യു.എ.ഇയിലെ ജോലി: പൊലീസ് ക്ലിയറൻസിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍
text_fieldsയു.എ.ഇ യില്‍ ജോലി തേടുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. യു.എ.ഇ യില്‍ ജോലി തേടുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
മാര്‍ഗനിര്‍ദ്ദേശങ്ങള്‍
1. അപേക്ഷയും വ്യവസ്ഥകളും കേരള പൊലീസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2. അപേക്ഷിക്കുന്ന വ്യക്തി ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ അപേക്ഷ സമര്‍പ്പിക്കണം.
3. അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകള്‍ ഹാജരാക്കണം.
മേല്‍വിലാസവും ജനനത്തീയതിയും തെളിയിക്കുന്നതിന് റേഷന്‍കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, എസ്.എസ്.എല്‍.സി. ബുക്ക് എന്നിവയിലേതെങ്കിലും
സര്‍ട്ടിഫിക്കറ്റ് എന്താവശ്യത്തിനാണെന്നതിനു തെളിവായുള്ള കത്ത് /രേഖ ഉണ്ടെങ്കില്‍ അവ,
പാസ്‌പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാണെങ്കില്‍ അത്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
4. 500 രൂപയാണ് അപേക്ഷാ ഫീസ്
5. പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍/ സ്റ്റേഷന്‍ റൈറ്റര്‍ അപേക്ഷാ ഫീസ് സ്വീകരിച്ച് ടി.ആര്‍.5 രസീതു നല്‍കുന്നതാണ്
6. അപേക്ഷ സ്വീകരിച്ച് മൂന്നു ദിവസത്തിനുള്ളില്‍ ആവശ്യമായ പരിശോധനകള്‍ക്കു ശേഷം ബാധകമായ കാലയളവിലേക്ക് എസ്.എച്ച്.ഒ ഒപ്പിട്ട് തന്‍റെ ഔദ്യോഗിക സീല്‍ പതിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.
ഇ-മെയില്‍ വഴിയും അപേക്ഷിക്കാം
1. അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട എസ്.എച്ച്.ഒ.ക്ക് ആവശ്യമായ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നതിന് നാട്ടിലുള്ള ഏതെങ്കിലും വ്യക്തിയെ അധികാരപ്പെടുത്തിയ കത്തും ഉള്‍പ്പെടെ ഇ-മെയിലായി അപേക്ഷിക്കാം.
2. എസ്.എച്ച്.ഒ മാരുടെ ഇ-മെയില്‍ ഐഡി ഔദ്യോഗിക വെബ്‌സൈറ്റിലും കേരള പോലീസിന്‍റെ രക്ഷ മൊബൈല്‍ ആപ്പിലും ലഭ്യമാണ്.
3. അപേക്ഷകന്‍ അധികാരപ്പെടുത്തുന്ന വ്യക്തിയുടെ തിരിച്ചറിയല്‍ രേഖകള്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്ന സമയത്ത് തിരിച്ചറിയുന്നതിനായി ഹാജരാക്കണം.
4. ആവശ്യമായ പരിശോധനകള്‍ക്കുശേഷം എസ്.എച്ച്.ഒ. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അപേക്ഷകന്‍ അധികാരപ്പെടുത്തിയ വ്യക്തിക്കു നല്കുന്നതാണ്.
5. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് ഫോട്ടോ പതിക്കാത്ത പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആയിരിക്കും ലഭിക്കുക.
6. അപേക്ഷകന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമെങ്കില്‍ ഈമെയിലിലും ലഭ്യമാകും. ഇതിനായി ആവശ്യപ്പെട്ടാല്‍ എസ്.എച്ച്.ഒ. യുടെ ഒപ്പോടുകൂടിയ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്‍റെ പി.ഡി.എഫ്. കോപ്പി അപേക്ഷകന്‍റെ ഇ-മെയിലിലേക്ക് എസ്.എച്ച്.ഒയുടെ മെയിലില്‍ നിന്നും അയച്ചുനല്‍കുന്നതാണ്. ഇതിനായി നാട്ടിലുള്ള എതെങ്കിലും വ്യക്തി മുഖാന്തിരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്.
പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം സ്‌പെഷ്യല്‍ ബ്രാഞ്ച് മുഖേന അപേക്ഷകനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതാണ്. അന്വേഷണത്തില്‍ അസ്വഭാവികമായി എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ ആ വിവരം യു.എ.ഇ എംബസിയെ അറിയിക്കുന്നതാണ്.
യു.എ.ഇയില്‍ ജോലി തേടുന്നവര്‍/വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കാണ് പുതിയ നിര്‍ദേശങ്ങള്‍ ബാധകം. മറ്റു രാജ്യങ്ങളിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇപ്പോള്‍ നിലവിലുള്ള രീതി തന്നെ പിന്തുടരണം. എന്നാല്‍ ഇവയ്ക്കുള്ള ഫീസ് ഇനിമുതല്‍ 500 രൂപയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
