ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം പോലുമുണ്ടായിരുന്നില്ല; ആന്തരികാവയവങ്ങളിൽ നീർക്കെട്ട് -സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം
text_fieldsകൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം തടവുശിക്ഷ. ചെങ്കുളം പറണ്ടോട് ചരുവിള വീട്ടിൽ തുഷാരയാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാജ്യത്ത് തന്നെ ഇത്തരം കേസ് ആദ്യമായിരിക്കുമെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. 2019 മാർച്ച് 21ന് ഓയൂരിലാണ് സംഭവം നടന്നത്.
തുഷാരയുടെ ഭർത്താവ് പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ(36) ആണ് ഒന്നാം പ്രതി. ചന്തുലാലിന്റെ അമ്മ ഗീത(61)യാണ് രണ്ടാംപ്രതി. മൂന്നാംപ്രതിയായ ചന്തുലാലിന്റെ പിതാവ് ലാലിനെ(67)മരിച്ച നിലയിൽ കണ്ടെത്തിയതിനാൽ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.
വിവാഹം കഴിഞ്ഞ് അഞ്ചരവർഷം കഴിഞ്ഞാണ് തുഷാര മരിച്ചത്. 2013ൽ ആയിരുന്നു വിവാഹം. പാവപ്പെട്ട കുടുംബമായിരുന്നു തുഷാരയുടെത്. 20 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും സ്ത്രീധനമായി നൽകാമെന്ന് പറഞ്ഞാണ് വിവാഹം ഉറപ്പിച്ചത്.
ഒരു ഓട്ടോ ഡ്രൈവറാണ് വീട്ടുകാരെ തുഷാരയുടെ മരണവാർത്ത അറിയിച്ചത്. അർധരാത്രി ഒരുമണിയോടെ കുടുംബം കൊല്ലം ജില്ലാ ആശുപത്രിയിലെത്തിയപ്പോൾ കുടുംബത്തിന് ചില സംശയങ്ങൾ തോന്നി. വളരെയധികം ശോഷിച്ച നിലയിലായിരുന്നു മൃതദേഹം. തുടർന്ന് അവർ പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ക്രൂരമായ കൊലപാതകത്തെ കുറിച്ച് പുറംലോകമറിഞ്ഞത്.
21 കിലോഗ്രാം ആയിരുന്നു മരണസമയത്ത് മൃതദേഹത്തിന്റെ ഭാരം. ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശമേ ഇല്ലായിരുന്നു. ചർമം എല്ലിനോട് മാംസം ഇല്ലാത്ത നിലയിലായിരുന്നു. വയർ ഒട്ടി വാരിയെല്ല് തെളിഞ്ഞ് നട്ടെല്ലിനോട് ചേർന്നിരുന്നു. ആന്തരികാവയവങ്ങളിൽ നീർക്കെട്ട് ബാധിച്ചിട്ടുണ്ടായിരുന്നു.
വിവാഹം കഴിഞ്ഞ് മൂന്നാംമാസം മുതൽ സ്ത്രീധന തുക ആവശ്യപ്പെട്ട് ഭർതൃകുടുംബം തുഷാരയെ പീഡിപ്പിക്കാൻ തുടങ്ങി. സ്വന്തംവീട്ടിൽ പോകാനോ മാതാപിതാക്കളെ കാണാനോ അനുവദിച്ചില്ല.
തുഷാര മരിക്കുമ്പോൾ മക്കൾക്ക് യഥാക്രമം മൂന്നരയും ഒന്നരയും വയസായിരുന്നു പ്രായം. മൂത്ത കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോഴും തുഷാരയെ ഒപ്പം പറഞ്ഞയച്ചില്ല. അവർ കിടപ്പുരോഗി എന്നാണ് ഭർതൃവീട്ടുകാർ പറഞ്ഞു നടന്നത്. രേഖകളിൽ അമ്മയുടെ പേരിന്റെ സ്ഥാനത്ത് ഭർതൃമാതാവിന്റെ പേരാണ് ചേർത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

