പെരുമ്പാമ്പിനെ പിടികൂടണമെന്ന് പറഞ്ഞ് നാട്ടുകാർ വിളിച്ചു; വനം വകുപ്പ് എത്തിയപ്പോൾ കണ്ടത് കൂറ്റൻ അണലിയെ!
text_fieldsതിരുവനന്തപുരം: 'സർപ'യിലേക്ക് ബുധനാഴ്ച രാത്രി പെരുമ്പാമ്പിനെ കണ്ടു എന്നുപറഞ്ഞ് നെടുമങ്ങാട് നിന്ന് ഒരു കോൾ വന്നു. എന്നാൽ വനംവകുപ്പ് ജീവനക്കാർ എത്തിയപ്പോൾ പെരുമ്പാമ്പിനെയൊന്നും അവിടെ കണ്ടില്ല. പകരം കൂറ്റൻ അണലിയുണ്ട്. നെടുമങ്ങാട് മണക്കോട് പ്രദേശത്താണ് സംഭവം. റോഡിന് അരികിലെ മതിലിലാണ് അണലി ഇരുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ വലിയൊരു സംഘം നാട്ടുകാർ അവിടെ തടിച്ചുകൂടി നിൽപുണ്ടായിരുന്നു.
ഒറ്റനോട്ടത്തിൽ അണലിയെ കണ്ട് പെരുമ്പാമ്പാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. അങ്ങനെ ആളുകൾ അപകടത്തിൽ പെടാറും ഉണ്ട്. വളരെ അപകടകാരിയാണ് അണലി. ഉഗ്രവിഷമുള്ള പാമ്പുകളിൽ പെട്ട ഒന്നാണ്. കടിയേറ്റാൽ ജീവൻ രക്ഷിക്കുന്നതും ശ്രമകരമാണ്. വളരെ വേഗത്തിൽ 360 ഡിഗ്രി വരെ തിരിഞ്ഞ് കടിക്കാൻ അണലിക്ക് കഴിയും.
വനം വകുപ്പിന്റെ ആർ.ആർ.ടി അംഗവും സ്നേക്ക് ക്യാച്ചറുമായ രോഷ്നിയും സംഘവുമാണ് സ്ഥലത്തെത്തിയത്. മതിൽ കെട്ടിനകത്ത് ചുരുണ്ടു കൂടിയിരിക്കുന്നത് പെരുംപാമ്പല്ല അണലിയാണെന്ന് അവർക്ക് മനസിലായി. നാട്ടുകാരുടെ സഹായത്തോടെ മതിൽ കെട്ട് പൊളിച്ച് ഏറെ പണിപ്പെട്ടാണെങ്കിലും അണലിയെ രോഷ്നി ബാഗിനുള്ളിലാക്കി. ഈ ഭാഗത്ത് നിന്ന് രാത്രിയിൽ ഒരു മൂർഖനെയും വനം വകുപ്പ് പിടികൂടിയിട്ടുണ്ട്.
രോഷ്നിക്കൊപ്പം വനം വകുപ്പ് ജീവനക്കാരായ ഷിബു, രോഹിണി, സുഭാഷ് എന്നിവരാണ് ഉണ്ടായിരുന്നത്. പാമ്പുകൾ ഇണ ചേരുന്ന സമയമാണ് ഇപ്പോൾ. മാത്രമല്ല ചൂടും കൂടുതലായി വർധിക്കുന്ന സമയമാണ്. അതിനാൽ മാളങ്ങളിൽ നിന്നും കല്ലുകെട്ട് പോലെയുള്ളവക്കുള്ളിൽ നിന്നും പാമ്പുകൾ പുറത്തിറങ്ങി വരാൻ സാധ്യത വളരെ കൂടുതലാണ്. അതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

