മനുഷ്യാവകാശ-ആദിവാസി നേതാക്കളെ നക്സൽ മുദ്രകുത്തി ഇല്ലാതാക്കുന്നു -കെ.പി. രാജേന്ദ്രൻ
text_fieldsകൊടുങ്ങല്ലൂർ: ഇടതുപക്ഷ പാർട്ടികളുടെ സമ്പൂർണ ഐക്യം ആവശ്യമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.പി. രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ നേതാവും മുൻ കൃഷിമന്ത്രിയുമായിരുന്ന വി.കെ. രാജന്റെ 29ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായ അനുസ്മരണ സമ്മേളനം കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാഷിസത്തെ നേരിടുക എന്ന വലിയ ആശയത്തിനുവേണ്ടി ചെറിയ അഭിപ്രായവ്യത്യാസങ്ങളെല്ലാം അവസാനിപ്പിക്കണം. ബി.ജെ.പി സർക്കാർ നിരവധി മനുഷ്യാവകാശ പ്രവർത്തകരെയും ആദിവാസി നേതാക്കളെയും നക്സലൈറ്റുകളെന്ന് മുദ്രകുത്തി ഇല്ലായ്മ ചെയ്യുകയാണ്.
നക്സൽമുക്ത ഭാരതം എന്ന ബി.ജെ.പിയുടെ മുദ്രാവാക്യം കമ്യൂണിസ്റ്റ്മുക്ത ഭാരതം എന്ന രീതിയിലേക്കു മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനംപിടിച്ച കമ്യൂണിസ്റ്റായ വി.കെ. രാജൻ ഉദാത്തമായ മനുഷ്യ സ്നേഹത്തിന്റെ പ്രതീകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ തൃശൂർ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു. മികച്ച പൊതു പ്രവർത്തകനുള്ള വി.കെ. രാജൻ സ്മാരക പുരസ്കാരം മുൻ എം.എൽ.എ എ.കെ. ചന്ദ്രന് സമ്മാനിച്ചു. ‘തുടരും’ സിനിമയുടെ തിരക്കഥാകൃത്ത് കെ.ആർ. സുനിലിനെ ചടങ്ങിൽ ആദരിച്ചു. കെ.ജി. ശിവാനന്ദൻ, എ.കെ. ചന്ദ്രൻ, കെ.വി. വസന്തകുമാർ, ടി.കെ. സുധീഷ്, വി.ആർ. സുനിൽ കുമാർ എം.എൽ.എ, ഇ.ടി. ടൈസൺ എം.എൽ.എ, സി.സി. വിപിൻ ചന്ദ്രൻ, പി.പി. സുഭാഷ്, ടി.പി. രഘുനാഥ്, പി.ബി. ഖയസ്, സുമ ശിവൻ, കെ.ആർ. സുനിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

