വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിങ് റോഡിന് നഷ്ടപരിഹാരം എന്നു മുതൽ നൽകാനാവുമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡ് (എൻ.എച്ച്. 866) പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം എന്നു മുതൽ വിതരണം ചെയ്യാൻ കഴിയും എന്നത് സംബന്ധിച്ച് ആറാഴ്ചക്കുള്ളിൽ വ്യക്തമായ റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഏപ്രിലിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമ്പോൾ പൊതുമരാമത്ത് വകുപ്പിൽ നിന്നും ജോയിന്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥൻ ഹാജരാകണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കൽ നടപടികൾ അനന്തമായി നീളുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. ഈ കേസിൽ നിരവധി ഉത്തരവുകൾ കമീഷൻ പാസാക്കിയിട്ടുണ്ട്. ഭൂമി എറ്റെടുക്കലിന് ആവശ്യമായ ഫണ്ട് ലഭ്യത സംബന്ധിച്ച് ഇനിയും വ്യക്തത കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
റോഡിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനായി 11 വില്ലേജുകളിൽ സെക്ഷൻ മൂന്ന് ഡി വിജ്ഞാപനവും ഹിയറിങ്ങും 2023 ഏപ്രിൽ, മെയ് മാസങ്ങളിൽ പൂർത്തിയാക്കിയെങ്കിലും ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം അനുവദിച്ചിട്ടില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
തിരുവനന്തപുരം കലക്ടർ കഴിഞ്ഞ വർഷം സെപ്റ്റംബർ 28-ന് കമീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ, നഷ്ടപരിഹാരം എന്നുമുതൽ വിതരണം ചെയ്യാൻ കഴിയുമെന്ന കാര്യം പരാമർശിച്ചിട്ടില്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകാത്തതു കാരണമാണ് കേന്ദ്രവിഹിതം അനുവദിക്കാത്തതെന്നും ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ ഭൂവുടമകൾ ദുരിതം അനുഭവിക്കുകയാണെന്നും പരാതിക്കാരായ ഔട്ടർ റിംഗ് റോഡ് ജനകീയ സമിതി ഭാരവാഹികളായ എസ്. ചന്ദ്രമോഹൻ നായർ, അജിത നരേന്ദ്രനാഥ്, അർച്ചന ശ്രീകുമാർ എന്നിവർ കമീഷനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

