ശബരിമലയിൽ വൻതിരക്ക്: സ്പെഷൽ കമീഷണർ സന്നിധാനത്ത് തങ്ങാൻ നിർദേശം
text_fieldsകൊച്ചി: ശബരിമലയിലെ മണ്ഡലകാല തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഉത്തരവിട്ട് ഹൈകോടതി. ക്യൂ കോംപ്ലക്സുകളിലടക്കം തിരക്കുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നുമുൾപ്പെടെ കോടതി നിർദേശിച്ചു.
ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് ശനിയാഴ്ച പ്രത്യേകം സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് വിഷയം പരിഗണിച്ചത്.
ദർശന സമയം 17 മണിക്കൂറിലും അധികമാക്കാനാകില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോർഡ് കോടതിയിൽ പറഞ്ഞു. തിരക്ക് കണക്കിലെടുത്ത് ദർശനസമയം ഒന്നോ രണ്ടോ മണിക്കൂർ കൂട്ടാനാകുമോയെന്ന് തന്ത്രിയോട് ചോദിക്കാൻ കോടതി രാവിലെ നിർദേശിച്ചിരുന്നു. ഉച്ചക്ക് വിഷയം വീണ്ടും പരിഗണിച്ചപ്പോഴാണ് ദർശന സമയം കൂട്ടാനാകില്ലെന്ന തന്ത്രിയുടെ മറുപടി ദേവസ്വം ബോർഡ് അറിയിച്ചത്.
തന്ത്രിയും മേൽശാന്തിയും മണ്ഡലകാലം മുഴുവൻ സന്നിധാനത്ത് താമസിക്കണമെന്നതിനാലാണ് സമയം കൂട്ടുന്നതിൽ ബുദ്ധിമുട്ടറിയിച്ചത്.ഇതിനിടെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ ക്രമീകരിക്കാൻ ശബരിമല സ്പെഷൽ കമീഷണറോട് സന്നിധാനത്ത് തങ്ങാൻ കോടതി നിർദേശിച്ചു.
തിരക്ക് കണക്കിലെടുത്ത് അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ദിവസേന 15 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ക്യൂ മറികടക്കാനുള്ള ശ്രമം ഭക്തരുടെ ഭാഗത്തുനിന്നുണ്ടായി. പൊലീസ് ഇടപെട്ട് നിയന്ത്രിക്കുകയായിരുന്നു. ക്യൂ മറികടക്കാനുള്ള ശ്രമം തടയാൻ പൊലീസിന് കർശന നിർദേശം നൽകിയതായി സർക്കാർ അറിയിച്ചു. സ്പോട്ട് ബുക്കിങ് അടക്കമുള്ള കാര്യത്തിൽ സത്യവാങ്മൂലം ഫയൽ ചെയ്യാൻ സർക്കാർ സമയം തേടി. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ഭക്തരെ നിയന്ത്രിച്ചാണ് കടത്തിവിടുന്നതെന്നും പമ്പാ മുതൽ ശബരിപീഠം വരെ 16 ഷെഡുകൾ നിർമിച്ചിട്ടുണ്ടെന്നും ശബരിപീഠം മുതൽ മരക്കൂട്ടം വരെ രണ്ട് പൈലറ്റ് ക്യൂ കോംപ്ലക്സുകളുണ്ടെന്നും മരക്കൂട്ടത്തുനിന്ന് ശരംകുത്തിവരെ ആറ് ക്യൂ കോംപ്ലക്സും ഉണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ഭക്തർക്ക് ചുക്കുവെള്ളവും ബിസ്കറ്റും നൽകണമെന്നും തിരക്കുള്ള സ്ഥലങ്ങളിൽ വളന്റിയർമാർ വേണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

