മനുഷ്യ–വന്യജീവി സംഘർഷം : പരമ്പരാഗത അറിവുകൾ ശേഖരിക്കാൻ ഗോത്രഭേരി
text_fieldsതിരുവനന്തപുരം : ആദിവാസി ഗോത്ര സമൂഹങ്ങളുടെ അറിവുകൾ ഉൾക്കൊണ്ട് ശാസ്ത്രീയവും സാങ്കേതികവുമായ സംയോജനത്തിലൂടെ വന്യജീവി സംഘർഷങ്ങൾക്കെതിരെ നൂതന നടപടികൾ സ്വീകരിക്കുകയാണ് വനം വകുപ്പ്. ഇതിനായി ’ഗോത്രഭേരി’ സെമിനാറുകൾ സംഘടിപ്പിക്കുന്നു. രണ്ട് മാസങ്ങളിലായി കേരളമൊട്ടാകെ നടക്കുന്ന ഈ പരിപാടി മന്ത്രി എ.കെ. ശശീന്ദ്രൻ തിരുവനന്തപുരം പേപ്പാറ പൊടിയക്കാലയിൽ മാർച്ച് അഞ്ചിന് ഉദ്ഘാടനം ചെയ്യും.
432 ഉന്നതികളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി 18 സെമിനാറുകളാണ് ആദ്യഘട്ടത്തിൽ സംഘടിപ്പിക്കുന്നത്. വന്യജീവി സംരക്ഷണത്തിനും മനുഷ്യജീവിതം ഭദ്രമാക്കുന്നതിനും തനത് അറിവുകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ’ഗോത്രഭേരി’ കേരള വനം–വന്യജീവി വകുപ്പും കേരള വന ഗവേഷണ സ്ഥാപനവും ട്രൈബൽ ഡിപ്പാർട്ട്മെൻറും സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.
ഗോത്ര സമുദായങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ സെമിനാറുകളിൽ ആവിഷ്കരിക്കും.വന്യജീവികളെ കുറിച്ചുള്ള ഗോത്ര സമുദായങ്ങളുടെ തനത് അറിവുകൾ ശേഖരിക്കൽ, മനുഷ്യവന്യജീവി സംഘർഷത്തിന്റെ കാരണങ്ങൾ, വനമേഖലകളിൽ കൃഷിയും വനവാസികളും നേരിടുന്ന പ്രധാന വെല്ലുവിളികൾ, ശാസ്ത്രീയ പരിശോധനയിലൂടെ പരമ്പരാഗത അറിവുകളുടെ പ്രായോഗികത ഉറപ്പാക്കൽ, സർക്കാരിന്റെയും ഗവേഷണസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ വികസിപ്പിക്കാവുന്ന പുതിയ സംരക്ഷണ നടപടികൾ എന്നിവ സെമിനാറുകളിലെ പ്രധാന വിഷയങ്ങളായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

