Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ഡി.എം.എ പോലുള്ള...

എം.ഡി.എം.എ പോലുള്ള സിന്തറ്റിക്ക് ലഹരിക്ക് അടിമയായവരെ എങ്ങനെ തിരിച്ചറിയാം?

text_fields
bookmark_border
No Drugs
cancel

എം.ഡി.എം.എ അടക്കമുള്ള ലഹരി ഉൽപന്നങ്ങളുടെ ഉപഭോഗവും വിൽപനയും നാട്ടിൽ വർധിച്ചു വരികയാണ്. ഇത്തരം ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവർ വീട്ടിലോ, അയൽപക്കത്തോ, കുടുംബത്തിലോ, കൂട്ടുകാരുടെ ഇടയിലോ ഉണ്ടോ എന്ന് കണ്ടെത്തുക ഏറെ ശ്രമകരമാണ്. എന്നാൽ, ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് മുതലുള്ള ഒരാളുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുകയാണ് തോമസ് ചാക്കോ എന്ന ഫേസ്ബുക്ക് അക്കൗണ്ട്. ബിനീഷ് കോടിയേരി പങ്കുവെച്ച ഈ ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

സിന്തറ്റിക്ക് ലഹരി, അഥവാ നാട്ടിൽ MDMA, മെത്ത്, കല്ല് എന്നൊക്കെ അറിയപ്പെടുന്ന ലഹരികൾക്ക് അടിമയായ ഒരാൾ നിങ്ങളുടെ വീട്ടിലോ, അയൽപ്പക്കത്തോ, കുടുംബത്തിലോ, കൂട്ടുകാരുടെ ഇടയിലോ ഉണ്ടെങ്കിൽ എങ്ങനെ നിങ്ങൾക്ക് അവരെ തിരിച്ചറിയാൻ ആവും? എന്റെ അനുഭവത്തിൽ ഞാൻ രണ്ടു യുവാക്കളുടെ കേസിൽ ഇടപെട്ടിട്ടുണ്ട്, അവരെ രണ്ടുപേരെയും റിക്കവർ ആക്കിയിട്ടും ഉണ്ട്, ആ അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.

മേൽ ചോദിച്ച ചോദ്യത്തിന് ഉത്തരം സിന്തറ്റിക്ക് ലഹരി ഉപയോഗിക്കുന്ന ഒരാളുടെ തുടക്കത്തിൽ തന്നെ അയാളുടെ വീട്ടുകാർക്ക് പോലും അയാൾ അത് ഉപയോഗിക്കുന്നു എന്ന് മനസിലാക്കി എടുക്കാൻ സാധിക്കില്ല. ഏറ്റവും അടുത്തവർ പോലും മനസ്സിലാക്കി വരുമ്പോഴേക്കും അയാൾ പൂർണ്ണമായും അതിനു അടിമയായി തീർന്നിരിക്കും. എന്നാൽ കൂടെ സമയം ചിലവഴിക്കുന്നവർക്ക് ലഹരിക്ക് അടിമയായ ആളുകളെ മനസിലാക്കാൻ പറ്റുന്ന പല റിക്കവറി സ്റ്റേജുകൾ / സൂചനകൾ ഉണ്ട്, അതാണ് ഇവിടെ ഏറ്റവും പ്രധാനം.

------

ഒരു യുവാവ് ലഹരി ഉപയോഗിച്ചു തുടങ്ങുന്നത് കൂട്ടുകെട്ടുകളുടെ കൂടെ ആയിരിക്കും, കുറഞ്ഞത് അയാൾക്ക് ആ ലഹരി പരിചയപ്പെടുത്തി കൊടുക്കാനും സംഘടിപ്പിച്ചു കൊടുക്കാനും ഒരാൾ എങ്കിലും അയാളുടെ കൂടെ കാണും, അത് മിക്കവാറും അയാളുടെ കൂട്ടുകാരൻ ആവാം, നാട്ടുകാരൻ ആവാം, അയാൾക്ക് നല്ല പരിചയമുള്ള ആരുമാവാം.

