വിയ്യൂർ ജയിലിൽ മാവോവാദി തടവുകാരുടെ നിരാഹാര പ്രതിഷേധം
text_fieldsതൃശൂർ: മനുഷ്യാവകാശ ദിനത്തിൽ വിയ്യൂർ അതിസുരക്ഷ ജയിലിൽ മാവോവാദി തടവുകാരുടെ നിരാഹാര പ്രതിഷേധം. രൂപേഷ്, ഡോ. ദിനേശ്, എം.ജി. രാജൻ, രാഘവേന്ദ്ര, ഉസ്മാൻ, വിജിത്ത്, ശ്രീധന്യ എന്നിവരാണ് നിരാഹാരമനുഷ്ഠിച്ചത്.
തടവുകാർ നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഭക്ഷണം നിരസിച്ചു.
ജയിൽ കുറ്റങ്ങൾക്കുള്ള ശിക്ഷ എന്ന പേരിൽ തുടർച്ചയായി 24 മണിക്കൂർ പൂട്ടിയിടുന്നതും തടവുകാരെ കൈവിലങ്ങ് അണിയിക്കുന്നതും അടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ഉന്നയിച്ചും തടവുകാർക്ക് ചികിത്സ സൗകര്യങ്ങൾ ഒരുക്കുക, നീണ്ട കാലം വിചാരണത്തടവുകാരായി കഴിയുന്നവർക്ക് ഉടൻ ജാമ്യം നൽകുക, വിചാരണ വേഗത്തിൽ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുമായിരുന്നു പ്രതിഷേധം.
അതേസമയം, തടവുകാർ നിരാഹാര സമരം നടത്തുന്നെന്ന വിവരം ജയിൽ അധികൃതർ നിഷേധിച്ചു. സമരവുമായി ബന്ധപ്പെട്ട് തടവുകാർ ഒന്നും അറിയിച്ചിട്ടില്ലെന്നും രേഖപ്രകാരം എല്ലാവരും ഭക്ഷണം വാങ്ങിയിട്ടുണ്ടെന്നും ജയിൽ സൂപ്രണ്ട് അറിയിച്ചു.