വൈദ്യുതി ബില്ലുകൾ മായാതെ നോക്കണം; കെ.എസ്.ഇ.ബി സെക്രട്ടറിയോട് മനുഷ്യാവകാശ കമീഷൻ
text_fieldsകൊല്ലം: വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തുന്ന തുകയും മറ്റ് അത്യാവശ്യ വിവരങ്ങളും മാഞ്ഞുപോകാതെ നോക്കണമെന്ന് മനുഷ്യാവകാശ കമീഷനംഗം വി. ഗീത. ഇലക്ട്രിസിറ്റി ബോർഡ് കമ്പ്യൂട്ടർവഴി പ്രിന്റ് ചെയ്ത് നൽകുന്ന ബില്ലിലെ അക്ഷരങ്ങൾ വളരെവേഗം മാഞ്ഞുപോകുന്നതായി ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
കെ.എസ്.ഇ.ബിയിൽ നേരിട്ട് പണമടക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ, 75 ശതമാനം ഉപഭോക്താക്കളും പണമടക്കാൻ ഓൺലൈൻ സേവനമാണ് ആശ്രയിക്കുന്നതെന്ന് ഇലക്ട്രിസിറ്റി ബോർഡ് സെക്രട്ടറി കമീഷനെ അറിയിച്ചു.
കേന്ദ്ര സർക്കാർ നൽകുന്ന റാങ്കിങ്ങിൽ ഓൺലൈൻ പണമിടപാടിന് പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഓൺലൈൻ ഇടപാട് പുനഃപരിശോധിക്കണമെന്ന ആവശ്യത്തിൽ കമീഷൻ ഇടപെട്ടില്ല. മഷിയുടെ കുറവ് കാരണമാണ് കമ്പ്യൂട്ടർ ബില്ലുകൾ മാഞ്ഞുപോകുന്നതെന്ന പരാതിക്കാരന്റെ ആരോപണം ഗൗരവതരമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. ഇക്കാര്യം വൈദ്യുതി ബോർഡ് ഗൗരവമായെടുക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
ഇലക്ട്രിസിറ്റി ബോർഡ് സെക്രട്ടറിക്കാണ് കമീഷൻ നിർദേശം നൽകിയത്. പെരുമൺ സ്വദേശി ഡി. ദേബാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

