Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അന്നത്തെ ആഘോഷങ്ങൾ...

‘അന്നത്തെ ആഘോഷങ്ങൾ മൂപ്പെത്താതെ...’; കേരളത്തി​െൻറ കോവിഡ്​ വ്യാപനം വിശദീകരിച്ച്​ ബി.ബി.സി

text_fields
bookmark_border
‘അന്നത്തെ ആഘോഷങ്ങൾ മൂപ്പെത്താതെ...’; കേരളത്തി​െൻറ കോവിഡ്​ വ്യാപനം വിശദീകരിച്ച്​ ബി.ബി.സി
cancel

ന്യൂഡൽഹി: ലോകരാജ്യങ്ങളിൽ കോവിഡ്​ പ്രതിരോധത്തിലെ മികച്ച മാതൃക എന്ന കേരള മോഡൽ വാഴ്​ത്തിപ്പാടൽ മൂപ്പെത്താതെയായിരുന്നുവെന്ന്​ അന്തർ ദേശീയ മാധ്യമമായ ബി.ബി.സി. ഒരു ഘട്ടത്തിൽ കേരളത്തിലെ കോവിഡ്​ വ്യാപനനിരക്ക്​ വൻതോതിൽ കുറച്ചുകൊണ്ടുവരികയും എണ്ണത്തിൽ ആദ്യം നിന്നിരുന്ന കേരളം പിന്നീട്​ മറ്റു സംസ്​ഥാനങ്ങളെ പിന്തള്ളി ഗ്രാഫ്​ കുത്തനെ കുറക്കുകയും ചെയ്​തിരുന്നു. ഇതോടെ കോവിഡിനെ പിടിച്ചുകെട്ടിയെന്ന ആത്മവിശ്വാസവും കേരള ജനതക്ക്​ കൈവന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്​ചയായി കാര്യങ്ങൾ കൈവിട്ടു. വൻതോതിൽ പ്രവാസികളുടെ ഒഴു​ക്കും ഇതര സംസ്​ഥാനങ്ങളിൽനിന്നുള്ള മലയാളികളുടെ തിരിച്ചുവരവുമുണ്ടായ ഘട്ടത്തിൽ കനത്ത ജാഗ്രത പുലർത്തേണ്ടിയിരുന്നു. എന്നാൽ ആ ഘട്ടത്തിൽ ലോക്​ഡൗണിൽ ഏർപ്പെടുത്തിയ ഇളവും നിയന്ത്രണങ്ങളുടെ അയവും കേരളത്തിൻെറ സ്​ഥിതി പരിതാപമാക്കിയെന്നും ബി.ബി.സി പറയുന്നു. 

ഇന്ത്യയിൽ ആദ്യം കോവിഡ്​ സ്​ഥിരീകരിച്ച സംസ്​ഥാനം കേരളമായിരുന്നു. ജനുവരിയിൽ ചൈനയിലെ വുഹാനിൽനിന്ന്​ മടങ്ങിയെത്തിയ വിദ്യാർഥിനിക്കായിരുന്നു രോഗം കണ്ടെത്തിയത്​. വിമാനത്താവളത്തിലടക്കം കർശന പരിശോധനയും സ്​ക്രീനിങ്ങും നടത്തുകയും കർശന ക്വാറൻറീൻ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്​തതോടെ രോഗംനേരത്തേ ക​ണ്ടെത്താൻ കഴിയുകയും വ്യാപനമില്ലാതാക്കാൻ സാധിക്കുകയും ചെയ്​തു. പിന്നീട്​ വിദേശത്തുനിന്ന്​ മടങ്ങിയെത്തുന്നവരെ കർശന പരിശോധനക്ക്​ വിധേയമാക്കിക്കൊണ്ടിരുന്നു. കേരളത്തിൽ കോവിഡ്​ ബാധിതരുടെ എണ്ണം ആയിര​ത്തിലെത്താൻ 110 ദിവസം വേണ്ടിവന്നു. സമ്പർക്കവ്യാപനം ഉണ്ടാകാതിരിക്കാൻ കർശന മുൻകരുതലുകൾ സ്വീകരിച്ചതിൻെറ ഫലമായിരുന്നു അത്​. 