ആദ്യത്തെ ഉപയോഗം ചിലപ്പോൾ രണ്ടാമത്തെയും മൂന്നാമത്തെയും ഉപയോഗം മിക്കവാറും ഫ്രീ ആയിരിക്കും, അതിനു വേണ്ടി ആ യുവാവ് കാശ് മുടക്കേണ്ടി വരില്ല, ലഹരി ഉപയോഗിക്കുന്ന കൂട്ടുകാരന്റെ / പരിചയക്കാരന്റെ / ഏജന്റിന്റെ വക ആയിരിക്കും ആ സമ്മാനം. എന്നാൽ പിന്നീട് അങ്ങോട്ട് ഇതിനു വേണ്ടി കാശ് സ്വന്തം കയ്യിൽ നിന്ന് ചിലവായി തുടങ്ങും ഇതാണ് അയാളെ തിരിച്ചറിയാനുള്ള ഒന്നാമത്തെ ലക്ഷണം!

------

ലഹരിക്ക് അടിമായായി തുടങ്ങിയ യുവാവിന്റെ കയ്യിൽ പണം തികയാതെ വരും, അവർ വീട്ടിൽ നിന്നും പരിധിയിൽ കവിഞ്ഞു പണം ആവശ്യപെട്ടു തുടങ്ങും, കൂട്ടുകാരുടെ അടുത്ത് നിന്നൊക്കെ കടം വാങ്ങാൻ തുടങ്ങും, വീട്ടിലെ സ്വർണ്ണം എടുക്കും, പെണ്ണുങ്ങളെ കൊണ്ട് പണയം വയ്പ്പിക്കും, ക്രെഡിറ്റ്‌ കാർഡിൽ ഒക്കെ ലോൺ എടുക്കും, ബാങ്കിൽ ബാധ്യത ആക്കും, ജോലി ചെയ്യുന്ന യുവാവ് ആണെങ്കിൽ ആ ജോലിയും അതിന്റെ ശമ്പളവും മതിയാകാതെ വരും, വീട്ടിൽ എല്ലാ സൗകര്യവുമുള്ള ഗൾഫിൽ നിന്നും മാസം പണം കൃത്യമായി വരുന്ന കുടുംബത്തിലെ അംഗമാണെങ്കിൽ അവനു പണത്തിനു ചിലപ്പോൾ കുറവൊന്നും കാണില്ല. ഈ അമിത ചിലവിനു അവർ പല ന്യായികാരണങ്ങളും നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കും, അവരുടെ ആവശ്യം അടുത്ത ഡോസ് ലഹരി വാങ്ങിക്കാനുള്ള പണം നേടുക എന്നത് മാത്രമാണ്.

പണം കിട്ടാതെ ആയാൽ അവർ വൈലന്റ് ആയേക്കും, ചിലപ്പോൾ മോഷ്ടിക്കും, ചിലപ്പോൾ പണത്തിനു വേണ്ടി നിയമം ലംഘിച്ചു പലതും ചെയ്യാൻ തയ്യാറായെക്കും, ഈ അവസരം മുതലാക്കി ലഹരി വിൽക്കുന്ന ഏജന്റ് ഇയാളെ അവരുടെ രാക്കറ്റിൽ പെടുത്താൻ നോക്കും, അവർക്ക് ഇതിൽ നിന്ന് തന്നെ വരുമാനം ഉണ്ടാക്കാം എന്ന് അവരെ ബോധിപ്പിച്ചു ഉപയോഗത്തിനൊപ്പം അവരെ ലഹരിയുടെ ഏജന്റു ആക്കി മാറ്റാനും സാധ്യത വളരെ കൂടുതൽ ആണ്.

