സവർക്കർ പുരസ്കാരം ഇന്ന് ശശി തരൂരിന് നൽകുമെന്ന് എച്ച്.ആർ.ഡി.എസ്; ഇതെന്ത് അവാർഡെന്ന് തരൂർ, ‘ചടങ്ങിൽ പങ്കെടുക്കില്ല’
text_fieldsന്യൂഡൽഹി: കോൺഗ്രസുമായി ഉടക്കി നിൽക്കുന്ന പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പിക്ക് വിവാദ സംഘ്പരിവാർ അനുകൂല സംഘടനയായ എച്ച്‌ആർഡിഎസ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ സവർക്കർ പുരസ്കാരം ഇന്ന് സമ്മാനിക്കും. അതേസമയം, ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശശി തരൂരിന്റെ ഓഫിസ് അറിയിച്ചു.
ആരാണ് ഈ അവാർഡ് പ്രഖ്യാപിച്ചതെന്ന് തനിക്കറിയില്ലെന്നും ഇങ്ങനെ ഒരവാർഡിനെ കുറിച്ച് താൻ ആദ്യമായാണ് കേൾക്കുന്നതെന്നുമായിരുന്നു ശശി തരൂർ ഇന്നലെ പ്രതികരിച്ചത്. ‘ഈ അവാർഡിന്റെ പ്രസക്തിയെ കുറിച്ച് എനിക്ക് ഒരു പിടുത്തവുമില്ല. എന്തിനാണ് ഈ അവാർഡ് എന്ന് അറിയില്ല. ഞാൻ ഇങ്ങനെ ഒരവാർഡ് സ്വീകരിച്ചിട്ടേ ഇല്ല. അതേക്കുറിച്ച് അന്വേഷിക്കട്ടെ’ -എന്നും തരൂർ പറഞ്ഞു.
കേരളത്തിലടക്കം നിരവധി വിവാദ ഇടപാടുകൾ നടത്തിയ സംഘടനയാണ് അജി കൃഷ്ണൻ എന്നയാൾ നേതൃത്വം നൽകുന്ന എച്ച്‌ആർഡിഎസ് ഇന്ത്യ. നേരത്തെ സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകി ഇവർ വാർത്തയിൽ ഇടംപിടിച്ചിരുന്നു.
ഇന്ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് തരൂരിന് സവർക്കർ പുരസ്‌കാരം സമർപ്പിക്കുക. തരൂർ പങ്കെടുക്കുമെന്ന് ഉറപ്പുനൽകിയതായി എച്ച്‌ആർഡിഎസ് നേതാവ് അജി കൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഓപറേഷൻ സിന്ദൂർ അടക്കമുള്ള വിഷയങ്ങളിൽ തരൂർ സ്വീകരിച്ച നിലപാടിനെ അടിസ്ഥാനമാക്കിയാണ് അവാർഡ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞ് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയും ഗാന്ധിവധക്കേസിൽ പ്രതിചേർക്കപ്പെടുകയുംചെയ്‌ത ഹിന്ദുത്വ തീവ്രവാദിയായ സവർക്കറുടെ പേരിലുള്ള പ്രഥമ പുരസ്‌കാരത്തിന് ഏഴുപേരെയാണ് സംഘടന തെരഞ്ഞെടുത്തത്. ചടങ്ങിൽ ജമ്മു കശ്‌മീർ ലെഫ്. ഗവർണറായ മനോജ് സിൻഹ മുഖ്യാതിഥിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

