ഫാഷിസ്റ്റ് വിരുദ്ധ ജനകീയ സമ്മേളനം: നവഫാഷിസത്തിനെതിരെ മാനവീയ ഐക്യം ശക്തിപ്പെടുത്തണം -പാളയം ഇമാം
text_fieldsകോഴിക്കോട്ട് സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ ജനകീയ സമ്മേളനം തിരുവനന്തപുരം പാളയം ജുമാമസ്ജിദ് ഇമാം ഡോ. വി.പി. സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: നവഫാഷിസ്റ്റ് ഭരണകൂടം ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിനെ മാനവീയ ഐക്യത്തിലൂടെ പരാജയപ്പെടുത്തണമെന്നും പൗരാവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ ഇന്ത്യൻ ഭരണഘടനയെ മുറുകെപിടിക്കണമെന്നും തിരുവനന്തപുരം പാളയം ജുമാമസ്ജിദ് ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. കോഴിക്കോട്ട് സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ ജനകീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ വർഗീയമായി വിഭജിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ നവഫാഷിസ്റ്റ് ഭരണകൂടം പൗരത്വനിയമം, വഖഫ് ഭേദഗതി, മുത്തലാഖ് നിയമം, മണിപ്പൂർ, കന്യാസ്ത്രീകൾക്കെതിരായ അക്രമം തുടങ്ങിയ അജണ്ടകൾ നടപ്പാക്കുന്നത്. ഇരകളെ ഒന്നിച്ചാക്രമിക്കാതെ ഒന്നിനുപിറകെ മറ്റൊന്നിന് പിന്നാലെ പോവുക എന്നതാണ് ഫാഷിസത്തിന്റെ രീതി. ഇരകൾ വിഘടിച്ചുനിൽക്കുന്നതാണ് ഫാഷിസത്തിന്റെ വിജയം. മൗലാന അബുൽ കലാം ആസാദ് അടക്കമുള്ള സ്വാതന്ത്യ്രസമര സേനാനികൾ കാണിച്ചുതന്ന മാതൃക പിന്തുടർന്ന് ജാതി-മത-വർഗ ചിന്തകൾക്കതീതമായ മാനവീയ സൗഹൃദം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഫാഷിസത്തിന്റെ ജനനം 100 വയസ്സിൽ ഒതുങ്ങില്ലെന്നും അതിന്റെ സങ്കീർണമായ ആശയ പശ്ചാത്തലം ഇന്ത്യൻ ജാതിവ്യവസ്ഥയാണെന്നും എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് പറഞ്ഞു. സംഘാടകസമിതി ചെയർമാൻ ഷനോജ് കാവിൽ അധ്യക്ഷതവഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, കെ. അജിത, സണ്ണി എം. കപിക്കാട്, ജയരാജൻ മൂടാടി, അഡ്വ. പി.എ. പൗരൻ, പി.കെ. പോക്കർ, വി.പി. സുഹറ തുടങ്ങിയവർ സംസാരിച്ചു. എം.പി. കുഞ്ഞിക്കണാരൻ സ്വാഗതവും മുസ്തഫ പാലാഴി നന്ദിയും പറഞ്ഞു. ഫാഷിസവും ഭരണഘടനയും, ഫാഷിസ്റ്റ് സംസ്കാരവും ജാതി-സ്ത്രീ-പരിസ്ഥിതി പ്രശ്നങ്ങളും എന്നീ വിഷയങ്ങളിൽ സെമിനാറും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