കാരണം സിന്തറ്റിക്ക് ലഹരിക്ക് കാശ് കൂടുതൽ വേണം, ലഹരിക്ക് അടിമായ ഒരു യുവാവിന്റെ അടുത്ത പ്രശ്നം പണം ആയിരിക്കും, അവന്റെ പിന്നീടുള്ള ജീവിതം എങ്ങനെയും പണം നേടണം എന്ന ലക്ഷ്യം വച്ചുള്ളതാവും. അടുത്ത് ഇടപെഴുകുന്നവർക്ക് ഇയാളെ മനസ്സിലാക്കാനുള്ള ആദ്യത്തെ ഒരു വഴി അയാളുടെ പണത്തിനോടുള്ള ആവശ്യവും അതിന്റെ ചിലവഴിക്കലും വഴിയാണ്.

------

സിന്തറ്റിക്ക് ലഹരിക്ക് പൂർണമായി അടിമയായി കഴിഞ്ഞാൽ അഥവാ സ്ഥിരമായി ഉപയോഗിച്ച് തുടങ്ങിയാൽ അയാളുടെ സ്വഭാവത്തിൽ കൃത്യമായ മാറ്റങ്ങൾ പ്രകടമാകും, ഒരിക്കലും അയാൾക്ക് പഴയ മനുഷ്യനായി തുടരാനോ ഒരു സാധാരണ സ്വഭാവം വച്ചു പുലർത്താനോ സാധിക്കില്ല. അത് പോലെ സിന്തറ്റിക്ക് ലഹരിക്ക് അടിമായവരുടെ സ്വഭാവം മിക്കപ്പോഴും ഒരുപോലെ ആയിരിക്കും. ഞാൻ ഇടപെട്ട രണ്ടു കേസിലും പിന്നീട് അവരുടെ റിഹാബിറ്റേഷനുമായി പോയപ്പോൾ അവിടെ ഉള്ള ഇതേ അവസ്ഥയുള്ള മറ്റു യുവാക്കളുടെ സ്വഭാവം നേരിട്ട് കണ്ടപ്പോളും അവരോട് കാര്യങ്ങൾ സംസാരിച്ചു മനസ്സിലാക്കിയപ്പോഴും എനിക്ക് മനസ്സിലായത് ഇവർക്ക് എല്ലാവർക്കും ഒരേ പോലുള്ള സ്വഭാവ വൈക്യല്യങ്ങൾ / സവിശേഷതകൾ പ്രകടമായി എന്നതാണ്.

ഞാൻ ഇടപെട്ട രണ്ടു കേസിലും, ഞാൻ നേരിട്ട് സംസാരിച്ച ഏതാണ്ട് പത്തോളം മറ്റു യുവാക്കളുടെ കേസിലും ആ യുവാക്കളും അവരുടെ വീട്ടുകാരും പറഞ്ഞ ഇവരുടെ സ്വഭാവത്തെ കുറിച്ചുള്ള കാര്യങ്ങൾ തമ്മിൽ 90% കാര്യങ്ങളും ഒരുപോലെ ആയിരുന്നു. ലഹരി സ്ഥിരമായി ഉപയോഗിച്ച് തുടങ്ങിയാൽ ഇവർക്ക് ഉണ്ടാവുന്ന ഒരു മാറ്റം അവരുടെ ഉറക്കവുമായി ബന്ധപ്പെട്ടാണ്, ലഹരി ഉപയോഗിച്ച ശേഷം ഇവർ ഒരു രാത്രിയും അടുത്ത പകലും മുഴുവൻ ഉറങ്ങാതെ ഹൈപ്പർ ആക്റ്റീവ് ആയി നിന്നേക്കും, എന്നാൽ മറ്റു ചിലപ്പോൾ അടുത്ത ഒരു രാവും പകലും മുഴുവൻ ബോധംകെട്ട വിധം കിടന്ന് ഉറങ്ങുകയും ചെയ്യും. ഇതിന്റെ ഇടയിൽ ചിലപ്പോൾ അവർക്ക് ഭക്ഷണം പോലും വേണ്ടി വരില്ല.

