‘ഡി.ഐ.ജി അന്വേഷിക്കണം, റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണം’; ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമീഷൻ
text_fieldsദീപക്
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമീഷൻ. നോർത്ത് സോൺ ഡി.ഐ.ജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നും കമീഷൻ അറിയിച്ചു.
കണ്ടന്റ് ക്രിയേറ്ററായ യുവതി വിഡിയോ പരസ്യമാക്കിയതിന് പിന്നാലെ യുവാവ് ആശങ്കാകുലനായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നും പരാതികളിൽ പറയുന്നതായി കമീഷൻ ചൂണ്ടിക്കാട്ടി. അഡ്വ. വി.ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിലാണ് നടപടി. യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ നിയമനടപടികളുമായി രാഹുൽ ഈശ്വറും രംഗത്തെത്തിയിട്ടുണ്ട്. ദീപക്കിന്റെ മരണത്തിന് കാരണമായ വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.
ദീപക്കിന്റെ കുടുംബത്തിന് പൂർണമായ നിയമസഹായവും സാമ്പത്തിക സഹായവും ലഭ്യമാക്കണമെന്ന് രാഹുൽ ഈശ്വർ പരാതിയിൽ അഭ്യർഥിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ വ്യാജമാണെന്നും, ആത്മഹത്യയുമായി ബന്ധപ്പെട്ട് മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വസ്തുതകൾ പരിഗണിച്ച് യുവതിക്കെതിരെ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മെൻസ് കമ്മീഷൻ ആക്ടിവിസ്റ്റ് എന്ന നിലയിൽ ദീപക്കിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ നിയമ സഹായങ്ങളും ടീം രാഹുൽ ഈശ്വർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദീപക്കിന്‍റെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. വസ്ത്രവ്യാപാര സ്ഥാപനത്തിൽ ഏഴ് വർഷമായി സെയിൽസ് മാനേജരായി ജോലി ചെയ്തിരുന്ന ദീപക്കിനെതിരെ ഇതുവരെ പരാതികളോ കേസുകളോ ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക വിഷമത്തിലായിരുന്നു. സോഷ്യൽ മീഡിയയിൽ റീച്ച് ലഭിക്കാൻ വേണ്ടി യുവതി നടത്തിയ കണ്ടന്റ് ക്രിയേഷൻ ആണോ ഇതെന്നും സുഹൃത്തുക്കൾ സംശയം പ്രകടിപ്പിക്കുന്നു.
ദീപക്കിനെ യുവതി മനപ്പൂർവം അപകീർത്തിപ്പെടുത്തുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്. ജോലിയാവശ്യാർത്ഥം കഴിഞ്ഞ വെള്ളിയാഴ്ച ബസിൽ യാത്രചെയ്യുകയായിരുന്നു ദീപക്. തിരക്കുള്ള ബസ് ആയിരുന്നു. ഇരിക്കാൻ സ്ഥലമില്ലാതെ നിൽക്കുന്ന സമയത്താണ് യുവതി വിഡിയോ ചിത്രീകരിച്ചതും പിന്നീട് പ്രചരിപ്പിക്കുകയും ചെയ്തത്. ഇത് മനപ്പൂർവ്വം ചെയ്തതാണെന്നും യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ബസിൽവെച്ച് ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു സാമൂഹ മാധ്യമത്തിൽ യുവതിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വിഡിയോ വൻതോതിൽ പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

