നാവുകൊണ്ട് എത്ര പെട്ടെന്നാണ് ചിലർ 300 വീട് നിർമിച്ചത് - വിഡി. സതീശനെ പരിഹസിച്ച് മന്ത്രി കെ. രാജൻ
text_fieldsകല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിലെ 400ല്‍ 300 വീടും കോണ്‍ഗ്രസിന്റെ കണക്കില്‍പ്പെട്ടതാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വാദത്തില്‍ പരിഹാസവുമായി മന്ത്രി കെ. രാജന്‍. നാവുകൊണ്ട് എത്ര പെട്ടെന്നാണ് ചിലര്‍ 300 വീട് നിര്‍മിച്ചതെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ് സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കർണാടക സർക്കാർ നൽകിയ 10 കോടി രൂപ രാഷ്ട്രീയ പാർട്ടിയുടെ കണക്കിൽ പെടുത്താവുന്നതല്ല എന്നും മന്ത്രി പറഞ്ഞു. 2019നുശേഷം കേരള സര്‍ക്കാര്‍ ഒഡിഷക്ക് പത്ത് കോടിയും അസമിന് രണ്ടുകോടിയും നല്‍കി. 2023-24ല്‍ ഹിമാചല്‍ പ്രദേശിന് ഏഴ് കോടി നല്‍കി. ഗജ ചുഴലിക്കാറ്റുണ്ടായപ്പോള്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 18.86 കോടി രൂപ നല്‍കി.
ഇതൊന്നും ആ സര്‍ക്കാരുകള്‍ക്ക് ഏതെങ്കിലും പാര്‍ട്ടി കൊടുത്ത തുകയല്ലെന്നും കെ. രാജന്‍ പറഞ്ഞു. മുണ്ടക്കൈ ദുരന്തത്തില്‍ തമിഴ്നാട്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ അഞ്ചുകോടി വീതവും ആന്ധ്ര സര്‍ക്കാര്‍ പത്തുകോടിയും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാദമുണ്ടാക്കാൻ താൽപര്യമില്ലെന്നും എന്നാൽ സർക്കാരിന്‍റെ നെഞ്ചത്ത് കയറുമ്പോൾ പലതും പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
'300 വീട് പണിയുക അത്ര എളുപ്പമുള്ള കാര്യമല്ല, നാവുകൊണ്ടാണെങ്കിലും. കര്‍ണാടക സര്‍ക്കാര്‍ നല്‍കിയത് 10 കോടി രൂപയാണ്. ഇതുകൊണ്ട് നിര്‍മിക്കാവുന്നത് 50 വീടാണ്. അത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ വരവല്ല. 50 വീട് പിന്നീട് നൂറായി പറഞ്ഞുകേട്ടു. ലീഗ് നിര്‍മിക്കുന്ന നൂറ് വീട്. പിന്നെ എന്നെങ്കിലും പണിയണമെന്ന് മനസില്‍ ആലോചിക്കുന്ന നൂറ് വീട്. അപ്പോള്‍ മുന്നൂറായി. 410ല്‍ ബാക്കിയുള്ള വീടുകള്‍ നിര്‍മിക്കാന്‍ 750 കോടി വേണോയെന്നൊക്കെ ചോദിച്ചാല്‍ എന്താണ് അതിനുത്തരം പറയുക' മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ വിവാദത്തിന് ഇല്ലെന്നും അനാവശ്യമായി വിവാദമുണ്ടാക്കുമ്പോര്‍ പലരും പറയേണ്ടിവരും, മാധ്യമങ്ങള്‍ എന്തെങ്കിലും ചോദ്യം ചോദിക്കുമ്പോള്‍ സര്‍ക്കാരിന്റെ നെഞ്ചത്ത് കയറുകയാണ്. എത്ര എം.എൽ.എമാരും എം.പിമാരും ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്‍കിയെന്ന് വിവരാവകാശംവച്ച് ചോദിച്ചവര്‍ക്കൊക്കെ കൊടുത്തിട്ടുണ്ട്. ഇതെല്ലാം സഭയില്‍ വെക്കാന്‍ തയ്യാറാണ്. കുറ്റം പറഞ്ഞവരെല്ലാം ടൗണ്‍ഷിപ്പില്‍ പണികള്‍ നന്നായി നടക്കുന്നുണ്ടെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