------

ലഹരിക്ക് അടിമയായി കഴിയുന്ന ഒരാൾക്ക് പിന്നീട് ഉണ്ടാവുന്ന ഒരു സ്വഭാവ വ്യത്യാസം സംശയം ആയിരിക്കും. സ്വന്തം മാതാവ് മുതൽ കാമുകി അനിയൻ സുഹൃത്ത് നിങ്ങൾ അവരുടെ ആരുമാവട്ടെ, അവർ നിങ്ങളെ സംശയിച്ചു തുടങ്ങും, നിങ്ങളുടെ സംസാരത്തിൽ അവരോടുള്ള ഇടപെടലിൽ എല്ലാം നിങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ചില കാര്യങ്ങൾ അവർ കണ്ടെത്തും, അവർ നിങ്ങളോട് ആകാരണമായി തർക്കിക്കും, വഴക്ക് കൂടും, പൊട്ടിതെറിക്കും. ഈ സ്റ്റേജ്ജ് ഒന്ന് കൂടെ കഴിഞ്ഞാൽ, ഇവർക്ക് നിങ്ങളോടുള്ള സംശയത്തിന്റെ ലെവൽ മാറും.

ഉദാഹരണത്തിനു സ്വന്തം അമ്മ നൽകുന്ന ഭക്ഷണം ഇവർ കഴിക്കാൻ കൂട്ടാക്കില്ല, അതിൽ വിഷം ഉണ്ടെന്ന് ആരോപിക്കും, എന്നാൽ ചിലപ്പോൾ അതെ ഭക്ഷണം കുറച്ചു കഴിഞ്ഞാൽ കഴിച്ചെന്നു വരും, അല്ലെങ്കിൽ മറ്റൊരാൾ കൊണ്ട് കൊടുത്താൽ കഴിക്കും, ചിലപ്പോൾ കഴിക്കുന്ന ഭക്ഷണം എടുത്ത് ദൂരെ കളയും, വീട്ടിൽ നിന്നോ സ്ഥിരമായി കഴിക്കുന്ന ഇടത്ത് നിന്നോ കഴിക്കാതെ ആവും, എന്നാൽ ലഹരി ഇറങ്ങുമ്പോൾ നോർമൽ ആവുകയും സാധാരണ പോലെ അവിടുന്ന് തന്നെ കഴിക്കുകയും ചെയ്യും.

ഭക്ഷണം, വെള്ളം അങ്ങനെ പലതിനോടും ഈ സംശയം നീണ്ടു തുടങ്ങും, അത് പിന്നീട് മറ്റു കാര്യങ്ങളിലേക്കും കടക്കും. അതായത് ഇവർ ഇവർക്ക് ചുറ്റിലും ഒരു സംശയത്തിന്റെ സാഹചര്യം എപ്പോഴും നിലനിർത്തി തുടങ്ങും, അവരെ ആരോ ഫോളോ ചെയുന്നു എന്ന സംശയം, അവരുടെ മൊബൈൽ ആരോ ട്രാക്ക് ചെയ്യുന്നു എന്ന സംശയം, അവരെ ആരോ നിരീക്ഷിക്കുന്നു എന്ന സംശയം.

ഉദാ: സ്വന്തം റൂമിലോ വീട്ടിലോ ഉള്ള വസ്തുക്കളെ വരെ ഇവർ സംശയിച്ചു തുടങ്ങും, AC യുടെ ഉള്ളിൽ അല്ലേൽ വീട്ടിൽ ഇരിക്കുന്ന എന്തെങ്കിലും വസ്തുവിന്റെ ഉള്ളിൽ കാമറ ഉണ്ടെന്നും തന്നെ നിരീക്ഷിക്കുന്നുണ്ട് എന്നും, തന്റെ ഫോൺ ആരോ ഹാക്ക് ചെയ്തു നോക്കുന്നുണ്ട് എന്നും ഒക്കെ ഇവർക്ക് തോന്നി തുടങ്ങും. ആരോ തന്നെ പിന്തുടരുന്നുണ്ട് എന്നും, നടക്കുമ്പോഴും ഇരിക്കുംമ്പോഴും ഒക്കെ ഇവരുടെ പിറകിലും ചുറ്റിലും കുറെ ആൾക്കാർ ഇവരെ പിന്തുടരുന്നതായും ഒക്കെ തോന്നും.

