വിഴിഞ്ഞം തുറമുഖം; ഇന്ത്യയിലേക്ക് പ്രതിവർഷം ഒഴുകിയെത്തുക കോടികൾ
text_fieldsഇന്ത്യയെ ആഗോള ഷിപ്പിങ് ഹബ്ബാക്കി മാറ്റുന്നതിനുള്ള ആദ്യപടിയായി ആഴക്കടൽ ട്രാൻസ്ഷിപ്മെന്റ് തുറമുഖം കേരളത്തിലെ വിഴിഞ്ഞത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്മെന്റ് തുറമുഖമാണ് വിഴിഞ്ഞത്തേത്. ഒരു കപ്പലിൽ നിന്ന് മറ്റൊന്നിലേക്ക് ചരക്ക് കണ്ടെയ്നറുകൾ മാറ്റുന്ന ടെർമിനലുകളുള്ള തുറമുഖമാണ് ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം. വിഴിഞ്ഞത്തെ ഈ തുറമുഖം വഴി പ്രതിവർഷം രാജ്യത്തേക്ക് ഒഴുകിയെത്താൻ പോകുന്നത് കോടികളാണ്.
എങ്ങനെയെന്നാൽ, രാജ്യത്ത് ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം ഇല്ലാത്തതിനാൽ ഇന്ത്യയുടെ ട്രാൻസ്ഷിപ്പ്മെന്റ് ചരക്കിന്റെ 75 ശതമാനവും ശ്രീലങ്കയിലെ കൊളംബോ, സിംഗപ്പൂർ, യു.എ. ഇ ലെ ജബൽ അലി തുടങ്ങിയ വിദേശ തുറമുഖങ്ങൾ വഴിയാണ് വരുന്നത്. ഇത് ആഭ്യന്തര വ്യാപാരികൾക്ക് കൂടുതൽ ഗതാഗത സമയത്തിനും കാലതാമസത്തിനും കാരണമാകുകയും ഒരു കണ്ടെയ്‌നറിന് 80 മുതൽ 100 ഡോളർ വരെ അധിക ചിലവുണ്ടാക്കുകയും ചെയ്യുന്നു. സ്വന്തം കാർഗോ സർവീസ് നടത്തുന്നതു വഴി പ്രതിവർഷം 220 മില്യൺ ഡോളർ അധിക വരുമാനം നേടാനാണ് രാജ്യത്തിന് സാധിക്കുന്നത്. അതായത് 18,60,68,22,608 രൂപ.
പണത്തിനു പുറമെ ട്രാൻസ്ഷിപ്മെന്റ് കാർഗോ കൈകാര്യം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നത് ഇന്ത്യയുടെ വിതരണ ശൃംഖലകളെ ഭൗമരാഷ്ട്രീയ ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. തുറമുഖം അന്താരാഷ്ട്ര കപ്പൽച്ചാലുകൾക്ക് സമീപം സ്ഥിതി ചെയ്യുന്നതിനാൽ 20,000-ത്തിലധികം കണ്ടെയ്‌നറുകൾ വഹിക്കാൻ ശേഷിയുള്ള വലിയ ചരക്ക് കപ്പലുകൾക്ക് സേവനം നൽകാനും ഇന്ത്യക്ക് സാധിക്കും. തീരത്ത് മണൽ നീക്കം വളരെ കുറവായതിനാൽ പരിപാലന ചെലവ് കുറയുന്നതും തുറമുഖം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

