എറണാകുളം ജില്ല കോടതിയിൽ വൻ തൊണ്ടിമുതൽ മോഷണം: നഷ്ടപ്പെട്ടത് 124 തൊണ്ടി മുതലുകൾ
text_fieldsകൊച്ചി: എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായ എം.ഡി.എം.എ എസ്.ഐ മോഷ്ടിച്ച സംഭവത്തിനു പിന്നാലെ, ജില്ല കോടതിയിലും തൊണ്ടിമുതൽ മോഷണം. രണ്ടു ലക്ഷത്തിൽ താഴെ വില വരുന്ന റാഡോ വാച്ച് ഉൾപ്പെടെ 124 തൊണ്ടിമുതലുകളാണ് കോടതിയിലെ തൊണ്ടിമുറിയിൽനിന്ന് നഷ്ടമായത്. കോടതി ജൂനിയർ സൂപ്രണ്ട് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) പരിഗണിക്കുന്ന കേസുകളിലെ തൊണ്ടിമുതലുകളാണ് നഷ്ടപ്പെട്ടത്.
2016 ജനുവരി ഒന്നുമുതൽ 2026 സെപ്റ്റംബർ 21 വരെയുള്ള കാലയളവിലാണ് മോഷണം നടന്നതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. കോടതിയിലെ തൊണ്ടിമുതലുകൾ നേരത്തെ മറ്റൊരു മുറിയിലാണ് സൂക്ഷിച്ചിരുന്നത്. പുതിയ സൂക്ഷിപ്പു കേന്ദ്രത്തിലേക്ക് മാറ്റിയപ്പോൾ നഷ്ടപ്പെട്ടതാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ, കേസുകൾ അട്ടിമറിക്കാൻ ആസൂത്രിതമായി മോഷ്ടിച്ചതാണോയെന്നും അന്വേഷിക്കും. എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
2016ൽ കൊച്ചിയിലെ ബിസിനസുകാരിയെ ഭീഷണിപ്പെടുത്തി ക്വട്ടേഷൻ സംഘം ആഡംബര കാറുൾപ്പെടെ തട്ടിയെടുത്ത കേസിലെ തൊണ്ടിമുതലാണ് നഷ്ടപ്പെട്ട വാച്ച്. ഇത് വിട്ടുകിട്ടാൻ ബിസിനസുകാരി അപേക്ഷ നൽകുകയും കോടതി അനുവദിക്കുകയും ചെയ്തിരുന്നു. തുടർന്ന് വിട്ടുനൽകാൻ പരിശോധിച്ചപ്പോഴാണ് വാച്ച് കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. വിശദമായി പരിശോധിച്ചപ്പോഴാൾ വാച്ചിന് പുറമെ കൂടുതൽ തൊണ്ടിമുതലുകൾ മോഷണം പോയതായി വ്യക്തമായി. നഷ്ടപ്പെട്ടവ ഏതൊക്കെ കേസുകളിൽ പിടിച്ചെടുത്ത വസ്തുക്കളാണെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