------

അടുത്ത ഘട്ടം കുറച്ചു കൂടെ കൊമ്പ്ലികേറ്റഡ് ആണ്, ലഹരിക്ക് നന്നായി അടിമയായ ശേഷമുള്ള അവസ്ഥ. ഇവിടെ അയാൾ ഇല്ലാത്ത കാര്യങ്ങൾ കാണും, ഒറ്റയ്ക്ക് സംസാരിക്കും, ചിലപ്പോൾ മതപരമായ സൂക്തങ്ങൾ ഉരുവിടും ദൈവവും പ്രവാചകന്മാരും ഒക്കെയായി അവർ സംസാരിച്ചു എന്ന് വരെ വരും. ഈ സ്റ്റേജിൽ ഇവർക്ക് ഇടയിൽ പൊതു അല്ലാത്ത പലതരം സ്വഭാവങ്ങൾ കാണുവാൻ ഇടയുണ്ട്. ഉദാ: അയാൾ ഒരു ഇസ്ലാം മത "വിശ്വാസി" ആണെങ്കിൽ അയാൾ ഇസാനബി മൂസാനബി ഒക്കെ ആയി സംസാരിക്കുന്ന സ്റ്റേജിൽ ഒക്കെ കാര്യങ്ങൾ എത്തും, അയാളുടെ ബാല്യം അയാളുടെ കൗമാരം, അയാളുടെ മതം, ജീവിത സാഹചര്യം ഒക്കെ അനുസരിച്ചു ഇതിൽ മാറ്റം വരും. പക്ഷെ അവരോരു മത/ദൈവ വിശ്വാസി ആണെങ്കിൽ പ്രകടമായി തന്നെ അയാളുടെ മതവും വിശ്വാസവുമായും അതുമായി ബന്ധപ്പെട്ടതുമായ ലക്ഷണങ്ങൾ കാണിക്കും.

ഞാൻ ഇടപെട്ട രണ്ടു കേസിലും ഈ ഒരു ഘട്ടത്തിലാണ് വീട്ടുകാർക്ക് ഇവന് എന്തോ പ്രശ്നം ഉണ്ടെന്ന് മനസ്സിലായത്, എന്നാൽ അവർ മനസ്സിലാക്കിയത് ഇവന് എന്തോ മാനസിക പ്രശ്നം ഉണ്ടെന്ന് മാത്രമാണ്, കാരണം ഇവന്റെ സ്വഭാവത്തിൽ മതം ഒരു വിഷയമായി കയറി വന്നു, എന്നാൽ അപ്പോഴും അവർക്ക് ഇതിന്റെ ഒക്കെ ട്രിഗർ/കാരണം ലഹരി ആണെന്ന് മനസിലാക്കാൻ സാധിച്ചിരുന്നില്ല.

മാനസികമായി എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലാക്കിയാലും മിക്കപ്പോഴും ഈ സ്റ്റേജിൽ കുടുംബം ശാസ്ത്രീയമായി ചികിത്സ നൽകാൻ ശ്രമിക്കാതെ മതപരമായി ഇതിന് പരിഹാരം കാണാം ശ്രമിക്കും, അല്ലെങ്കിൽ അവർ ഇത് പുറത്ത് അറിയാതെ വീട്ടിലോ കുടുംബത്തിലോ മൂടിവയ്ക്കാൻ ശ്രമിക്കും. കാര്യങ്ങൾ പക്ഷെ അവിടെ നിൽക്കില്ല, അപ്പോഴേക്കും അയാൾ സ്വയം ഒരു തിരിച്ചു വരവിനു സാധിക്കാത്ത വിധം പൂർണ്ണമായും ലഹരിക്ക് അടിമയായി കഴിഞ്ഞിരിക്കും.