എന്നാൽ, കഴിഞ്ഞ ഒരാഴ്​ചയായി കാര്യങ്ങൾ നിയ​ന്ത്രിക്കാൻ കഴിയാത്തത്​ കേരള ജനതയെ ഭയപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്​. ജൂലൈ പകുതിയിൽ 800ഓളം പേർക്ക്​ ഒറ്റദിവസം കോവിഡ്​ സ്​ഥിരീകരിച്ചു. ഇതിൽ ഭൂരിഭാഗവും സമ്പർക്കം മൂലവും. ജൂലൈ 20വരെ 12000 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുകയും 43 മരണം റിപ്പോർട്ട്​ ചെയ്യുകയും ചെയ്​തു. 1,70,000പേർ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലു​ം കഴിയുന്നു. 

രാജ്യത്ത്​ ആദ്യമായി സാമൂഹിക വ്യാപനം നടന്നുവെന്ന്​ സർക്കാർ അംഗീകരിച്ചത്​ തിരുവനന്തപുരത്തെ പൂന്തുറയും പുല്ലുവിളയുമായി മാറി. അറബിക്കടലിനോട്​ ചേർന്നുകിടക്കുന്ന പൂന്തുറയിൽ മത്സ്യത്തൊഴിലാളികളാണ്​ ഭൂരിഭാഗംപേരും. 4000ത്തോളം കുടുംബങ്ങൾ ഇവിടെ കഴിയുന്നു. സാമൂഹിക വ്യാപനം സ്​ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ ട്രിപ്പിൾ ലോക്​ഡൗണും ഏർപ്പെടുത്തി. ജനങ്ങൾക്ക്​ പുറത്തിറങ്ങാൻ കഴിയുന്നില്ല. അവശ്യ സർവിസുകൾ ഒഴികെ മറ്റൊന്നും രണ്ടാഴ്​ചയായി ഇവിടെ പ്രവർത്തിക്കുന്നില്ല. സമീപത്തെ മത്സ്യമാർക്കറ്റിൽനിന്നാണ്​ 100ഓളം പേർക്ക്​ ഇവിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​. ജൂലൈ രണ്ടാംവാരം സമ്പർക്കവ്യാപനം കുത്തനെ ഉയരുകയും 200ൽ അധികംപേർക്ക്​ തിരുവനന്തപുരം ജില്ലയിൽ ഒറ്റദിവസം കോവിഡ്​ സ്​ഥിരീകരിക്കുന്ന സാഹചര്യവുമുണ്ടായി. 

‘ജനങ്ങൾ ആശങ്കയിലാണ്​. മിക്കവരും നിരീക്ഷണത്തിലാണ്​. എന്താണ്​ അവരിൽ ഇത്ര പെട്ടന്ന്​ പ്രഹരമേൽപ്പിച്ചതെന്ന്​ അവർക്ക്​ ഇതുവരെ മനസിലായിട്ടില്ല’ പ്രദേശത്തെ പള്ളിവികാരി ഫാദർ ബെബിൻസൺ പറയുന്നു. കേരളത്തിൽ രോഗബാധിതരുടെ എണ്ണത്തിൽ കുതിപ്പ്​ തുടരാൻ പോകുന്നതേയുള്ളൂവെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം. 

​പ്രവാസികളും മറ്റു സംസ്​ഥാനങ്ങളിൽ ജോലിചെയ്യുന്ന മലയാളികളുമായി അഞ്ചു​ല​ക്ഷത്തോളം പേരാണ്​ കേരളത്തിലേക്ക്​ മടങ്ങി​െയത്തിയത്​. മിക്കവരും തൊഴിൽ നഷ്​ടവും ബിസിനസ്​ അടച്ചുപൂട്ടിയുമാണ്​ നാട്ടിലേക്ക്​ മടങ്ങിയത്​. കേരളത്തിലെ ജനസംഖ്യയിൽ 17 ശതമാനവും മറ്റു സംസ്​ഥാനങ്ങളിലും വിദേശങ്ങളിലും തൊഴിലെടുക്കുന്നവരാണ്​. മടങ്ങിയെത്തിയവരിൽ ഇതുവരെ 7000 ത്തോളം പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 

