സംസ്ഥാനത്ത് ജി.എസ്.ടിയുടെ പേരിൽ വൻ തട്ടിപ്പ്; ഖജനാവിന് 200 കോടിയുടെ നഷ്ടമുണ്ടായെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ജി.എസ്.ടിയുടെ പേരിൽ വൻ തട്ടിപ്പ് നടന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 1100 കോടിയുടെ തട്ടിപ്പാണ് നടന്നത്. ഇതുമൂലം ഖജനാവിന് 200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും വി.ഡി സതീശൻ പറഞ്ഞു. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇത്തരത്തിൽ ഇനിയും നിരവധി തട്ടിപ്പുകൾ നടന്നിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരായ ജനങ്ങളുടെ പേരിൽ ജി.എസ്.ടി രജിസ്ട്രേഷൻ നടന്നു. ഇവരെ മറയാക്കി ഇടപാടുകൾ നടന്നു. പലരും ഇക്കാര്യം അറിഞ്ഞത് വളരെ വൈകിയാണ്. ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണം നടത്തണം. പൂണെ ജി.എസ്.ടി ഇന്റലിജൻസാണ് ഇക്കാര്യം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. അവർ ഇക്കാര്യം സംസ്ഥാന സർക്കാറിനെ അറിയിക്കുകയും ചെയ്തു. എന്നാൽ, സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല. ജി.എസ്.ടി രജിസ്ട്രേഷൻ റദ്ദാക്കുക മാത്രമാണ് അവർ ചെയ്തത്. ജി.എസ്.ടി ഉദ്യോഗസ്ഥർക്കും ഈ തട്ടിപ്പിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
1999ൽ 40 വർഷത്തെ വാറണ്ടിയോടെയാണ് ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശിയത്. എന്നാൽ, 20 വർഷം കഴിഞ്ഞപ്പോൾ 2019ൽ ദ്വാരപാലക ശിൽപങ്ങൾ ശബരിമലയിൽ നിന്നും വീണ്ടും സ്വർണം പൂശാനായി കൊണ്ടുപായി. കൊണ്ടുപോകുമ്പോൾ 42 കിലോയുണ്ടായിരുന്ന സ്വർണപാളി തിരിച്ചെത്തിയപ്പോൾ 38 കിലോ ഗ്രാം മാത്രമാണ് ഉണ്ടായിരുന്നത്. നാല് കിലോ ഗ്രാം സ്വർണത്തിലുണ്ടായ കുറവ് എന്തുകൊണ്ട് ദേവസ്വം ബോർഡ് പരിശോധിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഒരു ലക്ഷം കോടി രൂപ സംസ്ഥാന സർക്കാർ നൽകാനുണ്ടെന്ന ചോദ്യം കഴിഞ്ഞ ദിവസം വി.ഡി സതീശൻ നിയമസഭയിൽ ഉന്നയിച്ചിരുന്നു. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ചർച്ചക്കിടെയായിരുന്നു വി.ഡി സതീശൻ ഇക്കാര്യം ഉന്നയിച്ചത്. ഇതിനൊപ്പം ജി.എസ്.ടി പിരിവിലെ അപാകതകളും സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

