എസ്.ഐ.ആർ കരടിൽ പേരുണ്ടോ...? എങ്ങനെ പരിശോധിക്കാം
text_fieldsതിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെ സമഗ്രവോട്ടർപട്ടിക പുതുക്കൽ അഥവാ സ്പെഷൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) കരട് പട്ടിക ചൊവ്വാഴ്ച വൈകുന്നേരത്തോടെ പ്രസിദ്ധീകരിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന എന്യൂമറേഷൻ ഫോം സമർപ്പിക്കൽ നടപടികൾക്കൊടുവിൽ ബി.എൽ.ഒ മാർ വഴി സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.ആർ കരട് വോട്ടർ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ്, ആപ്പ് വഴിയും പ്രിന്റഡ് കോപ്പികൾ വഴിയും പ്രസിദ്ധീകരിച്ചത്.
സംസ്ഥാനത്തെ വോട്ടർമാർ പട്ടിക പരിശോധിച്ച് തങ്ങളുടെ പേര് ഉണ്ടോ എന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു ഖേൽകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആകെ 2,54,42,352 (2.54കോടി) വോട്ടര്‍മാരാണ് കരട് പട്ടികയിലുള്ളത്. 24.08 ലക്ഷം വോട്ടർമാർ പട്ടികയിൽ നിന്നും പുറത്തായി. മരിച്ചവര്‍ (6,49,885), കണ്ടെത്താനാകാത്തവർ (6,45,548), സ്ഥലം മാറിയവര്‍ (8,21,622), ഒന്നിലേറെ തവണ പേരുള്ളവർ (136,029) എന്നിങ്ങനെയാണ് പട്ടികയിൽ നിന്ന് പുറത്താവയരുടെ സ്ഥിതി വിവര കണക്കുകൾ.
എങ്ങനെ പരിശോധിക്കാം
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ കൈവശമുള്ള അച്ചടിച്ച കോപ്പി വഴിയും വോട്ടർമാർക്ക് കരട് പട്ടിക പരിശോധിക്കാവുന്നതാണ്.
- voters.eci.gov.in/download-eroll?stateCode=S11 -എന്ന ലിങ്ക് വഴി വിവരങ്ങൾ നൽകി ബൂത്ത് തല പട്ടികയുടെ പി.ഡി.എഫ് ഡൗൺലോഡ് ചെയ്ത് പരിശോധന നടത്താം. ജില്ല, അസംബ്ലി എന്നിവ നൽകിയ ശേഷം, നിയമസഭാ മണ്ഡലത്തിലെ പോളിങ് ബൂത്ത് ലിസ്റ്റ് തെരഞ്ഞെടുത്ത ശേഷം കാപ്ച നൽകി ഡൗൺലോഡ് ചെയ്യാം.
https://electoralsearch.eci.gov.in/uesfmempmlkypo
-എന്ന ലിങ്ക് വഴി എപിക് നമ്പർ (ഏറ്റവും പുതിയ വോട്ടർ ഐ.ഡി നമ്പർ/എന്യൂമറേഷൻ ഫോമിൽ മുകളിലായി പ്രിന്റ് ചെയ്ത EPIC നമ്പർ) എന്നിവ നൽകി പരിശോധിക്കാവുന്നതാണ്. എപിക് നമ്പർ, പേര്, വയസ്സ്, ബന്ധുവിന്റെ പേര്, സംസ്ഥാനം, ജില്ല, നിയോജക മണ്ഡലം, ഭാഗം, പോളിങ് ബൂത്ത്, ക്രമനമ്പർ എന്നിവ സഹിതം വിശദാംശങ്ങൾ അറിയാം. മൊബൈൽ നമ്പർ, സേർച്ച് ഡീറ്റയിൽസ് (പേര്, ജനനതീയതി, ബന്ധുവിന്റെ പേര്, വയസ്സ്, അസംബ്ലി വിവരങ്ങൾ എന്നിവ നൽകിയും) വഴിയും പരിശോധിക്കാം.
മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in/voters-corner ലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet മൊബൈൽ ആപ്പ് വഴിയും പട്ടിക പരിശോധിക്കാം.
നീക്കം ചെയ്ത പട്ടിക പരിശോധിക്കാം.
കരട് പട്ടികയിൽ നിന്നും നീക്കം ചെയ്ത വോട്ടർമാരുടെ പേരുകൾ പരിശോധിക്കാൻ https://order.ceo.kerala.gov.in/sir/search/index ലിങ്ക് വഴി സാധ്യമാവും. ബി.എൽ.ഒമാർ നൽകിയ നീക്കിവയുടെ പേരും കാരണവും (മീറ്റിങ് മിനുട്സ്), എപിക് നമ്പർ നൽകി പരിശോധിക്കൽ തുങ്ങിയ സൗകര്യവും ഉണ്ട്.
പേരില്ലെങ്കിൽ എന്തു ചെയ്യാം
കരട് പട്ടികയിൽ പേരില്ലെങ്കിൽ ആശങ്കപ്പെടാനില്ല. പേര് ചേർക്കാൻ ഇനിയും സമയമുണ്ട്.
കരട് പട്ടികയിൽ പേരില്ലാത്തവർക്ക് ആക്ഷേപങ്ങളും പരാതികളും ഡിസംബർ 23 ചൊവ്വാഴ്ച മുതൽ തന്നെ സമർപ്പിക്കാം. ജനുവരി 22 വരെയാണ് ഇതിനുള്ള സമയം. കരട് പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനും പരാതികൾ നൽകാവുന്നതാണ്. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്.
എന്യൂമറേഷൻ ഘട്ടത്തിൽ ഫോം സമർപ്പിക്കാൻ കഴിയാത്ത ‘കണ്ടെത്താനാകാത്തവരുടെ’ പട്ടികയിലുള്ളവർക്ക് ഡിക്ലറേഷനും ഫോം 6 ഉം നൽകാം. ഇതേ സമയപരിധിയിൽ തന്നെ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകിയവരിൽ മതിയായ വിവരങ്ങൾ നൽകാത്തവർക്ക് ഇ.ആർ.ഒമാർ നോട്ടീസ് നൽകും. മൂന്ന് തലത്തിലുള്ള ഹിയറിങ് പൂർത്തിയാക്കി ശേഷം മാത്രമാവും ഒരു വോട്ടറെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത്.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഫോം 6, പ്രവാസി വോട്ടർമാർക്ക് പേര് ചേർക്കാൻ ഫോം 6 A, ഒഴിവാക്കാൻ ഫോം 7, സ്ഥലംമാറ്റത്തിന് ഫോം 8 എന്നിവ വഴി ഇനി അപേക്ഷ നൽകാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എല്ലാ ഫോമുകളും ഓൺലൈനിലും, ബി.എൽ.ഒ മാർ വശവും ലഭിക്കും. അപേക്ഷകളോടൊപ്പം ഡിക്ലറേഷൻ ഫോമും സമർപ്പിക്കണം. ഹിയറിങ് ഉൾപ്പെടെ തുടർ നടപടികൾക്കായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇ.ആർ.ഒ മാരുടെ തീരുമാനത്തിനെതിതെ 15ദിവസത്തിനുള്ളിൽ ജില്ലാ കളക്ടർ മുമ്പാകെ അപ്പീൽ നൽകാം. ജില്ലാ കളക്ടറുടെ തീരുമാനത്തിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിലും അപ്പീൽ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

