സ്വർണപ്പാളി വിവാദം: 34 ാം ദിവസം കേസ്; പുറത്തുവന്നത് വൻ കൊള്ള
text_fieldsപത്തനംതിട്ട: ഹൈകോടതിയുടെ അനുമതിയില്ലാതെ ദ്വാരപാലകശിൽപ പാളികൾ പുറത്തുകൊണ്ടുപോയെന്ന ശബരിമല സ്പെഷല്‍ കമീഷണറുടെ റിപ്പോർട്ടോടെ പുറത്തുവന്ന വിവാദം എത്തിനിൽക്കുന്നത്, നടന്നത് വൻ കൊള്ളയെന്ന കണ്ടെത്തലിൽ. വിവാദം തുടങ്ങി 34 ാംദിവസം ക്രൈം ബ്രാഞ്ച് കേസെടുക്കുകയും ചെയ്തു. സെപ്റ്റംബർ ഏഴിന് രാത്രി ശബരിമല ശ്രീകോവിലിന്റെ ഇരുവശങ്ങളിലെയും ദ്വാരപാലക ശിൽപങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഇളക്കിയെടുത്തതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. പിറ്റേന്ന് ഇവ അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയി. ഇതിനുപിന്നാലെയാണ് കോടതി അനുമതി വാങ്ങാതെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികൾക്ക് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്ന് ശബരിമല സ്പെഷല്‍ കമീഷണര്‍ ജസ്റ്റിസ് ആര്. ജയകൃഷ്ണന് ഹൈകോടതിക്ക് റിപ്പോര്‍ട്ട് നൽകിയത്.
ശബരിമലയിലെ അറ്റകുറ്റപ്പണികള്‍ക്ക് ഹൈകോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശം ലംഘിച്ചെന്നായിരുന്നു റിപ്പോർട്ട്. ഇതിൽ ഇടപെട്ട ഹൈകോടതി ദേവസ്വം ബെഞ്ച്, തുടർപരിശോധനകളിൽ ഇതേ ശിൽപപാളികൾ 2019ൽ സ്വർണം പൂശിയതിനുശേഷം തിരികെ കൊണ്ടുവന്നപ്പോൾ 4.147 കിലോ കുറഞ്ഞതായി കണ്ടെത്തി. ഇതോടെ സമഗ്ര അന്വേഷണത്തിന് ദേവസ്വം വിജിലൻസിന് കോടതി നിർദേശം നൽകി.
ഇതിനിടെ, ദ്വാരപാലക ശിൽപങ്ങൾക്കായി നിർമിച്ചുനൽകിയ താങ്ങുപീഠം കാണാതായെന്ന വാദവുമായി സെപ്റ്റംബർ 17ന് ഉണ്ണികൃഷ്ണൻ പോറ്റി രംഗത്തെത്തിയത് വലിയ ചർച്ചയായി. സെപ്റ്റംബർ 28ന് പീഠങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ വീട്ടിൽനിന്ന് തന്നെ ദേവസ്വം വിജിലൻസ് കണ്ടെടുത്തു. ഇതോടെ അന്വേഷണം ഉണ്ണികൃഷ്ണൻ പോറ്റിയിലേക്കായി. ഇതിന്റെ തുടർച്ചയായാണ് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കവർന്നുവെന്ന കണ്ടെത്തൽ.
2019ൽ സ്വർണം പൂശാൻ ചെമ്പ് പാളികളാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നായിരുന്നു ദേവസ്വം രേഖകൾ. ലഭിച്ചത് ചെമ്പാണെന്ന്, ഉണ്ണികൃഷ്ണൻ പോറ്റിയും ആവർത്തിച്ചു. എന്നാൽ, 1999ൽ വിജയ് മല്യ സ്വർണം പതിപ്പിച്ച പാളികളാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയതെന്ന്, ദേവസ്വം വിജിലൻസ് കോടതിക്ക് റിപ്പോർട്ട് നൽകി. പിന്നാലെ, 1999ൽ വിജയ് മല്യ സ്വർണം പതിപ്പിച്ച ശ്രീകോവിൽ കട്ടിളകളും ചെമ്പെന്ന് രേഖപ്പെടുത്തി കടത്തിയതായി വ്യക്തമായി. ഇതിനൊടുവിലാണ് തട്ടിപ്പ്പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലെത്തി നിൽക്കുന്നത്. ശബരിമലയിലെ സ്വർണം കടത്താൻ ദേവസ്വം ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി കണ്ടെത്തിയിട്ടുണ്ട്. മഹസറിൽ ചെമ്പെന്ന് രേഖപ്പെടുത്തിയ 2019ലെ അഡ്മിനിസ്ട്രേഷൻ ഓഫിസർ മുരാരി ബാബുവിനെ ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു.
സ്മാർട്ട് ക്രിയേഷൻസിന്റെ കണക്കിൽ പൊരുത്തക്കേട്
പത്തനംതിട്ട: സ്വർണപ്പാളി തട്ടിപ്പിൽ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന്റെ കണക്കുകളിൽ പൊരുത്തക്കേട്. ദ്വാരപാലക ശിൽപത്തിൽ 1999ൽ വിജയ് മല്യ 1546 ഗ്രാം സ്വർണം പതിപ്പിച്ചതായാണ് ദേവസ്വം രേഖകൾ. എന്നാൽ, ഇവ വീണ്ടും സ്വർണം പൂശാൻ എത്തിച്ചപ്പോൾ രാസലായനിയിൽ മുക്കി ചെമ്പും സ്വർണവും വേർതിരിച്ചെന്ന് അവകാശപ്പെടുന്ന സ്മാർട്ട് ക്രിയേഷൻസ്, ദ്വാരപാലകശിൽപ പാളികളിൽനിന്ന് 577 ഗ്രാം സ്വർണം ലഭിച്ചെന്നാണ് വിജിലൻസിനെ അറിയിച്ചിരിക്കുന്നത്. ഇതോടെ പാളികളിലുണ്ടായിരുന്ന ഒരുകിലോയോളം സ്വർണം എങ്ങനെ നഷ്ടമായെന്ന ദുരൂഹത തുടരുകയാണ്. സ്വർണം പൂശിയ പാളികൾ സ്വീകരിക്കില്ലെന്ന് ആവർത്തിച്ച സ്മാർട്ട് ക്രിയേഷൻസാണ് പിന്നീട്, ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പാളികൾ ഉരുക്കി സ്വർണം വേർതിരിച്ചതായി മൊഴി നൽകിയത്. ദേവസ്വം വിജിലൻസിന് മൊഴി നൽകിയതിനുമുമ്പ് ഉണ്ണികൃഷ്ണൻ പോറ്റി ഇവരുമായി ബന്ധപ്പെട്ടതിന്റെ സൂചനകളും പുറത്തുവന്നിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണപ്പാളികൾ നൽകിയ ഉന്നതരെ രക്ഷിക്കാനുള്ള നീക്കമാണോ ഇതെന്നും സംശയമുണ്ട്. സ്ഥാപനത്തെക്കുറിച്ചും വിശദ അന്വേഷണം വേണമെന്ന് ദേവസ്വം വിജിലൻസ് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

