പൊലീസുദ്യോഗസ്ഥരുടെ ആത്മഹത്യ തടയാൻ സേനയുടെ അംഗബലം വർധിപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന ജോലി സമ്മർദം കാരണമുള്ള ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിൽ ലോക്കൽ പൊലീസ് സ്റ്റേഷനുകളിലെ അംഗബലം പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് പരിഷ്ക്കരിച്ച് സേനയെ നവീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദേശം നൽകിയത്.
സേനയിലെ അംഗബലം കുറവായതിനാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വിശ്രമവും പ്രതിവാര അവധിയും ലഭിക്കാത്തതു കാരണം മാനസിക സമ്മർദം കൂടിവരുന്നതായുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. ഇത് പൊലീസിന്റെ കാര്യക്ഷമതയെ ബാധിക്കും. പൊലീസിൽ നിന്നും സ്വയം വിരമിക്കാൻ അപേക്ഷ നൽകുന്നവരുടെ എണ്ണവും കൂടി വരികയാണെന്ന് ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്തെ പല പൊലീസ് സ്റ്റേഷനുകളിലും മതിയായ അംഗബലം ഇല്ലാത്തതിനാൽ ക്രമസമാധാന പരിപാലനം യഥാവിധി നടക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജനസാന്ദ്രതക്ക് അനുസരിച്ച് അംഗബലം പരിഷ്ക്കരിച്ചാൽ മാത്രമേ ക്രമസമാധാന ചുമതലകൾ സമയബന്ധിതമായി നിർവഹിക്കാൻ കഴിയുകയുള്ളൂ. വി.ഐ.പി. ഡ്യൂട്ടിക്ക് പൊലീസ് ഉദ്യോഗസ്ഥർ പോകുമ്പോൾ സ്റ്റേഷനിലെ ക്രമസമാധാന കാര്യങ്ങൾ അവതാളത്തിലാകുന്നതായി പരാതിയുണ്ടെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

