതദേഹം എടുക്കുമ്പോഴും തൊടുപുഴയിലെ വീട്ടിലും പള്ളിയിലും നോബിക്കുനേരെ കടുത്ത പ്രതിഷേധം ഉണ്ടായി. ഇതോടെ പൊലീസ് സുരക്ഷയിലായിരുന്നു സംസ്കാരച്ചടങ്ങുകൾ നടന്നത്. സംഭവത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ കോട്ടയം ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് പൊലീസ് കടന്നത്. പ്രതിയെ വ്യാഴാഴ്ച ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