‘ലോക്​ഡൗൺ ഇളവുകൾ എടുത്തുകളഞ്ഞതോടെ വൻതോതിൽ മലയാളികൾ കേരളത്തിലേക്ക്​ മടങ്ങി. ഇതോടെ രോഗവ്യാപനം തടയുന്നത്​ അസാധ്യമായ’തായി തിരുവനന്തപുരം എം.പിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായ ശശി തരൂർ പറയുന്നു. ഒരു ഘട്ടത്തിൽ രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ വിദേശത്തുനിന്നെത്തുന്ന വൈറസ്​ ബാധിതർ സഹയാത്രികർക്കും രോഗം പകർന്നുനൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ആശങ്ക അറിയിച്ചതായി ശശി തരൂർ കൂട്ടിച്ചേർത്തു. ‘എന്നാൽ ഇത്​ ഒഴിവാക്കാനാകില്ല. സ്വന്തം രാജ്യത്തേക്ക്​ മടങ്ങിവരാൻ രോഗമുണ്ടെങ്കിൽപോലും എല്ലാവർക്കും ഭരണഘടനപരമായ അവകാശമുണ്ട്​. എന്നാൽ ഇത്​ വലിയ മാറ്റമുണ്ടാക്കി’ -ശശി തരൂർ പറയുന്നു. 

കഴിഞ്ഞ ഞായറാഴ​്​ച രോഗം സ്​ഥിരീകരിച്ച 821 പേരിൽ 640ഉം സമ്പർക്കം വഴിയായിരുന്നു. ഇതിൽ 43 കേസുകളുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത്​ ആശങ്ക വർധിപ്പിക്കുന്നതായും ബി.ബി.സി റി​പ്പോർട്ട്​ ചെയ്​തു. ലോക്​ഡൗൺ ഇളവുകൾ ജനം ആഘോഷമാക്കുകയായിരുന്നു. ചെറിയ കാര്യങ്ങൾക്ക്​പോലും മാസ്​ക്​ ധരിക്കാതെ പുറത്തിറങ്ങാൻ തുടങ്ങി. ലോക്​ഡൗൺ ലംഘിച്ചതിൻെറ പേരിൽ കേസുകൾ കൂടി. 

മറ്റു സംസ്​ഥാനങ്ങളെ അപേക്ഷിച്ച്​ കേരളത്തിലെ പരിശോധനകളുടെ എണ്ണം താരതമ്യേന വളരെ കുറവാണെന്ന ആരോപണം ഉയരുന്നതായും ബി.ബി.സി ചൂണ്ടിക്കാട്ടുന്നു. ആന്ധ്രപ്രദേശ്​, തമിഴ്​നാട്​, ഡൽഹി എന്നിവിടങ്ങളിലാണ്​ ഏറ്റവും കൂടുതൽ പേർക്ക്​ കോവിഡ്​ പരിശോധന നടത്തുന്നതെന്നാണ്​​ കണക്കുകൾ. പരിശോധനകളുടെ എണ്ണം അപര്യാപ്​തമാണെന്നും ഇനിയും എണ്ണം ഉയർത്തണമെന്നും എറണാകുളം മെഡിക്കൽ കോളജ്​ അത്യാഹിത വിഭാഗം മേധാവി ഡോ. എ. ഫത്താഹുദ്ദീൻ പറയുന്നു. 

ഇന്ത്യയിൽ മറ്റു സംസ്​ഥാനങ്ങളെ അപേക്ഷിച്ച്​ കേരളം മികച്ച സേവനമാണ്​ നടത്തുന്നതെന്നാണ്​ എല്ലാ വിദഗ്​ധരും വിശ്വസിക്കുന്നത്. പോസിറ്റീവാകുന്നവരുടെ എണ്ണം നോക്കു​േമ്പാൾ ഇവിടത്തെ മരണനിരക്ക്​ കുറവാണ്​. ആശുപത്രികളിൽ അടിയന്തര സാഹചര്യമോ തള്ളിക്കയ​റ്റമോ നിലവിലില്ല. പൊതുജനാരോഗ്യ സംവിധാനംശക്തമായതും കേരളത്തിലാണ്​. കോവിഡിൻെറ ഗ്രാഫ്​ കുറക്കുക എന്നത്​ ദീർഘനാൾ ആവശ്യമായ പരിശ്രമം വേണ്ട ​ജോലിയാണെന്നും വിദഗ്​ധർ പറയുന്നു. 

Show Full Article
TAGS:covid 19 kerala covid bbc 
News Summary - How Keralas Covid success story came undone BBC Report -Kerala news
Next Story