------

അവസാന ഘട്ടം ലഹരിക്ക് അടിമായ അയാൾ അക്രമകാരി ആവുന്നതാണ്. ലഹരിക്കുള്ള പണം കിട്ടാതെ ആവുമ്പോൾ സ്വന്തം അമ്മയെ തന്നെ ഉപദ്രവിക്കും, തള്ളി താഴെ ഇടും, വീട്ടു ഉപകരണങ്ങൾ തകർക്കും, എങ്ങനെയും ലഹരി ഉപയോഗിക്കുക എന്നതാവും ഒരേഒരു ലക്ഷ്യം. അതിനെ എതിർക്കുന്നവരെ ആക്രമിക്കും. ഈ സ്റ്റേജ് എത്തുമ്പോഴേക്ക് വീട്ടുകാർക്ക് ഏകദേശം മനസ്സിലായി കാണും ഇവൻ ലഹരിക്ക് അടിമ ആണെന്ന്, അല്ലെങ്കിൽ അയാൾ തന്നെ അത് തുറന്ന് പറഞ്ഞു എന്നിരിക്കും. ആ ഘട്ടം മുതൽ വീട്ടുകാർ അയാളെ എതിർത്ത് തുടങ്ങും, അവിടുന്ന് അയാൾ അക്രമം കാണിച്ചു തുടങ്ങും, അത് വളരെ ലൈറ്റ് ആയിട്ടുള്ള അക്രമങ്ങൾ ആവാം വളരെ ക്രൂരമായ അക്രമങ്ങൾ ആവാം. ഏറ്റവും അടുത്ത മനുഷ്യരോട് ആവാം, മുൻപിലുള്ള വസ്തുക്കളോട് ആവാം ചിലപ്പോൾ സ്വന്തം ശരീരത്തോട് തന്നെയാവാം.

ഉദാ: ഏതാണ്ട് രണ്ടു വർഷം മുൻപ് കണ്ണൂർ / കാസർകോട് ഭാഗത്ത് നിന്നൊരു ന്യൂസ് സ്ഥലം കൃത്യമായി ഓർമ ഇല്ല) പേപ്പർ കട്ടിങ് ഉൾപ്പെടെ വായിച്ചത് ഇങ്ങനെ ആണ്. വീട്ടുകാർ വിവാഹത്തിന് പോയ സമയം നോക്കി ലഹരിക്ക് അടിമായ ഒരു യുവാവ് അവന്റെ വീട്ടിലെ മുഴുവൻ ടൈൽ/മാർബിൾ എല്ലാം കുത്തി പൊളിച്ചു ആ വീടിന്റെ നിലം മുഴുവൻ കിളച്ചു മറിച്ചു ഇട്ട ന്യൂസ്. (നിങ്ങളിൽ ചിലരെങ്കിലും ഓർക്കുന്നുണ്ടാവും / കണ്ടു കാണും)

ഈ അവസ്ഥയിൽ ഒന്നുകിൽ കാര്യങ്ങൾ കൈവിട്ടു പോയെന്ന് മനസ്സിലാക്കി കുടുംബം എങ്ങനെ എങ്കിലും അയാളെ റിഹാബ് ചെയ്തു രക്ഷപ്പെടുത്താൻ ശ്രമിക്കും, ചിലപ്പോൾ അത് വിജയിക്കും മറ്റു ചിലപ്പോൾ ഇത് ഒരു ചോര കളിയിലും കൊലയിലും പോലീസ് കേസിലും ഒക്കെ അവസാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmasynthetic drugs
News Summary - How to identify people who are addicted to synthetic drugs like MDMA?
Next Story