സംസ്ഥാനത്ത് കുട്ടികളില്ലാ സ്കൂളുകളുടെ എണ്ണത്തിൽ വൻ വർധന
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് 25ൽ താഴെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളുടെ എണ്ണത്തിൽ വൻ വർധന. ഒറ്റ വർഷം 166 സ്കൂളുകളാണ് ഈ ഗണത്തിൽ വർധിച്ചത്. 25ൽ താഴെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളുടെ എണ്ണം 2024-25ൽ 1197 ആയിരുന്നത് 2025-26ൽ 1363 ആയാണ് വർധിച്ചത്. ഇതിൽ 282 സ്കൂളുകളിൽ പത്തിൽ താഴെ വിദ്യാർഥികൾ മാത്രമാണ് പഠിക്കുന്നത്. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടുന്നുവെന്ന് പെരുപ്പിച്ച കണക്ക് നിരത്തി സംസ്ഥാന സർക്കാർ പെരുമ നടിക്കുമ്പോഴാണ് കുട്ടികളില്ലാത്ത സ്കൂളുകളുടെ എണ്ണത്തിൽ വൻ വർധന വരുന്നത്.
പത്തിൽ താഴെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളുടെ എണ്ണത്തിലും ഈ വർഷം വർധനവുണ്ട്. കഴിഞ്ഞ വർഷം 227 സ്കൂളുകളിലായിരുന്നെങ്കിൽ ഇത്തവണ 55 സ്കൂളുകൾ ഈ ഗണത്തിൽ വർധിച്ചു. ഈ വർഷം 25ൽ താഴെ കുട്ടികളുള്ള സ്കൂളുകളിൽ 532 എണ്ണം സർക്കാർ മേഖലയിലാണ്. 831 എണ്ണം എയ്ഡഡ് മേഖലയിലുമാണ്. പത്തിൽ താഴെ കുട്ടികൾ പഠിക്കുന്ന 282 സ്കൂളുകളിൽ 58 എണ്ണം സർക്കാർ മേഖലയിലും 224 എണ്ണം എയ്ഡഡ് മേഖലയിലുമാണ്. സർക്കാർ മേഖലയിലെ 58 എണ്ണത്തിൽ 50 എണ്ണവും എൽ.പി സ്കൂളുകളാണ്. എയ്ഡഡ് മേഖലയിൽ 189 എണ്ണവും എൽ.പി വിഭാഗത്തിലാണ്.
പൊതുവിദ്യാലയങ്ങളിൽ ഒരു വർഷം കൊണ്ട് കുറഞ്ഞത് ഒന്നേകാൽ ലക്ഷം കുട്ടികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം വർഷവും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്. എന്നാൽ, അൺഎയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ വർധിക്കുകയും ചെയ്തു. 2025-26 അധ്യയന വർഷത്തിൽ സർക്കാർ സ്കൂളുകളിൽ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ 66315 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ 59371 കുട്ടികളുമാണ് കുറഞ്ഞത്. പൊതുവിദ്യാലയങ്ങളിൽ ഒരു വർഷം കൊണ്ട് മൊത്തം കുറഞ്ഞത് 125686 കുട്ടികളാണ്. എന്നാൽ, സംസ്ഥാന സിലബസിൽ തന്നെ പ്രവർത്തിക്കുന്ന അൺഎയ്ഡഡ് സ്കൂളുകളിൽ 16752 കുട്ടികൾ വർധിച്ചു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായപ്പോൾ അൺഎയ്ഡഡിൽ ഒരു കുട്ടിയുടെ വർധനവുമുണ്ടായി. സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ വർഷം (2024-25) ഒന്നാം ക്ലാസിൽ 92646 കുട്ടികൾ പ്രവേശനം നേടിയപ്പോൾ ഈ വർഷം (2025-26) 8019 കുട്ടികൾ കുറഞ്ഞ് 84627 പേരാണ് എത്തിയത്.
എയ്ഡഡിൽ കഴിഞ്ഞ വർഷം 158340 കുട്ടികളെത്തിയപ്പോൾ ഈ വർഷം 149849 പേരാണ് (8491 കുറവ്) പ്രവേശനം നേടിയത്. എന്നാൽ, അൺഎയ്ഡഡിൽ കഴിഞ്ഞ വർഷം 47862 പേരും ഇത്തവണ 47863 പേരുമാണ് പ്രവേശനം നേടിയത്. ജനന നിരക്കിലുള്ള കുറവാണ് പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നതിന് കാരണമായി സർക്കാർ പറയുന്നത്. എന്നാൽ, അൺഎയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ വർധിക്കുന്നുവെന്ന വൈരുധ്യവും നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

